red-113

ചന്ദ്രകല ഒന്നു വിലപിക്കാനായി വാ തുറന്നതാണ്. എന്നാൽ പെട്ടെന്നടക്കി. കിടാവ് സാർ കണ്ടാൽ...

അവളുടെ ആ ഭാവം പ്രജീഷ് ശ്രദ്ധിച്ചു. എന്താണെന്ന് അയാൾ കണ്ണു കൊണ്ടു തിരക്കി.

ചന്ദ്രകല, പാഞ്ചാലിയുടെ മുറിയ്ക്കു നേരെ ആംഗ്യം കാണിച്ചു.

പ്രജീഷ് അവിടേക്കു നോക്കി. ഒന്നും കണ്ടില്ല!

അതിനുശേഷം ചന്ദ്രകലയും പേടിയോടെ അവിടേക്കു കണ്ണയച്ചു.

ഇപ്പോൾ അവിടം ശൂന്യം! എങ്കിലും അത് തന്റെ തോന്നലല്ല എന്ന് ചന്ദ്രകലയ്ക്ക് ഉറപ്പുണ്ടായിരുന്നു.

എം.എൽ.എ ശ്രീനിവാസ കിടാവിന്റെ ശബ്ദം ഇരുവരെയും ഉണർത്തി.

''ഇനി വിലയുടെ കാര്യം... ഞാൻ രജിസ്ട്രാർ ഓഫീസിൽ തിരക്കിച്ചു. കോവിലകം നിൽക്കുന്നത് പത്തേക്കർ പുരയിടം. മറ്റ് പല സ്ഥലങ്ങളിലുമായി ചിതറിക്കിടക്കുന്നത്, നിലമ്പൂർ ടൗണിലെ രണ്ടേക്കർ അടക്കം ഇരുപത്തിയഞ്ച് ഏക്കർ. മൊത്തം മുപ്പത്തിയഞ്ച്. എന്തു വിലയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?"

ചന്ദ്രകലയ്ക്കും പ്രജീഷിനും പെട്ടെന്നൊരു മറുപടി പറയുവാൻ കഴിഞ്ഞില്ല.

എങ്കിലും പ്രജീഷ് സൂചിപ്പിച്ചു:

''കോവിലകത്തുള്ള സ്ഥാവരജംഗമവസ്തുക്കൾ അടക്കമാകണം സാർ കച്ചവടം."

''അതങ്ങനെതന്നെ വേണമല്ലോ...." കിടാവ് ചിരിച്ചു. ''കോവിലകത്ത് പുതിയ വിളക്കുകളും കസേരകളും ഒന്നും കൊണ്ടിട്ടാൽ ശരിയാവില്ല. ഒക്കെ പഴയതു തന്നെയായിരിക്കണം. എങ്കിലേ തനിമയുണ്ടാകൂ..."

ഒന്നു മടിച്ചിട്ട് ചന്ദ്രകല തിരക്കി:

''അതിരിക്കട്ടെ. ഇന്നത്തെ മാർക്കറ്റ് വാല്യു അനുസരിച്ച് സാറിന്റെ ഉള്ളിൽ എല്ലാത്തിനും കൂടി എന്തുവിലയാണിട്ടിരിക്കുന്നത്? അതൊന്നറിഞ്ഞാൽ ഞങ്ങൾക്കും സമ്മതമാണെങ്കിൽ വിലപേശലിന്റെ കാര്യമില്ലല്ലോ..."

കിടാവ് അവളുടെ കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും ഒരു നിമിഷം നോക്കിയിരുന്നു.

പിന്നെ അറിയിച്ചു:

''അതൊരിക്കലും ശരിയാവില്ല കലേ... ബിസിനസ്സ് ഈസ് ബിസിനസ്സ്. ഞാൻ കളിപ്പിച്ചുകൊണ്ടുപോയി എന്ന് നിങ്ങൾക്കും നഷ്ടം വന്നു പോയി എന്ന് എനിക്കും പിന്നീടൊരിക്കൽ കുണ്ഠിതം തോന്നാൻ ഇടവരരുത്. സാരമില്ല. നിങ്ങൾ നാളെ പറഞ്ഞാൽ മതി."

കിടാവ് യാത്രയ്ക്കൊരുങ്ങി.

''സാറേ. നല്ല സ്കോച്ചിരുപ്പുണ്ട്. ഒരണ്ണം..."

പ്രത്യാശയോടെ പ്രജീഷ് അയാളെ നോക്കി. മദ്യപിച്ചിരിക്കുമ്പോൾ അയാളുടെ മനസ്സിലുള്ളത് ചോർത്താം എന്നൊരു ലക്ഷ്യമുണ്ടായിരുന്നു പ്രജീഷിന്.

പക്ഷേ കിടാവ് പുഞ്ചിരിച്ചു.

''അത് ശരിയാവില്ല. പ്രത്യേകിച്ചും ഒരു കച്ചവടം ചിന്തിക്കുമ്പോൾ."

