ലണ്ടൻ: പ്രീമിയർ ലീഗിൽ പുതിയ സീസണിലെ ആദ്യ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്രർ യുണൈറ്രഡ് ചെൽസിയെ ഗോൾ മഴയിൽ മുക്കി. മാഞ്ചസ്റ്ററിന്റെ തട്ടകമായ ഒാൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്രർ ചെൽസിയെ തകർത്തുവിട്ടത്. പെനാൽറ്രിയിൽ നിന്നുൾപ്പെടെ മാർക്കസ് റാഷ്ഫോർഡ് നേടിയ ഇരട്ട ഗോളുകളും ആന്റണി മാർട്ടിയാൽ യുവതാരം ഡാനിയൽ ജയിംസ് എന്നിവർ നേടിയ ഗോളുകളുമാണ് സീസൺ മികച്ച രീതിയിൽ തുടങ്ങാൻ സോൾഷ്യർക്കും സംഘത്തിനും തുണയായത്.
അതേസമയം പരിശീലകനായി അരങ്ങേറിയ ചെൽസി ഇതിഹാസം ഫ്രാങ്ക് ലാംപാർഡിന് സീസണിലെ ആദ്യ മത്സരം കയ്പേറിയതായി.
1965നുശേഷം ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡ് ചെൽസിക്കെതിരെ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയായി ഇത്.
മത്സരത്തിന്റെ 18-ാം മിനിറ്റിൽത്തന്നെ പെനാൽറ്രിയിലൂടെ യുണൈറ്റഡ് ലീഡ് നേടി.
പന്തുമായി ചെൽസി ബോക്സിലേക്ക് ഓടിക്കയറിയ റാഷ്ഫോർഡിനെ തടയാനുള്ള ശ്രമത്തിനിടെ ചെൽസി പ്രതിരോധതാരം ക്യാറ്റ് സൗമ നടത്തിയ ഫൗളിനാണ് റഫറി യുണൈറ്രഡിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്. വാർ പരിശോധിനയ്ക്കു ശേഷമായിരുന്നു റഫറിയുടെ തീരുമാനം.
കിക്കെടുത്ത റാഷ്ഫോർഡ് വലയുടെ ഇടത്തേ ഭാഗത്തേക്ക് പന്ത് സുരക്ഷിതമായി എത്തിക്കുകയായിരുന്നു.
തുടർന്ന് ചെൽസി ആക്രമണം കനപ്പിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഒന്നാം പകുതിയിൽ പിന്നീട് ഗോൾ പിറന്നതുമില്ല.
65ാ-ം മിനിറ്റിൽ കൗണ്ടർ അറ്രാക്കിംഗിലൂടെയാണ് യുണൈറ്രഡ് രണ്ടാം ഗോൾ നേടിയത്. റെക്കാഡ് തുകയ്ക്ക് ടീമിലെത്തിയ പ്രതിരോധ താരം ഹാരി മഗ്യൂറാണ് ഗോളിലേക്കുള്ള തുടക്കമിട്ടത്.
മഗ്യൂർ നൽകിയ പന്ത് ജെസി ലിംഗാർഡ് ആന്ദ്രെ പെരേരയ്ക്കു നൽകി. പെരേര ബോക്സിലേക്കു നൽകിയ കൃത്യതയാർന്ന ക്രോസ് മാർഷ്യൽ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു.രണ്ടു മിനിറ്റിനകം യുണൈറ്രഡ് കൗണ്ടറിലൂടെ വീണ്ടും സ്കോർ ഉയർത്തി. പോൾ പോഗ്ബയുടെ പാസിൽ നിന്നും റാഷ്ഫോർഡായിരുന്നു സ്കോർ ചെയ്തത്.
മത്സരത്തിന്റെ 81-ാം മിനിറ്റിൽ പോഗ്ബ നൽകിയ പാസിൽ നിന്ന് ജയിംസ് തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ യുണൈറ്റഡിനായി കന്നി ഗോൾ നേടി പട്ടിക പൂർത്തിയാക്കി.