my-home

ആലപ്പുഴ: നല്ല ഒരു മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന ഭൂപ്രകൃതിയാണ് ആലപ്പുഴയുടെത്. അപ്പോൾ പ്രളയം വന്നലുള്ള അവസ്ഥയോ. കഴിഞ്ഞ കൊല്ലം ആലപ്പുഴ നേരിട്ടതും അത്തരമൊരു അനുഭവമാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ആലപ്പുഴയിലെ മിക്ക വീടുകളും വെള്ളത്തിനിടിയിലായിരുന്നു. എന്നാൽ ഇത്തവണ അങ്ങനെയായിരുന്നില്ല സ്ഥിതി. വെള്ളം പൊങ്ങിയപ്പോള്‍ ചില വീടുകളെങ്കിലും അതിനെ അതിജീവിച്ചു. അതിലൊന്നാണ് ചെറുതന ചെറുവള്ളിത്തറയിൽ ഗോപാലകൃഷ്ണന്റെ വീട്.

കഴിഞ്ഞവർഷത്തെ പ്രളയത്തിൽ ഗോപാലകൃഷ്ണന് വീട് നഷ്ടമായിരുന്നു. നിർമാണത്തിലെ പ്രത്യേകത കൊണ്ടാണ് ഗോപാലകൃഷ്ണന്റെ വീട് ഇത്തവണ വെള്ളപ്പൊക്കത്തെ തോല്‍പിച്ചത്.

താഴ്ന്ന പ്രദേശങ്ങളിൽ വീട് തറനിരപ്പിൽനിന്ന് ഉയർത്തി നിർമ്മിക്കുന്ന രീതിയാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പാണ് വീട് നിർമ്മിച്ചു നൽകിയത്. ഇനിയൊരു പ്രളയമോ വെള്ളപ്പൊക്കമോ ഉണ്ടായാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ളതാകണം കേരളത്തിന്റെ പുനർനിർമ്മാണം എന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ വീട് നിർമ്മിക്കുന്നത്.


കെയർ ഹോം പദ്ധതിയിലുൾപ്പെടുത്തി സഹകരണ വകുപ്പ് നിർമ്മിച്ചു നൽകുന്ന 2040 വീടുകളിൽ 1800ഓളം വീടുകൾ ഇതുവരെ നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കെയർ ഹോം രണ്ടാം ഘട്ടമായി കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായവർക്കായി 2000 ഫ്‌ളാറ്റുകള്‍ നിർമ്മിച്ചു നൽകുന്ന പദ്ധതിയും സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു വരികയാണ്.

ഇതേക്കുറിച്ച് ദുരന്തനിവാരണ അതോറിട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

ചെറുതന ചെറുവള്ളിത്തറയിൽ ശ്രീ.ഗോപാലകൃഷ്ണന്റെ വീടാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീട് നഷ്ടമായ ഗോപാലകൃഷ്ണനും കുടുംബത്തിനും സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമിച്ചു നൽകുകയായിരുന്നു. ഇനിയൊരു പ്രളയമോ വെള്ളപ്പൊക്കമോ ഉണ്ടായാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതാകണം കേരളത്തിന്റെ പുനർനിർമാണം എന്ന ബഹു: മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്തരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ ഉയർത്തി നിർമിക്കുന്നത്. ഇപ്പോഴത്തെ മഴയിലും ഗോപാലകൃഷ്ണന്റെ വീടിനു സമീപം വെള്ളം കയറി. പക്ഷെ ഗോപാലകൃഷ്ണനും കുടുംബവും അവരുടെ സ്വന്തം വീട്ടിൽ സുരക്ഷിതരാണ്. ഇത് ഒരു ഗോപാലകൃഷ്ണന്റെ മാത്രം കഥയല്ല. പത്തനംതിട്ട- ആലപ്പുഴ ജില്ലകളിൽ നിരവധി വീടുകളാണ് ഇത്തരത്തിൽ പുനർനിർമിച്ചിരിക്കുന്നത്.

കെയർ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് നിർമിച്ചു നൽകുന്ന 2040 വീടുകളിൽ 1800ഓളം വീടുകൾ ഇതുവരെ നിർമാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. കെയർ ഹോം രണ്ടാം ഘട്ടമായി കഴിഞ്ഞ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടമായവർക്കായി 2000 ഫ്‌ളാറ്റുകൾ നിർമിച്ചു നൽകുവാനുള്ള പദ്ധതിയും സഹകരണ വകുപ്പ് ആവിഷ്കരിച്ചു വരികയാണ്. കേരളത്തിന്റെ പുനർനിർമാണം വെറുതെയങ്ങ് നടത്തുകയല്ല കേരള സർക്കാർ. ഇനി ഒരു ദുരന്തത്തെ കൂടി നേരിടാൻ പ്രാപ്തമാക്കിക്കൊണ്ടാണ് കേരളത്തിന്റെ പുനർനിർമാണം നടത്തുന്നത്.