മകന്റെ കാൻസർ ചികിത്സയ്ക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ച അനസിന് സർക്കാരിന്റെ കൈത്താങ്ങ്. കുഞ്ഞിന്റെ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്നും,അനസുമായി ഫോണിൽ സംസാരിച്ചെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു.
'വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആർ.സി.സിയിൽയിൽ അഡ്മിറ്റാവുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേർ സഹായിച്ചത് ഉൾപെടെ ചേർത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു'വെന്ന് അനസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.അതിന് തൊട്ടുപിന്നാലെയാണ് അനസിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ആറിയിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങൾ. തന്റെ വിഷമത്തേക്കാൾ വലുത് അന്യന്റെ ദുരിതമാണെന്നവികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക.
എന്നാൽ കുഞ്ഞിന്റെ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. അനസുമായി ഫോണിൽ സംസാരിച്ചിരുന്നു. റീജിയണൽ കാൻസർ സെന്ററിൽ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കും.കുഞ്ഞ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.