അവനിയിലെ ഏറ്റവും മനോഹരമായ ഭൂതലമാണ് തേക്കടിക്കാടുകൾ. വന്യമായ പച്ചിലക്കാടുകൾ നിബിഢമായി തഴച്ചുവളരുന്ന ഉൾക്കാടിന്റെ ശുദ്ധമന്ദഹാസം, ഉരുണ്ടുമൂടി നിൽക്കുന്ന കിഴക്കൻ മലമുകളിലെ അനേകം ആനത്താരികളിലൊന്നിൽ അവൻ അചഞ്ചലനായി നിന്നു. ഒത്തപൊക്കം. എടുപ്പിനടുത്ത തടിച്ച കറുത്ത ശരീരം. നീണ്ട കൊമ്പുകൾ, ലക്ഷണമൊത്ത തുമ്പികൈ. സദാ ആടികൊണ്ടിരിക്കുന്ന വലിയ ചെവികൾ... ഒറ്റയാൻ.
നിന്നിടത്ത് നിന്നനങ്ങാതെ അവൻ കാതോർത്തു.
എവിടെയോ ഒരു വെടിശബ്ദം. ഒരലർച്ചയോടെ ഓടിപ്പോകുന്ന കാലടി ശബ്ദങ്ങൾ.. മനുഷ്യച്ചൂര് മണക്കുന്നു.
''ഇനിയിവിടെ നിൽക്കരുത്.. വരൂ...കാടിന്റെ ഉൾത്തളങ്ങളിലേക്ക് നമ്മുടെ നടന്നുപോകാം. അതല്ലെങ്കിൽ കീഴോട്ട് തൂക്കം ഇറങ്ങിവരിക. താഴേ കാട്ടുചോലല നീന്തിക്കയറി അകലെ കാണുന്ന ഗവി മലയിലേക്ക്. കന്യാവനങ്ങൾക്കപ്പുറത്തെ മൊട്ടക്കുന്നിലെ പുല്ലുനിറഞ്ഞ പച്ചച്ചതുപ്പിലേക്ക് പോകാം. അവിടെയാകുമ്പോൾ ആരും തിരഞ്ഞു വരില്ല.""
അവൻ ചിന്നം വിളിച്ചു. കാടുകുലുങ്ങി. തലയിളക്കി പ്രതിഷേധിച്ചു.
''ഓടിപ്പോകുവാനോ? എന്തിന്?""കാട് നമ്മുടെ വീട്, ഈറ്റില്ലം. നാം ജനിക്കുകയും വളരുകയും ജീവിക്കുകയും ചെയ്യുന്ന ഇടം. നീ കാടുകയറിക്കോളൂ. നമ്മുടെ കൂട്ടുകാർ അവിടെ കാത്തുനിൽക്കുന്നു. കുഞ്ഞുങ്ങളെ സൂക്ഷിച്ച് കൊണ്ടുപോകണം.""
മനുഷ്യാധമൻമാർ അവിടവിടെ വാരിക്കുഴികൾ കരുതിയിട്ടുണ്ട്. അതിൽവീഴുന്ന നമ്മുടെ കുഞ്ഞുങ്ങളെ അപഹരിച്ച് സ്വന്തമാക്കാൻ... നാട്ടിലെ തട്ടിപ്പും കൗശലവും തന്ത്രവും മന്ത്രവും പഠിപ്പിച്ച് കൊണ്ടുവരുന്ന നാട്ടാനകൾ നമ്മുടെ കുഞ്ഞുങ്ങളെ ആകർഷിച്ച് മയക്കി കൊണ്ടുപോകും. അവിടെ മരത്തിന്റെ കൂടുകളിൽ പൂട്ടിയിട്ട് കഷ്ടപ്പെടുത്തി മെരുക്കിയെടുക്കാൻ നോക്കും. അമ്മമാരുടെ ലാളനകളേറ്റ് മതിവരാത്ത കുഞ്ഞുങ്ങൾ വിഷം തളിച്ച പനയോലകൾ തിന്ന് വയറുവേദനിച്ച് എരണ്ട കെട്ടി ചത്തുതുലയുന്നതിന് വല്ല കണക്കുമുണ്ടോ?
കാട്ടിലെ തടി, കാട്ടിലെ ആന, തേവരുടെ പണം ഒരു മുതൽ മുടക്കുമില്ലല്ലോ? ഇവിടെ ഇപ്പോൾ കാടുകൾ വളരുന്നില്ല. വെള്ളം കിട്ടാതെ മരങ്ങൾ ഉണങ്ങുന്നു. ഉണങ്ങിയ മരക്കൂട്ടങ്ങൾ കാട്ടുതീയുണ്ടാക്കുന്നു.
