പ്രളയം ദുരന്തം വിതച്ച മേഖലകളിൽ ആശ്വാസവും കൈത്താങ്ങുമേകി താരങ്ങൾ.സിനിമയുടെ എല്ലാ ജോലിയും നിറുത്തിവച്ചാണ് താരങ്ങൾ ദുരിതാശ്വാസ ക്യാമ്പും കളക് ഷൻ സെന്ററുകളും സന്ദർശിക്കുന്നത്. പ്രളയം വൻ ദുരന്തം വിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ മേപ്പാടിയിലും അവശ്യമായ സാധനങ്ങൾ എത്തിക്കാനാണ് താരങ്ങൾ മുഖ്യമായും ശ്രദ്ധിക്കുന്നത്.
ടൊവിനോ തോമസ്, ഇന്ദ്രജിത്, ജയസൂര്യ,ജോജു,റിമ കല്ലിംഗൽ, സജിത മഠത്തിൽ, മുത്തുമണി, സരയു, സംഗീത സംവിധായകൻ ബിജിബാൽ,ഗായിക സയനോര ഫിലിപ്പ് തുടങ്ങിയവർ സജീവമായി രംഗത്തുണ്ട്.കഴിഞ്ഞ മഹാപ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത ടൊവിനോ തോമസ് നാടായ ഇരിങ്ങാലക്കുടയിലെ വിവിധ ദുരിതാശ്വസ ക്യാമ്പുകൾ സന്ദർശിക്കുന്ന തിരക്കിലാണ്.താലൂക്ക് ഒാഫീസിലെ കളക് ഷൻ സെന്ററിലും ടൊവിനോ എത്തി.ദുരിതത്തിൽപ്പെട്ട് താത്കാലികമായി വീടൊഴിയേണ്ടി വന്നവർക്ക് തന്റെ വീട്ടിലേക്ക് കടന്നു വരാമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ ടൊവിനോ അറിയിച്ചിരുന്നു.ദുരിത കാലത്ത് ആരുടെയും ക്ഷണത്തിന് കാത്തു നിൽക്കാതെ വാസയോഗ്യമായ വീടുകളിലേക്ക് കയറിച്ചെല്ലാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള സന്ദേശം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു കൊണ്ടായിരുന്നു ടൊവിനോയുടെ വാക്കുകൾ.താര പരിവേഷം മാറ്റി വച്ച് കൂട്ടത്തിലൊരാളായി ടൊവിനോ ഈ പ്രളയ കാലത്തും മാറുകയാണ്.
കൊച്ചിയിൽ ജില്ല ഭരണകൂടവുമായി സഹകരിച്ചാണ് ഇന്ദ്രജിത്തിന്റെ നേതൃത്വത്തിൽ അൻപോട് കൊച്ചിയുടെ പ്രവർത്തനം.രണ്ടു ദിവസമായി ഇന്ദ്രജിത്ത് കുടുംബസമേതം ഈ രംഗത്ത് സജീവമാണ്.കടവന്ത്രയിലെ റീജിണൽ സ് പോർട്സ് സെന്ററിലാണ് സാധനങ്ങൾ ശേഖരിക്കുന്നത്.മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലേക്കുള്ള സാധനങ്ങളാണ് ഇപ്പോൾ ശേഖരികരിക്കുന്നത്.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കേണ്ട സാധനങ്ങൾ പൊതു ജനങ്ങളിൽനിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകളിൽ തയ്യാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്.കഴിഞ്ഞ പ്രളയത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 4 ലക്ഷം പേർക്കാണ് അൻപോട് കൊച്ചി സഹായം എത്തിച്ചത്
.
ഡബ്ളിയു .സി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് റിമ കല്ലിംഗൽ നേതൃത്വം നൽകുന്നു.കൊച്ചിയിലെ മാമാങ്കം ഡാൻസ് സ്കൂളാണ് ഇവരുടെ കളക് ഷൻ സെന്റർ.റിമയോടൊപ്പം സജിത മഠത്തിലും സജീവമായി രംഗത്തുണ്ട്. കളക് ഷൻ സെന്ററിൽനിന്ന് സാധനങ്ങൾ വരുംദിവസം കോഴിക്കോട്,മലപ്പുറം, വയനാട് ക്യാമ്പുകളിൽ എത്തിക്കും.
