ന്യൂഡൽഹി: ഭൂമിയുടെ 'ഫ്രിഡ്‌ജ്" എന്നറിയപ്പെടുന്ന ഉത്തര ധ്രുവത്തിലൂടെ പറക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നു. ന്യൂഡൽഹിയിൽ നിന്ന് ഉത്തര ധ്രുവത്തിലൂടെയുള്ള (പോളാർ റീജിയൺ) എയർ ഇന്ത്യയുടെ ആദ്യ വിമാനം സ്വാതന്ത്ര്യ ദിനമായ ആഗസ്‌റ്റ് 15ന് ന്യൂഡൽഹിയിൽ നിന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിലേക്ക് പറക്കും.
സമയവും ഇന്ധനവും ലാഭിക്കാമെന്നതാണ് ഈ റൂട്ടിലൂടെ പറക്കുന്നതിന്റെ മെച്ചം. നിലവിൽ എയർ ഇന്ത്യക്ക് സാൻഫ്രാൻസിസ്‌കോയിലൂടെ ന്യൂഡൽഹിയിൽ നിന്ന് പ്രതിദിന സർവീസുണ്ട്. അറ്റ്‌ലാൻഡിക് - പസഫിക് റൂട്ടുകളിലൂടെയാണ് ഈ യാത്രകൾ. പോളാർ റീജിയണിലൂടെ പറക്കുമ്പോൾ ന്യൂഡൽഹി-സാൻഫ്രാൻസിസ്‌കോ യാത്രാ സമയം 14.5 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായി കുറയും. ഓരോ സർവീസിലും 2,000 മുതൽ 7,000 കിലോമീറ്റർ വരെ യാത്രയ്ക്കുള്ള ഇന്ധനം ലാഭിക്കുകയും ചെയ്യും.
വിമാനത്തിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ 21,000 കിലോഗ്രാം വരെ കുറയുമെന്നതും നേട്ടമാണ്. ബോയിംഗ് 777 വിമാനമാണ് എയർ ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്. 300 യാത്രക്കാരെ ഉൾക്കൊള്ളും. ക്യാപ്‌റ്റൻ രജ്‌നീഷ് ശർമ്മ, ക്യാപ്‌റ്റൻ ദിഗ്‌വിജയ് സിംഗ് എന്നിവരാണ് വിമാനം നിയന്ത്രിക്കുക. 2007ലും എയർ ഇന്ത്യയുടെ ഒരു വിമാനം പോളാർ റീജിയൺ വഴി പറന്നിരുന്നു.