വിദേശാധിപത്യത്തോട് പൊരുതി ഇന്ത്യൻ സ്വാതന്ത്റ്യത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളും സത്യാഗ്രഹങ്ങളും ദേശാഭിമാനത്തിന്റെ ഉജ്ജ്വലമായ അദ്ധ്യായങ്ങളാണ്. ഈ സമരത്തിൽ ധീരരക്തസാക്ഷികളായവരും മർദ്ദനമേറ്റവരും ദേശാഭിമാനത്തിന്റെ പ്രതീകങ്ങൾ. അവരുടെ ലക്ഷ്യം 1947 ആഗസ്റ്റ് 15ന് സഫലമായി. രാജ്യം വീണ്ടും സ്വാതന്ത്റ്യദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ സമര ജ്വാലകളായി രാജ്യത്തിനാവേശം പകർന്ന ഏതാനും നേതാക്കളെ സ്മരിക്കാം.
മഹാത്മാഗാന്ധി
രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അഹിംസയിലൂടെ ലോകത്തിന് മാതൃകയായി. ഈ മാതൃകയാണ് പല ലോക രാഷ്ട്രങ്ങൾക്കും അഹിംസയുടെ പ്രാധാന്യം മനസിലാക്കിക്കൊടുത്തത്. ആശ്രമത്തിൽ ലളിതജീവിതം നയിച്ച അദ്ദേഹം ഇന്ത്യയിലെ സാധാരണക്കാരുടെ പ്രതിനിധിയായിരുന്നു. ഇംഗ്ളണ്ടിലേക്ക് നിയമം പഠിക്കാൻ പോയ ഗാന്ധിജിയുടെ ജീവിതം മാറിമറിയുന്നത് ദക്ഷിണാഫ്രിക്കയിൽ വച്ചാണ്.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണ്ടതിനു ശേഷമാണ് മഹാത്മാഗാന്ധി പൊതുപ്രവർത്തന രംഗത്തേക്കിറങ്ങിയത്. ദക്ഷിണാഫ്രിക്കയിൽ വച്ചാണ് അദ്ദേഹം 'ഗാന്ധിജി" എന്നറിയപ്പെടാൻ തുടങ്ങിയത്. അയിത്തത്തിനെതിരെ പ്രവർത്തിച്ച ഗാന്ധിജി സമൂഹത്തിന്റെ താഴെക്കിടയിലുള്ളവർക്ക് പ്രത്യേക പരിഗണന നൽകി . 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന് ക്വിറ്റ് ഇന്ത്യാ സമര സമയത്ത് അദ്ദേഹം ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യ സമര നേതാവ് എന്നതിലുപരിയായി ചരിത്രകാരനും ഗ്രന്ഥകർത്താവും തത്ത്വചിന്തകനുമായിരുന്നു ജവഹർലാൽ നെഹ്റു. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു 'ഇന്ത്യയുടെ ശില്പി " ആണ്. തന്റെ രാഷ്ട്രീയ പിൻഗാമിയായി മഹാത്മാഗാന്ധി കണ്ടത് ജവഹർലാൽ നെഹ്റുവിനെയാണ്.
ജവഹർലാൽ നെഹ്റു
ബ്രിട്ടനിലെ വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയത്തിൽ താത്പര്യം തോന്നിയ നെഹ്റു പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. ഇന്ത്യയ്ക്ക് പൂർണ സ്വരാജ് വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചവരിൽ ഒരാളായിരുന്നു ജവഹർലാൽ നെഹ്റു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സോഷ്യലിസ്റ്റ് ചിന്താഗതി വച്ചുപുലർത്തിയ വ്യക്തിയായിരുന്നു നെഹ്റു. ഭാവി ഇന്ത്യയെക്കുറിച്ച് സ്വപ്നം കാണുകയും അതിനുവേണ്ടി പദ്ധതികൾ രൂപീകരിക്കുകയും ചെയ്ത നെഹ്റു ഇന്ത്യയെ ജനാധിപത്യരാജ്യമാക്കുന്നതിൽ പങ്ക് വഹിച്ചു.
മംഗൾ പാണ്ഡെ
ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയാണ് മംഗൾ പാണ്ഡെ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബംഗാൾ ഇൻഫന്ററിയിലെ 34-ാം റജിമെന്റിൽ ശിപായി ആയിരുന്നു.
