''ഹോ..." ചന്ദ്രകലയുടെ കണ്ഠത്തിൽ നിന്ന് ഒരു ശബ്ദമുയർന്നു.
നടുമുറ്റത്ത് അളിഞ്ഞ ഒരു ശവശരീരം!
അതിന്റെ മാംസമൊക്കെ ചിതറി മാറി അസ്ഥികൾ തെളിഞ്ഞ്....
മുഖത്ത് പകുതിയും അസ്ഥി മാത്രം. പല്ലുകൾ ഉന്തി... കണ്ണുകളുടെ ഭാഗത്ത് കുഴികളുമായിട്ട്...
ശരീരം മുഴുവൻ ഒരിഞ്ചു നീളമുള്ള പുഴുക്കൾ ഇഴയുന്നു.
''ഗ്‌ഗേ..."
ഓക്കാനം വന്ന് ചന്ദ്രകല വാ പൊത്തിപ്പിടിച്ചുകൊണ്ട് ബാത്ത്‌റൂമിലേക്കോടി.
പ്രജീഷിനു കാലുകൾ അനങ്ങിയില്ല. രാത്രി മുതൽ അനുഭവപ്പെട്ടത് ഈ ശവത്തിന്റെ ഗന്ധമാണ്!
മാത്രമല്ല നടുക്കത്തിന്റെ അകമ്പടിയോടെ അയാൾ മറ്റൊന്നുകൂടി തിരിച്ചറിഞ്ഞു.
മാന്തി പുറത്തെടുത്തിട്ടിരിക്കുന്ന ശവശരീരം അണലി അക്‌ബറുടേതാണ്!
''പ്രജീഷ്... " ബാത്ത്‌റൂമിന്റെ വാതിൽ തുറന്ന് തല അല്പം പുറത്തേക്കു നീട്ടി ചന്ദ്രകല വിളിച്ചു.
''എന്തെങ്കിലും ഉടനെ ചെയ്യ്.... എനിക്കങ്ങോട്ടു വരാനും അത് കാണാനും വയ്യ...."
പ്രജീഷ് ഒരു നിമിഷം ചിന്തിച്ചു. തങ്ങളെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ ശവം മാന്തി പുറത്തിട്ടിരിക്കുന്നത് എന്നു വ്യക്തം.
നേരം പുലർന്നതോടുകൂടി അയാൾക്ക് അല്പം ധൈര്യമായി.
പ്രേതം പകൽ സമയം വരില്ലല്ലോ... പ്രജീഷ് വേഗം തിരിഞ്ഞു.
തലേന്ന് അല്പം മാത്രം ഉപയോഗിച്ചതിന്റെ ബാക്കി വിസ്കി മേശപ്പുറത്തുണ്ടായിരുന്നു.
അതെടുത്ത് അടുപ്പു തുറന്ന് കുപ്പിയോടുകൂടി അയാൾ വായിലേക്കു കമിഴ്‌ത്തി. വെള്ളം പോലും ചേർക്കാതെ.
''നിങ്ങളെന്താ ഈ കാണിക്കുന്നത്?" ബാത്ത്‌റൂമിൽ നോക്കിനിന്ന ചന്ദ്രകല അമ്പരന്നു.
''ഇതല്ലാതെ പിന്നെ എന്തു കാണിക്കാനാടീ?"
തുടരെ നാലഞ്ചു കവിൾ അകത്താക്കി പ്രജീഷ്. പിന്നെ ശബ്ദത്തോടെ കുപ്പി മേശപ്പുറത്തേക്ക് ഇടിച്ചുവച്ചു.
തുടർന്ന് ചന്ദ്രകലയെ നോക്കി:
''ഞാൻ വിളിച്ചിട്ട് നീ വന്നാൽ മതി."
പ്രജീഷ് പുറത്തിറങ്ങി.
മദ്യം പ്രവർത്തിച്ചുതുടങ്ങിയതോടെ അയാൾക്കു കൂടുതൽ ധൈര്യമായി.
ദുർഗ്ഗന്ധം തിരിച്ചറിയുവാനാകാത്ത അവസ്ഥയായി.
പ്രജീഷ് സ്റ്റോർ റൂമിൽ ചെന്ന് മൺവെട്ടിയും കൂന്താലിയും എടുത്തു കൊണ്ടുവന്നു.
നേരത്തെയുള്ള ഭാഗത്തുതന്നെ വീണ്ടും ഒരു കുഴി തീർത്തു. ശവശരീരം അതിലേക്കു വലിച്ചിട്ടു മൂടി.
അപ്പോഴും പുഴുക്കൾ നടുമുറ്റത്ത് അങ്ങിങ്ങ് ഇഴയുന്നുണ്ടായിരുന്നു....
പെട്ടെന്നാണ് അയാൾ അത് ശ്രദ്ധിച്ചത്. നടുമുറ്റത്ത് അസംഖ്യം കാൽപ്പാടുകൾ... ഒരുപാട് പേർ അവിടെ വന്നിരുന്നെന്നു വ്യക്തം.
പണിയായുധങ്ങൾ പുറത്തുകൊണ്ടുപോയി കഴുകിവച്ചു.
