air-india-

ന്യൂഡൽഹി: ഭൂമിയുടെ 'ഫ്രിഡ്‌ജ്" എന്നറിയപ്പെടുന്ന ഉത്തര ധ്രുവത്തിലൂടെ പറക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നു. ന്യൂഡൽഹിയിൽ നിന്ന് ഉത്തര ധ്രുവത്തിലൂടെയുള്ള (പോളാർ റീജിയൺ)​ എയർ ഇന്ത്യയുടെ ആദ്യ വിമാനം സ്വാതന്ത്ര്യ ദിനമായ ആഗസ്‌റ്റ് 15ന് ന്യൂഡൽഹിയിൽ നിന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിലേക്ക് പറക്കും.

സമയവും ഇന്ധനവും ലാഭിക്കാമെന്നതാണ് ഈ റൂട്ടിലൂടെ പറക്കുന്നതിന്റെ മെച്ചം. നിലവിൽ എയർ ഇന്ത്യക്ക് സാൻഫ്രാൻസിസ്‌കോയിലൂടെ ന്യൂ‌ഡൽഹിയിൽ നിന്ന് പ്രതിദിന സർവീസുണ്ട്. അറ്റ്‌ലാൻഡിക് - പസഫിക് റൂട്ടുകളിലൂടെയാണ് ഈ യാത്രകൾ. പോളാർ റീജിയണിലൂടെ പറക്കുമ്പോൾ ന്യൂഡൽഹി-സാൻഫ്രാൻസിസ്‌കോ യാത്രാ സമയം 14.5 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായി കുറയും. ഓരോ സർവീസിലും 2,​000 മുതൽ 7,​000 കിലോമീറ്റർ വരെ യാത്രയ്ക്കുള്ള ഇന്ധനം ലാഭിക്കുകയും ചെയ്യും.

വിമാനത്തിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ 21,​000 കിലോഗ്രാം വരെ കുറയുമെന്നതും നേട്ടമാണ്. ബോയിംഗ് 777 വിമാനമാണ് എയർ ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്. 300 യാത്രക്കാരെ ഉൾക്കൊള്ളും. ക്യാപ്‌റ്റൻ രജ്‌നീഷ് ശർമ്മ,​ ക്യാപ്‌റ്റൻ ദിഗ്‌വിജയ് സിംഗ് എന്നിവരാണ് വിമാനം നിയന്ത്രിക്കുക. 2007ലും എയർ ഇന്ത്യയുടെ ഒരു വിമാനം പോളാർ റീജിയൺ വഴി പറന്നിരുന്നു.