''നീ ക്ഷുഭിതനാണ്.. ക്ഷോഭം ഒന്നിനും ഒരു പരിഹാരമാകുന്നില്ല.""
''ക്ഷോഭിക്കാതെ എങ്ങനാടീ...""
കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ എന്താ സംഭവിച്ചത്?
കാട്ടിലേക്കൊഴുകാൻ കാട്ടുചോലകളില്ല. ജലമെല്ലാം നാട്ടിലേക്കൊഴുകി. ആരും വിചാരിക്കാത്ത വഴികളിലൂടെ ചാലുകീറിപ്പോയ വെള്ളച്ചാട്ടങ്ങൾ. വൈദ്യുതിയുണ്ടാക്കാൻ വേണ്ടി മനുഷ്യൻ സംഭരിച്ചുവച്ചിരിക്കുന്ന വെള്ളമെല്ലാം അണമുറിയാതെ എങ്ങോട്ടാണ് ഒഴുകിയത്?
ജലമർമ്മരങ്ങൾ ഗർജനങ്ങളായി. പ്രകമ്പനങ്ങൾ കേട്ട് നമ്മൾ പോലും വിറളി പിടിച്ചുപോയി. ജലത്തിന്റെ ആഹ്ളാദപ്രകടനങ്ങൾ... അതോ കൂടുപൊട്ടിച്ച അട്ടഹാസമായിരുന്നോ? മഴയപ്പോൾ ഉന്മാദിനിയെപ്പോലെ നിന്നങ്ങനെ പെയ്യുകയായിരുന്നില്ലെ?
അങ്ങനെ സംഭവിക്കുമെന്ന് സങ്കൽപ്പിക്കാൻപോലും മനുഷ്യനെന്ന ബുദ്ധിരാഷസന് കഴിഞ്ഞില്ല. കൂട്ടം തെറ്റിയ വെള്ളാട്ടിൻ പറ്റങ്ങളെപ്പോലെ വെള്ളച്ചാട്ടങ്ങൾ പലയിടത്തും ചിതറിപ്പോയി. വഴിയറിയാതെ, വഴിയില്ലാതെ, കണ്ണിൽ കണ്ടതും കിട്ടിയതുമായ ഇടങ്ങളിലേക്ക് ജലം ഒലിച്ചുപോയി... ആർക്കും തടയാൻ കഴിഞ്ഞില്ല.
എങ്ങനെ കഴിയും? കെട്ടിയിടുന്ന നായയ്ക്ക് ശൗര്യം കൂടുമെന്ന് പഴംമൊഴി.
അണകെട്ടി വർഷങ്ങളായി തടവിലിട്ടിരിക്കുന്ന ജലദേവത ചങ്ങലപൊട്ടിക്കുന്ന മദയാനപ്പോലെയല്ല. മദയാനകളെ അവർ ഉന്നം പിഴക്കാതെ വെടിവച്ചിടും. കൊമ്പും തോലും പല്ലുമെല്ലാം വലിച്ചൂരിയെടുത്ത് പിണ്ഡം വച്ചു മടങ്ങും. ഫാദർ തോമിന്റെ അരുളപ്പാടുകൾ... പക്ഷേ ജല പ്രവാഹം ആർക്കും തടുക്കാൻ പറ്റില്ല.
പ്രകൃതി ദുരന്തം, പ്രകൃതിക്ഷോഭം, പെരുമഴ, വെള്ളപ്പൊക്കം...എന്നൊക്കെ കണ്ണുനീരിൽ പുതപ്പിച്ച് കഥകളും കവിതകളും പ്രളയമായൊഴുകി. പഴയ തൊണ്ണൂറ്റിഒമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പറയാത്തവരില്ല. അന്ന് ജീവിച്ചിരുന്ന ആരെങ്കിലും അതിന്റെ പടമെടുത്തോ? ഒക്കെ കേട്ടുകേൾവി മാത്രം. അടുത്ത പ്രളയം 2018 ൽ വന്നു.
ഇത്തവണ ഓണത്തിന് മാവേലിക്ക് പോലും വരാൻ പറ്റിയില്ല. വിമാനങ്ങളും തീവണ്ടികളും കപ്പലുകളുമെല്ലാം റദ്ദാക്കപ്പെട്ടുപോയി. എന്നിട്ടും ഈ മനുഷ്യൻ എന്ന മൃഗം പാഠം പഠിക്കുന്നുണ്ടോ?
