flood

പ്രളയത്തെ തുടർന്ന് ക്യാമ്പുകളിലെത്തിയവർ മണ്ണിടിച്ചിലുണ്ടായ വീടുകളിലേക്ക് തിരിച്ചെത്തുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കേരളത്തിലെ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ, പ്രത്യേകിച്ചും സിവിൽ എൻജിനിയറിംഗ് പഠിക്കുന്നവർ, അദ്ധ്യാപകരുടെയും സർക്കാർ സംവിധാനങ്ങളുടെയും നേതൃത്വത്തിൽ മണ്ണിടിച്ചിലുണ്ടായ കുന്നുകളിലെ ചെരുവുകളിലും താഴ്‌വാരത്തുമുള്ള വീടുകളിലെ സുരക്ഷ പരിശോധിച്ച് പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചു മാർക്ക് ചെയ്‌ത് കൊടുക്കുന്നത് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും. ചുവപ്പ് മാർക്ക് വീട് സുരക്ഷിതമല്ലെന്നതിന്റെ സൂചനയാണ്. താമസം തുടങ്ങും മുമ്പ് മുൻകരുതലെടുക്കേണ്ടതിന് ഓറഞ്ച് മാർക്ക്, സുരക്ഷിതമായ വീടുകൾക്കാണ് പച്ച മാർക്ക്. ഭൂകമ്പങ്ങൾക്ക് ശേഷം അവലംബിക്കുന്ന രീതിയാണിത്.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇങ്ങനെ

 ഒന്നോ രണ്ടോ ദിവസം നന്നായി വെയിൽ തെളിഞ്ഞ് ഈർപ്പം കുറഞ്ഞതിന് ശേഷമേ മണ്ണിടിഞ്ഞ പ്രദേശങ്ങളിലേക്ക് പോകാവൂ. വിള്ളലുകളുണ്ടോ എന്നും പ്രദേശം സുരക്ഷിതമാണോ എന്നും ഉറപ്പാക്കുക.

 പകൽ സമയത്ത്, നല്ല തെളിച്ചമുള്ളപ്പോഴേ വീട്ടിലേക്ക് വരാവൂ.

 രണ്ടോ അതിലധികമോ പേരുടെ സംഘമായേ തിരികെ വരാവൂ. സംഘത്തിൽ കുട്ടികൾ, രോഗികൾ, മാനസിക ബുദ്ധിമുട്ടുള്ളവർ എന്നിവരുണ്ടാകരുത്. വീടും ചുറ്റുപാടും സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷമേ ഈ വിഭാഗത്തിലുള്ളവരെ കൊണ്ടുവരാവൂ.

 വീടും പുരയിടവും സൂക്ഷ്‌മമായി നിരീക്ഷിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയിട്ടേ പോകാവൂ.

 മണ്ണിടിച്ചിലുണ്ടായിടത്ത് ആദ്യം വാഹനങ്ങളിൽ പോകരുത്. ഇത് വീണ്ടും മണ്ണിടിച്ചിലുണ്ടാക്കാനുള്ള സാദ്ധ്യത കൂട്ടും.

 കുന്നിൻ ചെരുവിൽ വീടുകളുള്ളവർ പ്രദേശത്ത് വിള്ളലുകളോ മണ്ണിടിച്ചിലോ ഉണ്ടെങ്കിൽ അവിടെ താമസിക്കരുത്. വിവരം അധികൃതരെ അറിയിക്കുക. ബന്ധപ്പെട്ടവരെക്കുറിച്ച് അറിയില്ലെങ്കിൽ പഞ്ചായത്ത് അംഗത്തെയോ എം.എൽ.എയോ അറിയിക്കുക.

 വീട്ടിൽ കയറും മുമ്പ് മതിലുകളിൽ വിള്ളലുണ്ടോ, ഗേറ്റ് അടയ്ക്കാൻ പ്രയാസമുണ്ടോ, രണ്ടു ഗേറ്റുകൾ തമ്മിൽ ലെവൽ മാറ്റം കാണുന്നുണ്ടോ എന്നൊക്കെ നിരീക്ഷിക്കുക. പറമ്പിൽ വിള്ളലുകളോ മണ്ണിടിച്ചിലോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുക.

 വീടിന് മുകളിൽ മരങ്ങൾ മറിഞ്ഞു കിടപ്പുണ്ടെങ്കിൽ താഴേക്ക് ഊർന്നു വരാൻ സാദ്ധ്യതയുണ്ടോ എന്ന് പരിശോധിക്കണം.

 മലഞ്ചെരുവുകളിലുള്ള വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണിരിക്കാൻ സാദ്ധ്യതയുണ്ട്. നിലത്ത് വൈദ്യുതി കമ്പികൾ കിടപ്പുണ്ടെങ്കിൽ സ്‌പർശിക്കരുത്. വിവരം കെ.എസ്.ഇ.ബി ഓഫീസിൽ അറിയിക്കണം.

 വീട്ടിലേക്ക് പ്രവേശിക്കും മുമ്പ് വൈദ്യുതി ഓഫാക്കണം.

 വീടിന്റെ തറയ്‌ക്കോ ഭിത്തിക്കൾക്കോ വിള്ളലുണ്ടോ തറയും ചുറ്റുമുള്ള മണ്ണും തമ്മിൽ വിടവുണ്ടോ, പൈപ്പ്‌ലൈൻ ഒടിയുകയോ വളയുകയോ ചെയ്തിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.

 വീട്ടിലേക്ക് മണ്ണോ ചെളിയോ കയറിയിട്ടുണ്ടെങ്കിൽ ഒപ്പം ഇഴജന്തുക്കളും കണ്ടേക്കാം. അതിനാൽ മുൻകരുതലെടുക്കണം.

 വീട്ടിൽ കയറിയാലുടൻ ഗ്യാസ് കണക്‌ഷൻ പരിശോധിക്കുക. ലീക്കുണ്ടായിരിക്കാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.

 ഫ്രിഡ്‌ജിലും ഫ്രീസറിലുമുണ്ടായിരുന്ന ഭക്ഷ്യവസ്‌തുക്കൾ മലിനമായതിന് പുറമേ വിഷവാതകങ്ങൾ വമിപ്പിക്കുന്ന സാഹചര്യവും ഉണ്ടാകാം. ശ്രദ്ധയോടെ അവ തുറന്നു കൈകാര്യം ചെയ്യുക.

 വീടെല്ലാം ബ്ലീച്ചിംഗ് പൗഡറിട്ട് വൃത്തിയാക്കിയ ശേഷം ജനലും വാതിലും ഒരു പകലെങ്കിലും തുറന്നിട്ട് ദുർഗന്ധം മാറി ഈർപ്പം കുറഞ്ഞതിന് ശേഷമേ താമസിക്കാവൂ.