kkk
അലീനയുടെ മൃതദേഹം കണ്ടെടുക്കുന്നു

എടക്കര: ഒരു കട്ടിലിൽ ഒന്നിച്ച് കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ ഉരുൾപൊട്ടലിലൂടെ മരണം കവർന്നെടുത്ത അലീനയുടെയും അനഘയുടെയും അവസാന യാത്രയും ഒരുമിച്ചായി. ഇരുവരെയും ഭൂദാനം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിലാണ് അടക്കം ചെയ്തത്.

സഹോദരപുത്രിമാരായ ഇവർ കെട്ടിപ്പിടിച്ച് ഒരു കട്ടിലിൽ കിടന്നുറങ്ങുമ്പോഴാണ് ഉരുൾപൊട്ടലുണ്ടായത്. മണ്ണിടിഞ്ഞപ്പോൾ അനഘയെ വലിച്ചു കയറ്റി. കോൺക്രീറ്റ് പാളികൾ വീണ് ഗുരുതരമായി പരിക്കേറ്റ അനഘയെ പക്ഷേ, ചികിത്സിക്കാൻ പോലും വഴിയുണ്ടായിരുന്നില്ല. അനഘയുടെ മരണം വൈകാതെ സ്ഥിരീകരിച്ചു. പക്ഷേ, അലീന അപ്പോഴും മണ്ണിനടിയിലായിരുന്നു. മണ്ണ് വീണ് വീടാകെ മൂടിപ്പോയിരുന്നു. വീട്ടിലെ മറ്റു ആറ് പേരെയും രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തകർക്ക് കയറാൻ കഴിയാതിരുന്നിട്ടും, ആളുകൾ പൂണ്ട് പോകുന്ന, ആറടി താഴ്ചയുള്ള മണ്ണിൽ പിതാവ് വിക്ടർ നടത്തിയ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം ഹൃദയഭേദകമായ കാഴ്ചയായിരുന്നു തുടർന്നാണ് രക്ഷാപ്രവർത്തകരും പിന്നാലെയെത്തി അലീനയെ പുറത്തെടുത്തത്. കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. രാത്രി എട്ടിന് ദുരന്തം ഉണ്ടാകുമ്പോൾ അലീന ഒഴികെ കുടുംബത്തിലെ എല്ലാവരെയും രക്ഷപ്പെടുത്താനായെങ്കിലും അനഘയുടെ മുകളിലേക്ക് സ്ലാബ് വന്ന് വീഴുകയായിരുന്നു. എന്നാൽ അനഘയെ മുത്തച്ഛൻ വലിച്ചെടുത്തു. പരിക്കേറ്റ അനഘയെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. അലീനയുടെ മൃതദേഹം കിട്ടുന്നത് വരെ അനഘയുടെ മൃതദേഹം സംസ്‌കരിക്കാതെ വീട്ടുകാർ കാത്തിരുന്നു. അലീനയെ കൂടി കണ്ടെടുത്തതോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഒരുമിച്ച് കിടന്നുറങ്ങിയ അനഘയും അലീനയും അവസാനയാത്രയിലും ഒരുമിച്ചായി.