പ്രളയജലം കൊണ്ടു മുറിവേറ്റു എന്ന് വിലപിക്കാനല്ലാതെ... നമ്മുടെ കാര്യം ഒന്നോർക്കൂ. നമുക്ക് ഒളിക്കാനും കളിക്കാനും എന്തിന് മനസു നിറഞ്ഞ് ഒന്നിണചേരാൻ പോലും ഉൾക്കാടുകൾ ഉണ്ടോ? എല്ലാം ഉൾവലിഞ്ഞു പോകുകയല്ലേ? വെട്ടിനിരത്തൽ.. കാട്ടിലിപ്പോൾ മൃഗങ്ങളില്ല. വംശാവലികൾ കുറ്റിയടിക്കപ്പെടുന്നു. ഉള്ളവ തന്നെ വെള്ളത്തിനും ആഹാരത്തിനും കാടിറങ്ങുന്നു. നാട്ടിലെ കോൺക്രീറ്റ് വനങ്ങൾ കാടുകേറുന്നു. കാടിറക്കി കഞ്ചാവ് കൃഷി ചെയ്യുന്നു. പെരുകുന്ന ജനങ്ങളാണ് ചുറ്റും. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവങ്ങളും പെരുകുന്നു. മനുഷ്യദൈവങ്ങൾ. കേരളത്തിലെ മഴക്കാടുകളെ കൊന്നൊടുക്കിയാൽ മഴയെവിടെ? നാടിന് നിലനിൽപ്പെവിടെ? പേനത്തുമ്പുകളുടെ നിലവിളികൾക്ക് ആരുത്തരം നൽകുന്നു?
''എടാ... നീ ഘോര ഘോരമായി നിന്ന് പ്രസംഗിക്കാതെ.. കാടു കയറാൻ നോക്കൂ.. ഒറ്റയാൻ ഇറങ്ങിയിട്ടുണ്ട് എന്ന പരാതിപ്പുറത്ത് വനസംരക്ഷകർ തോക്കുമായി അവിടെവിടെ നിലയുറപ്പിച്ചിട്ടുണ്ട്.""
അവളുടെ കരയുന്ന ശബ്ദം അവൻ കേട്ടു.
''ഞാൻ ഭീരുവല്ല.""
അവൻ തലകുലുക്കി ഒന്ന് വട്ടം തിരിഞ്ഞു. ചിന്നം വിളിച്ചു. പെട്ടെന്ന് മരക്കൂട്ടത്തിൽ നിന്ന് പക്ഷികൾ പറന്നുപോയി. അടുത്തെവിടെയോ ഒരു ആർത്തനാദം ഉയർന്നു. അവൻ കാടുകയറി തിരയാൻ തുടങ്ങി.
ഒരുവെടിശബ്ദമാണ് കേട്ടത് തേക്കിൻക്കാട്ടിൽ നിന്നാണാ ശബ്ദം. കാട്ടുകള്ളൻമാർ തേക്ക് മുറിക്കാൻ വന്നിട്ടുണ്ടാകും. അനധികൃതമായ കൈയ്യേറ്റമായിരിക്കും. മരം മുറിക്കാൻ വരുന്ന കള്ളൻമാരേക്കാൾ പെരുങ്കള്ളൻമാരാണ് അവരും.
കാട്ടുചില്ലകൾ വകഞ്ഞുമാറി... മുളങ്കാട്ടിലൂടെ തണുത്ത കാറ്റ് വീശുന്നു. ഉണക്കചില്ലകൾ ഒറ്റയാന്റെ ചവിട്ടേറ്റ് ഒടിഞ്ഞുഞെരിഞ്ഞു. വലിയ തേക്കിൻവൃക്ഷത്തിന്റെ ചോട്ടിൽ കിടന്ന് ഒരു യുവാവ് പിടയുന്നു. പുകവരുന്ന തോക്കുമായി വേറൊരുത്തൻ ഓടിപ്പോകുന്നു. രക്തപ്പുഴ താഴേ പച്ചപ്പുല്ലുകളെ ചുവപ്പണിയിക്കുന്നു.
