police-arest

തിരുവല്ല: ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകൾക്ക് അടിവസ്ത്രങ്ങൾ ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട പൊതുപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല നഗരസഭാ വനിത കൗൺസിലറുടെ പരാതിയിൽ ദളിത് ആക്റ്റിവിസ്റ്റായ രഘു ഇരവിപേരൂരിനെയാണ് അറസ്റ്റ് ചെയ്തത്. ക്യാമ്പിലെ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചു എന്നാണ് രഘുവിനെതിരെയുള്ള പരാതി. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ ദുരുദ്ദേശപരമായ ഒന്നുമുണ്ടായിരുന്നില്ലെന്നുമെന്ന് രഘു പ്രതികരിച്ചു.

സ്ത്രീകളുടെ അന്തസിന് കോട്ടംതട്ടുന്ന വിധത്തിൽ എന്താണ് ചെയ്തതെന്ന് അറിയില്ല. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തന സമയത്ത് പരിചയമുള്ള കൗൺസിലറാണ് പരാതി നൽകിയതെന്നും രഘു പറഞ്ഞു. ക്യാമ്പിലേക്ക് ഭാര്യയും താനുമായി പോയിരുന്നു. ക്യാമ്പിലുള്ള സ്ത്രീകൾക്ക് അടിവസ്ത്രങ്ങൾ വേണമെന്ന് ഭാര്യയുടെ സുഹൃത്താണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും രഘു വ്യക്തമാക്കി.

പ്രദേശത്തെ ദളിത് ആദിവാസി പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന പ്രവർത്തകനാണ് രഘു. ഇന്നലെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇപ്പോൾ കേസിന്റെ പിറകെ പോകുന്നില്ലെന്നും തന്റെ സഹായം കുറച്ച് പേർക്ക് ആവശ്യമാണെന്നും അതിന് ശേഷം കേസിന്റെ സ്ഥിതിഗതികൾ നോക്കാമെന്നും രഘു പറഞ്ഞു.