ഉരുൾ പൊട്ടൽ ഉണ്ടായ നിലമ്പൂർ പോത്തുകൽ മേഖലയിൽ പോർട്ടബിൾ ടവർ വേണമെന്നും ചോദിക്കുന്ന പണവും സൗജന്യ ഭൂമിയും നൽകാമെന്നും സണ്ണി വയ്ന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലാണ്.മൊബൈൽ ടവറോ നെറ്റ് വർക്കോ ഇല്ലാത്ത അവികസിത മേഖലയായ ഇവിടത്തെ ദുരന്തം ഏറെ വൈകിയാണ് പുറംലോകം അറിഞ്ഞത്.ഈ സാഹചര്യത്തിലാണ് സണ്ണി വയ്ന്റെ പോസ്റ്റ്.തോൽക്കാനാവില്ലെന്നും അതിജീവിക്കണമെന്നും തന്റെ ഫോൺ നമ്പരും പോസ്റ്റിനൊപ്പം സണ്ണി വയ്ൻ കുറിച്ചിട്ടുണ്ട്. പ്രളയക്കെടുതി രൂക്ഷമായ വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പത്തു താത്കാലിക ബയോടോയ് ലററുകളാണ് ജയസൂര്യ നൽകുന്നത്.അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഷൂട്ടിംഗ് ലൊക്കേഷനുകളിലും മറ്റും ഉപയോഗിക്കുന്ന തരം ടോയ് ലറ്റുകളാണിത്.ശൗചാലയങ്ങളുടെ ദൗർലഭ്യം ദുരിതാശ്വാസ ക്യാമ്പുകളിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് താത്കാലിക ടോയ് ലറ്റുകൾ നൽകുന്നതെന്ന് ജയസൂര്യ ഒാർമ്മപ്പെടുത്തുന്നു.
കൈകോർത്ത്കണ്ണൂർ എന്ന സംഘടനയുമായി സഹകരിച്ചാണ് ഗായിക സയനോര ഫിലിപ്പിന്റെ പ്രവർത്തനം.ജില്ലയിലുടെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ രണ്ടു ദിവസമായി എത്തിക്കുന്നുണ്ടെന്ന് സയനോര പറഞ്ഞു.കഴിഞ്ഞ വർഷവും കൈകോർത്ത് കണ്ണൂരിന്റെ ഭാഗമായിരുന്നു സയനോര.
റിലീസുകൾ മാറുന്നു
ഈ ആഴ്ച തിയേറ്ററിലെത്താനിരുന്ന ജോഷിയുടെ പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റി.പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്ന് നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളി സിറ്റി കൗമുദിയോട് പറഞ്ഞു.പ്രളയം തുടർന്നാൽ ചില ഒാണ ചിത്രങ്ങളുടെ റിലീസും മാറ്റാൻ സാദ്ധ്യയുണ്ട്. അതേ സമയം മലയാള സിനിമയുടെ ഷൂട്ടിംഗിനെ മഴ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും നിവിൻ പോളിയുടെയും ജയസൂര്യയുടെയും കുഞ്ചാക്കോ ബോബന്റെയുമുൾപ്പെടെ ഒരു ഡസനിലേറെ ചിത്രങ്ങളുടെ ഷൂട്ടിംഗാണ് ഇപ്പോൾ കേരളത്തിനകത്തും പുറത്തുമായി പുരോഗമിക്കുന്നത്.
താരങ്ങളുടെ ചലഞ്ച്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ചലഞ്ച് കാമ്പെയ്നുമായി സിനിമാ ലോകം സോഷ്യൽ മീഡിയയിൽ സജീവമായി.'പത്തെങ്കിൽ പത്ത് നൂറെങ്കിൽ നൂറ് കരുതലിന് കണക്കില്ല" എന്നായിരുന്നു സംവിധായകൻ ആഷിക് അബുവിനെ ചലഞ്ച് ചെയ്തു കൊണ്ട് സംഗീത സംവിധായകൻ ബിജി ബാൽ ഫേസ് ബുക്കിൽ കുറിച്ചത്.ചലഞ്ച് സ്വീകരിച്ച ആഷിക് അബു ഉടൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ,രമേഷ് പിഷാരടി, ശ്രീനാഥ് ഭാസി,പാർവതി,റിമ കല്ലിംഗൽ, സംയുക്തമേനോൻ തുടങ്ങിയവരുംചലഞ്ച് എറ്റെടുത്തുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്നും കഴിഞ്ഞ വർഷം പ്രളയകാലത്ത് ലഭിച്ച തുക ദുരുപയോഗം ചെയ്തുവെന്നും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇതേ തുടർന്നാണ് താരങ്ങൾ ചലഞ്ച് കാമ്പെയ്നുമായി മുന്നോട്ടിറങ്ങിയത്.