ഉത്തർപ്രദേശിലെ നഗ്വ എന്ന ഗ്രാമത്തിൽ ജനിച്ച മംഗൾപാണ്ഡെ ബ്രിട്ടീഷുകാരുടെ നടപടികൾക്ക് എതിരാ യിരുന്നു. ബംഗാൾ സൈന്യത്തിന് ഉപയോഗിക്കാൻ കൊണ്ടുവന്ന പുതിയ വെടിയുണ്ടകൾ പശു, പന്നി എന്നിവയുടെ കൊഴുപ്പ് കൊണ്ടുണ്ടാക്കിയതായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാരണങ്ങളിലൊന്നായി ഇതിനെ വിലയിരുത്തുന്നു.
തന്റെ മേധാവിയായ ലഫ്. ബോംഗിനെതിരെ വെടിയുതിർത്തു. എന്നാൽ ലക്ഷ്യം പിഴച്ചു. ഈ സംഭവത്തിൽ മംഗൽ പാണ്ഡെ പിടിക്കപ്പെട്ടു.
ബിപിൻ ചന്ദ്രപാൽ
ലാൽ, ബാൽ, പാൽ ത്രയത്തിലെ മൂന്നാമൻ, പ്രമുഖ വാഗ്മിയായിരുന്ന ഇദ്ദേഹം പൂർണസ്വരാജ് എന്ന ആശയം കോൺഗ്രസിനെക്കാൾ മുന്നേ സ്വീകരിച്ച വ്യക്തിയായിരുന്നു. സതി, തൊട്ടുകൂടായ്മ എന്നിവയ്ക്കെതിരെ പ്രതിഷേധിച്ച ഇദ്ദേഹം പാവങ്ങൾക്കും തൊഴിലാളികൾക്കും വേണ്ടിയും ജീവിതം മാറ്റിവച്ചു. നവോത്ഥാന നായകനായ ഇദ്ദേഹം ബംഗാൾ വിഭജന കാലത്ത വിദേശ ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു ലൈബ്രേറിയനായും പ്രവർത്തിച്ചു. ലൈബ്രറിയിലെ വായന അദ്ദേഹത്തെ മാറ്റിമറിച്ചു. 1886ൽ കോൺഗ്രസിൽ അംഗമായ ഇദ്ദേഹത്തിന്റെ പ്രസംഗം കണ്ടവർ ഇന്ത്യയിലെ ബ്രൂക്ക് വൈഭവം എന്ന് വിശേഷിപ്പിച്ചു. കോൺഗ്രസിൽ വിഭാഗീയത ഉണ്ടായപ്പോൾ കോൺഗ്രസ് വിട്ട അദ്ദേഹം ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തെ എതിർത്തു. കോൺഗ്രസിന്റെ നേതൃനിരയിൽ പ്രവർത്തിച്ച ഇദ്ദേഹം എതിർപ്പുകളെ ചെറുത്ത് ഒരു വിധവയെ വിവാഹം കഴിച്ചു.
ഗോപാലകൃഷ്ണ ഗോഖലെ
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരുവായ ഗോഖലെ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വളരെ കഷ്ടപ്പെട്ടാണ്. സ്കൂളിലും കോളേജിലും അദ്ധ്യാപകനായ ഗോഖലെയാണ് സർവന്റ്സ് ഒഫ് ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത്. സാമൂഹിക പരിഷ്കരണത്തിന് വേണ്ടിയും പോരാടിയ ഗോഖലെ ദ നാഷൻ, ജ്ഞാനപ്രകാശി, മുതലായ പത്രങ്ങൾ പുറത്തിറക്കി. എം.ജി. റാനഡെയായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു.1889 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന ഗോഖലെ കോൺഗ്രസിന്റെ മിതവാദി നേതാവായിരുന്നു. ഗാന്ധിജിയുടെ മാത്രമല്ല ജിന്നയുടെയും മാർഗദർശികൂടിയായിരുന്നു ഗോഖലെ. ജിന്ന ഇദ്ദേഹത്തെ മുസ്ളിം ഗോഖലെ എന്ന് വിളിച്ചിരുന്നു.മഹാരാഷ്ട്രയിലെ സോക്രട്ടീസ്, ക്ഷീണ ഹൃദയനായ മിതവാദി എന്നതൊക്കെ ഇദ്ദേഹത്തിന്റെ അപരനാമങ്ങളാണ്.