പ്രജീഷിന്റെ മുഖം മങ്ങി.

അത് ശ്രദ്ധിക്കാതെ ശ്രീനിവാസ കിടാവ് എഴുന്നേറ്റു.

''അപ്പോൾ നാളെ...."

അയാൾ പോയി.

കാർ ഗേറ്റു കടന്നതും പ്രജീഷ്, ചന്ദ്രകലയ്ക്കു നേരെ തിരിഞ്ഞു.

''പാഞ്ചാലിയുടെ മുറിക്കു നേരെ നീ എന്തിനാ ആംഗ്യം കാണിച്ചത്?:"

''അവിടെ ഒരാൾ നമ്മൾ പറയുന്നതെല്ലാം ശ്രദ്ധിച്ചുനിന്നിരുന്നു." ചന്ദ്രകലയുടെ ശബ്ദം ചിലമ്പി.

'നിനക്ക് തോന്നിയതായിരിക്കും. ഞാനൊന്നും കണ്ടില്ലല്ലോ..."

''പിന്നെ നോക്കിയപ്പോൾ ഞാനും കണ്ടില്ല. " എങ്ങനെയായാലും ഈ നശിച്ച കോവിലകം ഒന്നു വിറ്റ് കിട്ടിയാൽ മതിയായിരുന്നു..."

പാഞ്ചാലിയുടെ മുറിയിൽ പോയി ഒന്ന് തിരഞ്ഞാലോ എന്നുണ്ടായിരുന്നു ഇരുവർക്കും. പക്ഷേ പേടി കാരണം വേണ്ടെന്നുവച്ചു.

ചന്ദ്രകല കോവിലകത്തിന്റെ ആനവാതിൽ അകത്തുനിന്നടച്ച് എല്ലാ കുറ്റികളുമിട്ടു.

ശേഷം മുറിയിൽ പോയിരുന്ന് ഇരുവരും വസ്തു വിലയെക്കുറിച്ച് സംസാരിച്ചു.

''ഈ കോവിലകവും ഇതോടു ചേർന്ന വസ്തുക്കൾക്കും കൂടി എങ്ങനെ പോയാലും പതിനഞ്ചു കോടിയിൽ കൂടുതൽ കിട്ടും. പിന്നെ നിലമ്പൂരിന്റെ കണ്ണായ സ്ഥാനത്തു കിടക്കുന്ന രണ്ടേക്കർ.... അതിന്റെ വില നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ചിലപ്പോൾ ഒരു സെന്റിനു തന്നെ ഒരുകോടി തരുവാൻ ആളുണ്ടാവും."

പ്രജീഷ് കുറച്ചു വിസ്കി പകർന്ന് ഐസ് ക്യൂബുകൾ വാരിയിട്ടു. അതിൽ നിന്ന് വെള്ളി മുത്തുകൾ പോലെ കുമിളകൾ ഉയരുന്നതു നോക്കി അല്പനേരമിരുന്നു.

''ഒക്കെ സത്യം തന്നെയാ പ്രജീഷേ... നമുക്കു പക്ഷേ കിടാവു സാറിനോട് അങ്ങനെ വില പേശാൻ പറ്റത്തില്ലല്ലോ... നമ്മൾ നടത്തിയിട്ടുള്ള കൊലപാതകങ്ങളുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ആളല്ലേ? പോരെങ്കിൽ രാഷ്ട്രീയക്കാരനും. ഉള്ളിൽ നീരസം വന്നു പോയാൽ നമുക്കുതന്നെയാണ് ആപത്ത്."

ചന്ദ്രകല പറഞ്ഞതു സത്യമാണെന്ന് പ്രജീഷിനും അറിയാം. അയാൾ ഗ്ളാസുയർത്തി ഒന്നു സിപ്പു ചെയ്തിട്ട് മേശപ്പുറത്തുവച്ചു.

''നിനക്ക് വേണോ?" അയാൾ വിസ്കിക്കു നേരെ കൈചൂണ്ടി.

''ഒന്നൊഴിക്ക്. ഇപ്പം ഉറക്കം വരണമെങ്കിൽ ഇതൽപ്പം വേണമെന്ന അവസ്ഥയായി. അല്ലെങ്കിൽ പേടിച്ചു ഞാൻ ചത്തുപോകും."

പ്രജീഷ് ഒരു ഗ്ളാസിൽ അവൾക്കും മദ്യം പകർന്നു.

ഒറ്റവലിക്ക് ചന്ദ്രകല അത് അകത്താക്കി .

അടുത്ത നിമിഷം പുറത്തുകൂടി ആരൊക്കെയോ നടക്കുന്നതിന്റെ ഒച്ച.....

കുറേയധികം ആളുകൾ...

''പ്രജീഷ്...." ചന്ദ്രകലയുടെ ശബ്ദം പുറത്തുവന്നില്ല.

അവളുടെ ഭീതിക്ക് ഒരനുബന്ധം എന്നവണ്ണം കറണ്ടും പോയി... സർവത്ര ഇരുട്ട്....!

(തുടരും)