പുറത്തെ ബാത്ത്‌റൂമിൽത്തന്നെ കുളിയും കഴിഞ്ഞാണ് അയാൾ ചന്ദ്രകലയുടെ അടുത്തെത്തിയത്.
''ഇനി ഇറങ്ങിപ്പോരെ..."
ദുർഗന്ധം അപ്പോഴും എല്ലായിടത്തും തങ്ങിനിൽക്കുകയാണ്.
നടുമുറ്റത്തിനു ചുറ്റുമുള്ള എല്ലാ മുറികളിലെയും ഫാനുകൾ അവൾ ഫുൾ സ്‌പീഡിലിട്ടു. ശേഷം അവിടെയുണ്ടായിരുന്ന മുഴുവൻ എയർ ഫ്രഷ്‌നർ ബോട്ടിലുകളും ബോഡി സ്‌പ്രേയുടെ ബോട്ടിലുകളുമെടുത്ത് എല്ലായിടത്തും പലവട്ടം സ്‌പ്രേ ചെയ്തു.
അപ്പോൾ ദുർഗ്ഗന്ധത്തിന് അല്പമൊരു ശമനമുണ്ടായി. പ്രജീഷും അവളെ സഹായിക്കാനെത്തി.
ആ നേരത്താണ് ഇരുവരുടെയും കണ്ണുകളിൽ അവ പതിഞ്ഞത്.
എല്ലാ മരത്തൂണുകളിലും അടിച്ച പാടുകൾ...
പച്ചക്കമ്പുകൾ കൊണ്ടാണ് അടിച്ചതെന്നു വ്യക്തം:
കാരണം അവയുടെ തൊലിയുരിഞ്ഞ് തൂണുകളിൽ പറ്റിപ്പിടിച്ചിരുന്നു....
''പ്രേതങ്ങളിങ്ങനെ കമ്പുകൾകൊണ്ട് താളമടിക്കുമോ? ഇന്നുവരെ അങ്ങനെ കേട്ടിട്ടില്ലല്ലോ..."
സംശയത്തോടെ അയാൾ ചന്ദ്രകലയെ നോക്കി.
അവൾക്ക് സങ്കടത്തിനും ഭീതിക്കും മേലെ ദേഷ്യം കൂടി വന്നു.
''ആ... എനിക്കറിയത്തില്ല. ഞാൻ പ്രതങ്ങളുടെ കൂടെപ്പോയി താമസിച്ചിട്ടില്ല. പിന്നെ ഇന്നലെ രാത്രിയിൽ നേരിട്ട് അവറ്റകളോട് ചോദിക്കാനുള്ള അവസരമുണ്ടായിരുന്നല്ലോ. എന്താ തിരക്കാത്തത്?"
അത്രയും ചോദിച്ചിട്ട് അവൾ പിറുപിറുത്തു.
''മദ്യപിച്ചു കഴിയുമ്പോൾ വല്യ ധൈര്യമാ. രാത്രിയിൽ പേടിച്ച് അറിയാതെ മൂത്രമൊഴിച്ചുപോയത് മറ്റാരും അറിഞ്ഞില്ലെന്നു കരുതണ്ടാ..."
പതുക്കെയാണ് അവൾ പറഞ്ഞതെങ്കിലും പ്രജീഷ് അതു കേട്ടു.
അയാൾ വിളറിപ്പോയി.
ചന്ദ്രകല കിച്ചണിലേക്കു നടക്കാൻ ഭാവിച്ചു.
പെട്ടെന്ന് കോവിലകത്തിനു മുന്നിൽ തൂക്കിയിരുന്ന ഓട്ടുമണി ശബ്ദിച്ചു.
അവിടെ ആരോ വന്നിരിക്കുന്നു.
''പ്രജീഷ് ഒന്നു പോയി നോക്ക്."
അവൾ പറഞ്ഞു.
''വന്നിരിക്കുന്നവർ നിലയും വിലയും ഉള്ളവരാണെങ്കിൽ ഞാൻ ചെന്നാൽ കുഴപ്പമാ. എന്നെ മദ്യം മണക്കും.
അതിരാവിലെ ഞാൻ കുടിച്ചത് എന്തിനെന്ന് അവർ സംശയിക്കില്ലേ?"
ശരിയാണ്!
ചന്ദ്രകല ഓർത്തു. ഒരു ആഭാസനെയാണ് താനിവിടെ താമസിപ്പിച്ചിരിക്കുന്നതെന്ന് അവർ കരുതും.
അവൾ ചെന്നു വാതിൽ തുറന്നു.
മുറ്റത്ത് ഒരു മദ്ധ്യവയസ്കൻ. മുഷിഞ്ഞ മുണ്ടും ഷർട്ടും വേഷം. അടുത്ത് എവിടെയോ ഉള്ള ആളാണെന്ന് അവൾക്കു തോന്നി.
''എന്താ?" കടുപ്പത്തിലാണ് ചോദിച്ചത്.
വിളർച്ചയോടെ അയാൾ തിരിച്ചു ചോദിച്ചു.
''ഇവിടുത്തെ കാറെന്തിയേ?"
ചന്ദ്രകല പോർച്ചിലേക്കു നോക്കി.
കാർ അവിടെ കണ്ടില്ല!
(തുടരും)