നാനാസാഹിബ്
മറാഠാ വംശത്തിലെ പ്രഭുവായിരുന്ന നാനാ സാഹിബ് പേഷ്യാ ബാജി റാവുവിന്റെ ദത്തുപുത്രനായിരുന്നു. പേഷ്യായുടെ മരണശേഷം ബ്രിട്ടീഷ് ഇൗസ്റ്റ് ഇന്ത്യ കമ്പനി അനുവദിച്ചിരുന്നു. പെൻഷൻ മകന് കൊടുക്കാൻ വിസമ്മതിച്ചു. താന്തിയോ തോപ്പിയുടെ സഹായത്തോടെ അദ്ദേഹം ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്ക് ചേർന്നു. ബ്രിട്ടീഷുകാർക്ക് യാതൊരുവിധ സഹായവും നൽകില്ലെന്ന് തീരുമാനിച്ച നാനാസാഹിബ് കാൺപൂരിൽ സേനയെ നയിച്ചു. ബ്രിട്ടീഷ് സൈന്യം കാൺപൂരിൽ കടന്നതോടുകൂടി എതിർത്തുനിൽക്കാൻ കഴിയാതെ നാനാ സാഹിബ് ബിഥൂറിലേക്ക് പലായനം ചെയ്തു. സാഹിബിന്റെ കൊട്ടാരം കമ്പനി പട്ടാളം കീഴടക്കി. നാനാ സാഹിബ് നേപ്പാളിലേക്ക് പലായനം ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.
ബിർസമുണ്ട
ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച ബിർസമുണ്ടയെ ദൈവത്തിന്റെ അവതാരമായാണ് വകണക്കാക്കുന്നത്. ആദിവാസികളുടെ സമര നേതാവായ ബിർസ മുണ്ടയുടെ ജന്മദിനത്തിലാണ് ഝാർഖണ്ഡ് സംസ്ഥാനം നിലവിൽവന്നത് (നവംബർ 15). ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഒരേയൊരു ആദിവാസി നേതാവിന്റെ ചിത്രം മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. അത് ബിർസ മുണ്ടായുടേതാണ്. ലോകത്തിന്റെ പിതാവായി കണക്കാക്കിയിരുന്ന ബിർസ മുണ്ടയെ അധികരിച്ച് മഹാശ്വേതാ ദേവി കൃതി രചിച്ചിട്ടുണ്ട്. ഞങ്ങളുടെ അധികാരം വരണം എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം ബ്രിട്ടീഷുകാരെ ഭയപ്പെടുത്തി. ബ്രിട്ടീഷുകാർക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയ ബിർസമുണ്ട 1900 ത്തിലാണ് അറസ്റ്റിലാവുന്നത്. ജയിലിൽവച്ച് 1900 ജൂൺ 9 ന് മരണമടഞ്ഞു.
ജാലിയൻവാലാബാഗ്
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂഷിതമായ സംഭവമാണ്1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. 1919 മാർച്ചിൽ ബ്രിട്ടീഷ് ഗവൺമെന്റ് റൗലറ്റ് ആക്ട് എന്ന കരിനിയമം പാസാക്കി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറി.
അമൃത്സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽപൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം ചേർന്നു. അമൃത്സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ 90 അംഗങ്ങൾ വരുന്ന ചെറിയ സേനയുമായി മൈതാനം വളയുകയും വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവയ്ക്കാൻ ഉത്തരവ് നൽകുകയും ചെയ്തു. 379 പേർ മരിച്ചെന്നാണ് ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. യഥാർത്ഥത്തിൽ 1800ൽ ഏറെപ്പേർ മരിച്ചു. കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ സർ സ്ഥാനം ഉപേക്ഷിച്ചു.
കൂട്ടക്കൊലയുടെപ്രതികാരാഗ്നി അണയാതെ സൂക്ഷിച്ച ദേശാഭിമാനിയാണ് ഉധംസിംഗ്. കൂട്ടക്കൊലയെ ന്യായികരിച്ച പഞ്ചാബ് ലഫ്റ്റനന്റ് ഗവർണർ മൈക്കൽ ഒഡയറിനെ അദ്ദേഹം 1940 മാർച്ച് 13ന് ലണ്ടനിൽ വച്ച് വെടിവച്ചുകൊന്നു. ബ്രിട്ടീഷ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. 1940 ജൂലായ് 31ന്തൂക്കിക്കൊന്നു.