തിരുവനന്തപുരം: ഗതാഗത തിരക്കേറിയ തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ മാസങ്ങൾക്ക് മുമ്പാരംഭിച്ച ഓട നിർമ്മാണം ഇതുവരെ പൂർത്തിയായില്ല. ഇക്കാരണത്താൽ മഴക്കാലമായതോടെ കച്ചവടക്കാരും യാത്രക്കാരും ദുരിതത്തിലായി. ശക്തമായ മഴ പെയ്യുമ്പോഴൊക്കെ ഇവിടം തോടുപോലെയാകുകയാണ്. പരിചയമില്ലാത്തവർ വാഹനമോടിച്ചുവന്നാൽ ഓടയിൽ വീഴും. എപ്പോഴും വെള്ളക്കെട്ടുണ്ടാകുന്ന ഇവിടത്തെ പ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരമുണ്ടായിട്ടുമില്ല.
നഗരസഭയുടെ അമൃത് പദ്ധതി പ്രകാരം എട്ടുമാസം മുമ്പ് ആരംഭിച്ച ഓട നിർമ്മാണമാണ് പകുതിപോലും പൂർത്തിയാക്കാതെ യാത്രക്കാരെ വലയ്ക്കുന്നത്. തമ്പാനൂരിൽ നിന്നും സെക്രട്ടേറിയറ്റ് ഭാഗത്തേക്കുള്ള പ്രധാന റോഡായ എസ്.എസ് കോവിൽ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനാണ് അമൃത് പദ്ധയിലുൾപ്പെടുത്തി ഓട നിർമ്മിക്കുന്നത്.
എസ്.എസ് കോവിൽ റോഡിൽ തുടങ്ങി ശ്രീകുമാർ തിയേറ്ററിന് സമീപത്ത് കൂടി സെവൻഹിൽസ് ഹോട്ടലിന്റെ ഭാഗത്ത് ആമയിഴഞ്ചാൻ തോട്ടിൽ അവസാനിക്കും വിധമാണ് ഓടയുടെ നിർമ്മാണം. റോഡിന്റെ ഒരുവശം ചേർന്നാണ് ഓട നിർമ്മിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് നിർമ്മാണത്തിന് അനുമതി ലഭിച്ചതെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയായപ്പോഴേക്കും ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമായി. ഇത് നിർമ്മാണത്തെ മൂന്നുമാസത്തോളം വൈകിച്ചു.
ഫലപ്രഖ്യാപന ശേഷം നിർമ്മാണം തുടങ്ങിയെങ്കിലും കാലവർഷം തടസമായി. ഓടയ്ക്കായി റോഡിന്റെ വശങ്ങൾ ആഴത്തിൽ കുഴിക്കേണ്ടതുണ്ട്. പരിസരത്തെ വീടുകൾക്കും കടകൾക്കുമുള്ള വാട്ടർ കണക്ഷനുകളും വഴിയരികിലെ പോസ്റ്റുകളും ഇലക്ട്രിക് കേബിളുകളും നീക്കം ചെയ്യുന്നതനുസരിച്ച് മാത്രമേ നിർമ്മാണം പൂർത്തിയാക്കാനാകൂ.
റോഡിന്റെ തുടക്കഭാഗം ഒരുവശം റോഡ് തുരന്നിട്ട നിലയിലാണ്. ഓട പൂർത്തിയാകുന്നിടത്ത് സ്ഥാപിക്കാനുള്ള സ്ളാബുകളും റോഡിൽ ഇറക്കിവച്ചിരിക്കുകയാണ്. പൈപ്പുകളും കേബിളുകളും മാറ്റിസ്ഥാപിക്കാൻ നേരിടുന്ന കാലതാമസമാണ് ഓട നിർമ്മാണം ഇഴയാൻ കാരണം. റോഡിന്റെ ഒരുവശം പാർക്കിംഗിനായി ഉപയോഗിക്കുന്ന ഇവിടെ ഓട നിർമ്മാണം കാരണം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനും സംവിധാനമില്ലാതായി. ഓണത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ വരും ദിവസങ്ങളിൽ ഇതുവഴിയുള്ള യാത്ര കൂടുതൽ ക്ളേശകരമാകും. ഓണത്തിന് മുമ്പ് ഓട നിർമ്മാണം പൂർത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
കേബിളുകളും വാട്ടർ കണക്ഷനുകളും നീക്കുന്നതിനനുസരിച്ച് മാത്രമേ ഓട നിർമ്മാണം നടത്താൻ കഴിയൂ. കുടിവെള്ള കണക്ഷനുകൾ പുനഃസ്ഥാപിക്കാതെ നിർമ്മാണം നടത്തിയാൽ കൂടുതൽ പ്രതിഷേധത്തിനിടയാക്കും. എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാരനോടും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
എം.വി.ജയലക്ഷ്മി, തമ്പാനൂർ വാർഡ് കൗൺസിലർ