ഒറ്റയാനെ കണ്ട് താഴെക്കിടന്ന യുവാവ് ഭയന്നുവിറച്ചു. അവൻ പിറകോട്ട് നിരങ്ങാൻ ഒരുശ്രമം നടത്തി. പാവം. വെടിയേറ്റ കാലുകൾ അവന് ചലിപ്പിക്കാനായില്ല. അവശതയോടെ അധീകരിച്ച ഭയത്തോടെ അവൻ മലർന്ന് കിടന്നു. ഒറ്റയാൻ ചെവികൾ ശക്തിയോടെ വീശി മെല്ലെ അവന്റെ സമീപത്തേക്ക് നടന്നടുത്തു. യുവാവിന്റെ ഇരുവശത്തായി കൊമ്പുകൾ മണ്ണിൽ കുത്തി നിർത്തി തല താഴ്ത്തി യുവാവിനെ നോക്കി. യുവാവ് വേദനയാൽ പിടഞ്ഞു. അടുത്തുവന്ന ഒറ്റയാനെ മരണഭീതിയോടെ കണ്ടു.
കാടിന്റെ നിശബ്ദതയെ തുള്ളി വിറപ്പിച്ചുകൊണ്ട് അവന്റെ പോക്കറ്റിൽ മൊബൈൽ മുഴങ്ങുന്നു. നീലപ്രകാശം. യുവാവ് ഒറ്റയാനെ നോക്കി. പ്രാർത്ഥനയോടെ. കണ്ണുകൾ ഇടഞ്ഞു. ഒറ്റയാൻ ചെവികൾ ആട്ടി. യുവാവ് ഒരു കൈകൊണ്ട് എളിയിൽ കുത്തി. മറുകൈകൊണ്ട് മൊബൈൽ എടുത്തു. അവൻ വീണ്ടും ഒറ്റയാനെ നോക്കി. അനുവാദം കൊടുക്കുന്നത് പോലെ വലിയ ചെവികൾ അവൻ വീശികൊണ്ടിരുന്നു.
യുവാവ് വിക്കി വിക്കി പറഞ്ഞു.
''എന്നെ ചതിച്ചു.""
ശ്വാസമെടുത്ത് അവൻ നിലവിളിയുടെ ശബ്ദത്തിൽ പറഞ്ഞു.
''എനിക്ക് വെടികൊണ്ടിട്ടുണ്ട്. നടന്നുവരാൻ പറ്റില്ല. കാലിലാണ് വെടികൊണ്ടത്. മാത്രമല്ല. ''എന്റടുത്ത്...""
വേദനയുടെ കൊടുമ്പിരി അവന്റെ വാക്കുകളെ വിറപ്പിച്ചു.
''എന്റടുത്ത് കാട്ടാനയുണ്ട്.""
ഫാദർ തോമിന്റെ അരുളപ്പാടുകൾ
പെട്ടെന്ന് മൊബൈലിന്റെ നിലവെട്ടം മറഞ്ഞു. ഇവന്റെ രക്ഷകൻമാർ ഇപ്പോൾ എത്തുമായിരിക്കും. അതോ ശത്രുക്കളോ?
ആരായാലും അവർക്ക് ഈ ഉൾക്കാട്ടിലേക്ക് കയറാൻ എളുപ്പമൊന്നും പറ്റില്ല. താഴ്വാരത്തിൽ ജീപ്പിലെത്തിയശേഷം കാട്ടാറ് കടന്ന് വേണം ആനത്താരയിലേക്ക് പ്രവേശിക്കാൻ. അപ്പോഴേക്കും ഈ യുവാവ് ചോരവാർന്ന് മരിച്ചിട്ടുണ്ടാകും. ഇപ്പോഴേ അവന് ബോധം മറഞ്ഞു കഴിഞ്ഞു.
''നീ എന്താ ആലോചിക്കുന്നത്.""
''എന്താ താമസം?""
ദൂരെ നിന്ന് അവൾ ചോദിക്കുന്നു.
''നീ കയറിപ്പോയില്ലേ പെണ്ണേ...? കാട്ടാനകൂട്ടം കാടുകയറിപ്പോയപ്പോൾ നീയെന്തിനാ അവിടെത്തന്നെ നിന്നുകളഞ്ഞത്?""
''നിന്നെ കൂട്ടികൊണ്ടുപോവാനാണ്...""
''ഇല്ല ഞാൻ വൈകും. എനിക്ക് ചിലതു ചെയ്തു തീർക്കാനുണ്ട്.""
''നീ ഒന്നും ചെയ്യരുത്.. എന്നെങ്കിലും ചെയ്താൽ അതു നിനക്ക് തന്നെ പാരയാകുമേ.""
''കഴിഞ്ഞാഴ്ച വിറകു പെറുക്കാൻ വന്ന് കാട്ടിൽ മരിച്ച സ്ത്രീയെ നീ കുത്തിയെന്നും ഉപദ്രവിച്ചുവെന്നുമൊക്കെയാണ് പരാതി.""
