തിരുവനന്തപുരം : പ്രകൃതിദുരന്ത ബാധിതർക്ക് കൈത്താങ്ങായി അവശ്യസാധാനങ്ങൾ എത്തിക്കുന്നതിന് നിർണായക പങ്കുവഹിക്കുന്ന നഗരസഭയിൽ നിന്ന് ഇതിനോടകം 14 ലോഡ് സാധാനങ്ങൾ കയറ്റി അയച്ചു. മൂന്നു ദിവസം കൊണ്ട് കളക്ഷൻ ഹബ്ബായി മാറിയ നഗരസഭയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ദുരിതം പേറുന്നവരുടെ കണ്ണീരൊപ്പാൻ രാപ്പകലില്ലാതെ പണിയെടുക്കുന്ന യുവജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ വരവ് ആവേശമായി. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് പിണറായി വിജയൻ എത്തിയത്. വായനാട്ടിലേക്ക് സാധനങ്ങളുമായി പോകാൻ സജ്ജമായിരുന്ന രണ്ട് ലോറികൾ അദ്ദേഹം ഫ്ളാഗ് ഒാഫ് ചെയ്തു. തുടർന്ന് നഗരസഭയ്ക്ക് പുറത്തും അകത്തും യുവജനങ്ങൾ കൂട്ടമായി പണിയെടുക്കുന്ന ഇടങ്ങളിലെത്തിയ അദ്ദേഹം പ്രവർത്തനങ്ങൾ വിലയിരുത്തി.
കൗൺസിലർ ഐ.പി.ബിനുവിന്റെ നേതൃത്വത്തിലാണ് വയനാട്ടിലേക്ക് രണ്ടു ലോഡ് സാധനങ്ങൾ കൊണ്ടുപോയത്. തുടർന്ന് നിലമ്പൂർ, ഇടുക്കി എന്നിവിടങ്ങിലേക്കും സാധനങ്ങൾ അയച്ചു.
നഗരസഭ കളക്ഷൻ സെന്റർ തുറന്ന ശേഷം ആദ്യം ശനിയാഴ്ച രാത്രി രണ്ട് ലോഡ് സാധനങ്ങൾ വയനാട് മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിലേക്കാണ് അയച്ചത്. ഞായറാഴ്ച കോഴിക്കോട്, നിലമ്പൂർ ആലപ്പുഴയിലും ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ക്യാമ്പുകളിലും അവശ്യസാധനങ്ങൾ എത്തിച്ചു. മേയർ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ ഗ്രീൻ ആർമിയിലെ 1500ഓളം യുവജനങ്ങളാണ് കളക്ഷൻ സെന്ററിൽ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നത്. നഗരസഭാ ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതിനായി വഴുതക്കാട് വനിതാകോളേജിലും ശേഖരണകേന്ദ്രം തുറന്നിട്ടുണ്ട്. ഇവിടെ രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തനം. മേയറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ഷൻ സെന്ററുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക അറിയിക്കുന്നത്. സാധനങ്ങൾ കയറ്റി അയയ്ക്കാനുള്ള ലോറികൾ കിട്ടാനില്ലാത്തത് നഗരസഭയ്ക്ക് വെല്ലുവിളിയായിരുന്നെങ്കിലും നഗരസഭയുടെ അഭ്യർത്ഥയെ തുടർന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ ലോറികൾ ഉൾപ്പെടെ വിട്ടു നൽകി. ഇതോടെ ലോഡുകൾ അതിവേഗം കയറ്റി അയയ്ക്കുകയാണ്.
അത്യാവശ്യം ശുചീകരണ സാധനങ്ങൾ
പലസ്ഥലങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയതിനാൽ വീടുകൾ ശുചിയാക്കുന്നതിനുള്ള സാധനങ്ങളാണ് ഇനി കൂടുതലായി കയറ്റി അയയ്ക്കാൻ നഗരസഭ ഉദ്ദേശിക്കുന്നത്. ഇതിനായി മോപ്പ്, ഗംബൂട്ട്, വൈപ്പർ, ഫിനോയിൽ, ബ്ലീച്ചിംഗ് പൗഡർ, മാസ്ക്, കൈയുറ, ചൂൽ, മണ്ണുകോരി, കുമ്മായം, മൺവെട്ടി, കുട്ട, മെറ്റൽ ചൂല്, ക്ലീനിംഗ് ലോഷനുകൾ എന്നിവയാണ് പ്രധാനമായും ശേഖരിക്കുന്നത്.
മരുന്നുകളുമായി ഡോക്ടർമാരുടെ സംഘം
ക്യാമ്പുകളിൽ കഴിയുന്നവരെ പരിശോധിച്ച് ആവശ്യമായ മരുന്നു നൽകാൻ നഗരസഭ പ്രത്യേക മെഡിക്കൽ സംഘത്തെ അയയ്ക്കുന്നു. ദുരന്തബാധിത മേഖലകളിലെ അധികൃതരുടെ നിർദ്ദേശം ലഭിച്ചാൽ രണ്ടുദിവസത്തിനുള്ളിൽ മെഡിക്കൽ സംഘം യാത്രതിരിക്കും. ഇതിനായി 65 ഡോക്ടർമാർ സന്നദ്ധത അറിയിച്ച് രംഗത്തെത്തി. കളക്ഷൻ സെന്ററിൽ ലഭിച്ച മരുന്നുകൾ തരംതിരിക്കുന്ന ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഷുഗർ, പ്രഷർ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളാണ് കൂടുതലാണ് ശേഖരിക്കുന്നത്.
സേവനരംഗത്ത് പുതിയൊരു ചരിത്രം രചിച്ച നഗരവാസികളുടെ സഹായം തുടർന്നും പ്രതീക്ഷിക്കുകയാണ്. ശുചീകരണ സാധനങ്ങളും മരുന്നുകളുമാണ് ഇനി ആവശ്യം. -വി.കെ.പ്രശാന്ത് മേയർ