തിരുവനന്തപുരം: രക്ഷാ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ലിനുവിന് ആദരവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ. കോഴിക്കോട് ചെറുവണ്ണൂർ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും രക്ഷപ്രവർത്തനത്തിന് പുറപ്പെട്ട ലിനു മരണത്തിന് കീഴടങ്ങുകയായിരുന്നു. നമുക്കു വേണ്ടി ജീവൻ ത്യജിച്ച ആ പോരാളിയുടെ ധീരതയെ ആദരിക്കണമെന്നും ശ്രീകുമാർ മേനോൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഏറെ സങ്കടപ്പെടുത്തുന്നതാണ് ലിനുവിന്റെ ത്യാഗം.
വെള്ളപ്പൊക്കത്തിൽ നിന്നും കോഴിക്കോട് ചെറുവണ്ണൂരിലെ ആശ്വാസ ക്യാംപിൽ അമ്മയ്ക്കും അച്ഛനുമൊപ്പം അഭയം തേടിയ ലിനു പക്ഷെ, സ്വന്തം ജീവൻ രക്ഷപെട്ടല്ലോ എന്നോർത്ത് സമാധാനിക്കുകയല്ല ചെയ്തത്. 34 വയസുള്ള ആ സഹോദരൻ, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാൻ പോയവർക്കൊപ്പം ചേർന്നു. രക്ഷാപ്രവർത്തകനായി. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ട ഭാഗത്തായിരുന്നു ലിനുവും സംഘവും രക്ഷാപ്രവർത്തനം നടത്തിയത്. പലരുടെയും ജീവൻ രക്ഷിച്ച് ആ സംഘം മടങ്ങിയപ്പോൾ ലിനുവിന്റെ ജീവൻ ത്യജിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
നിപ്പയുടെ കാലത്ത് ലിനി!
പ്രളയത്തിൽ ലിനു!
രണ്ട് മഹത്തായ ജീവത്യാഗങ്ങൾ കോഴിക്കോട് നിന്ന് എന്ന യാദൃശ്ചികത കൂടുതൽ സങ്കടപ്പെടുത്തുന്നു.
ജീവൻ മറന്ന് രക്ഷാപ്രവർത്തനം നടത്തുന്ന സഹോദരങ്ങളേ... പ്രിയ ലിനു... പ്രാർത്ഥിക്കുന്നു.
ലിനുവിന്റെ അമ്മ ലതയും അച്ഛൻ സുബ്രഹ്മണ്യനും നമ്മുടേത് കൂടിയാണ്. നമുക്കു വേണ്ടി ജീവൻ ത്യജിച്ച ആ പോരാളിയുടെ ധീരതയ്ക്ക് ഹൃദയത്താൽ സല്യൂട്ട്- രാജ്യം ലിനുവിന്റെ ധീരതയെ ആദരിക്കണം.