''അതെങ്ങനെ? അവളെ നാട്ടീന്ന് ഒരുത്തൻ രഹസ്യമായി സന്ധിക്കുമായിരുന്നത് നമ്മൾ കണ്ടിട്ടുള്ളതല്ലേ. അവളെ ഉപയോഗം കഴിഞ്ഞതിന് ശേഷം അവൻ കൊക്കയിലേക്ക് ഉന്തിയിട്ട് കൊന്നു. വീണത് മരകൊമ്പിലേക്കാണ്. ആന കൊമ്പിലേക്കല്ല... പക്ഷേ ഞാനവളെ എടുത്ത് മുകളിലെത്തിച്ചപ്പോഴേക്കും ആ പെൺകൊച്ച് മരിച്ചുകഴിഞ്ഞിരുന്നു. പാവം ഒരു ആദിവാസിക്കുട്ടി. അവൾക്ക് കുട്ടിക്കാലം മുതലേ നമ്മളെയൊക്കെ കണ്ട് ശീലമാണ്. നമ്മൾ അവളെ കുത്തുമെന്നോ കൊല്ലുമെന്നോ ആദിവാസിക്കുടിലിലാരും പറയില്ല. കാട്ടുതേനെടുക്കാനോ കാട്ടുനെല്ലിക്ക പറിക്കാനോ, മരുന്നിലകൾ ശേഖരിക്കാനോ അവർ വരാറില്ലേ. ചിലപ്പോൾ വാലുകൊണ്ടടിച്ചോ കൊമ്പുകുലുക്കിയോ ഒന്ന് പേടിപ്പിച്ചാൽ അവർ ഓടിപ്പോകും. അത്രതന്നെ. അവർ കാടിന്റെ കുഞ്ഞുങ്ങൾ. നമ്മളും കാടിന്റെ മക്കൾ.
''പക്ഷേ പത്രത്തിലൊക്കെ വാർത്തകൾ വന്നത് വിറക് പെറുക്കാൻ വന്ന സ്ത്രീ ഒറ്റയാന്റെ കുത്തേറ്റ് മരിച്ചുവെന്നാണ്. അവൾ ഗർഭിണിയായിരുന്നുവെന്ന് ആരും പറഞ്ഞില്ല.''
ഒറ്റയാൻ എഴുന്നേറ്റു. തുമ്പിക്കൈ കൊണ്ട് യുവാവിനെ കോരിയെടുത്തു. താഴേയ്ക്കിറക്കി കാട്ടരുവി മുറിച്ച്കടന്നു.
പാറകൂട്ടങ്ങൾക്കിടയിലെ മൺത്തിട്ടയിൽ മലർത്തികിടത്തി. തണുത്തവെള്ളം കുടഞ്ഞ് യുവാവിനെ തട്ടിയുണർത്താൻ ശ്രമിച്ചു. യുവാവ് കണ്ണു തുറന്നു. വെളിവാക്കപ്പെട്ട സത്യം യുവാവിനെ അത്ഭുത പരവശനാക്കി. അവൻ നന്ദിയോടെ കരിവീട്ടിപ്പോലെ കറുത്ത ആ മൃഗത്തെ നോക്കി.
ജീപ്പുകൾ മലകയറി, കാടുചുറ്റി വരുന്നുണ്ടായിരുന്നു. ജീപ്പിൽ നിന്ന് തോക്കുധാരികൾ ഇറങ്ങുന്നത് കണ്ട് ഒറ്റയാൻ മുകളിലേക്ക് തന്നെ കുതിച്ചുകയറിപ്പോയി.
''വേഗം വാ...""
അവന്റെ പെണ്ണാന അവനേയും കാത്ത് നിബിഡ വനത്തിന്റെ ചരുവിൽ നിന്നിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു. വന്നവരുടെ കൂട്ടത്തിൽ യുവാവിനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചവനും ഉണ്ടായിരുന്നു. പിറ്റേന്ന് പത്രത്തിലെ വാർത്ത ഇപ്രകാരമായിരുന്നു.
ഒറ്റയാനായ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർ ആയ യുവാവ് കൊല്ലപ്പെട്ടു. മനുഷ്യർക്ക് ഭീഷണിയായ ഒറ്റയാനെ വെടിവച്ച് കൊല്ലുവാനുള്ള ഓർഡറുമായി വനപാലകർ കാടുകയറിത്തുടങ്ങിയിരിക്കുന്നു.