ഗുരു (കവിത)
വന്ദനം മഹാഗുരോ, ഞങ്ങളെയറിവിന്റെ
സുന്ദരസാനുക്കളിലെത്തിച്ച കരങ്ങളേ!
അങ്ങുതൻ പാദങ്ങളിൽ വന്നു വീഴുന്നു സ്വയം
ഞങ്ങളീ നവതിതൻ അർച്ചനാ പുഷ്പങ്ങളായ്...
അറിയാം ഞങ്ങൾക്കോരോ ശിഷ്യന്റെ ശിരസിലും,
പതിയും വാത്സല്യത്തിൻ നൂതന കരസ്പർശം.
ഗുരുദേവാദർശങ്ങൾ അങ്ങയെ നയിച്ചൊരു
നിറദീപമായുള്ളിലിപ്പോഴും ജ്വലിക്കുന്നു.
അതിൽനിന്നല്ലോ ഞങ്ങൾ ആയിരം ചിരാതുകൾ
അകതാരിലെ കണ്ണ് തുറക്കാൻ കൊളുത്തുന്നു.
പുതിയ വെളിച്ചവും കാറ്റുമായണഞ്ഞപ്പോൾ
പതിയെ തുറന്നോരോ ജാലകം മലയാളം.
അകലെ പ്രത്യാശതൻ ചക്രവാളത്തോടൊപ്പം
അരുളിത്തന്നു പുത്തൻ രാജവീഥിയും കൂടി.
അനുഭൂതിതൻ വർണജാലങ്ങൾ തേടും ഞങ്ങൾ
അതിലൂടല്ലോ വഴിതെറ്റാതെ ചരിക്കുന്നു.
എഴുത്തിൻ നാനാർത്ഥങ്ങൾ തേടുവാനായി പുത്തൻ
വഴിത്താരകളങ്ങു ഞങ്ങൾക്ക് സമ്മാനിച്ചു.
മൃത്യുവേ ജയിച്ചൊരു കാവ്യജീവിതത്തിന്റെ
സത്യദർശനം ഞങ്ങൾക്കരുളിത്തന്നു ഭവാൻ.
ഗുരുദർശനത്തിന്റെ ശക്തിയും ചൈതന്യവും
പൊരുളും ഞങ്ങൾക്കുള്ള സമ്മാനമായിത്തന്നു.
മലയാളത്തിൻ പുണ്യജീവിതങ്ങളെയെല്ലാം
മഷിയിൽ കുറിച്ചിട്ടയങ്ങൊരു മനീഷിതാൻ.
അങ്ങയിലൂടെ പുനർജനിച്ച മഹാരഥർ
ഞങ്ങളിൽ ഊർജം പകർന്നിപ്പോഴും ജീവിക്കുന്നു.
ഒരുകാലത്തീമണ്ണിൽ സാമൂഹ്യനീതിക്കായി
പടവെട്ടിയ നവോത്ഥാന നായകന്മാരെ,
വിസ്മൃതിക്കുള്ളിൽ നിന്ന് വീണ്ടെടുത്തൊരു മഹാ
വിസ്മയരചനകൾ ജീവിതചരിത്രങ്ങൾ!
ജീവിതം സന്ദേശമെന്നറിഞ്ഞു ഞങ്ങൾ ശിഷ്യർ,
ഈവിധം ഗുരുവൊരു പുണ്യമാണതും സത്യം.
അങ്ങയിൽ കാരുണ്യത്തിൻ കടലൊന്നിരമ്പുമ്പോൾ
ഞങ്ങളീ വിഷാദങ്ങളൊക്കെയും മറക്കുന്നു.
ഇത്രമേൽ ധന്യാത്മക ജീവിതത്തിനു മുന്നിൽ
വിസ്മയത്തോടെ നിന്ന് കൈകൾ കൂപ്പുന്നു ഞങ്ങൾ.
മലയാളത്തിൻ മഹാവാഗ്മിതൻ നാവിൻ തുമ്പിൽ
വിളയാടീടും വാഗ്ദേവതയെ തൊഴുന്നു ഞാൻ.
അതിലോലമീ വിരൽത്തുമ്പിലെ മഷിപ്പേന
യുതിരും വാക്യങ്ങളെ കാത്തിരിക്കുന്നു ഞങ്ങൾ.
അറിയുന്നല്ലോ ഗുരുവന്ദനം നടത്തുമ്പോൾ
തരുവാൻ ഒന്നേയുള്ളീ, ഹൃദയസ്പന്ദം മാത്രം.