വയനാട്: ഒന്നിച്ചു നിന്നാൽ പ്രളയം മൂലമുള്ള ബുദ്ധിമുട്ടുകൾ അതിജീവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യം ശ്രദ്ധ വേണ്ടത് രക്ഷാപ്രവർത്തനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് ശേഷം പുനരധിവാസം ഉറപ്പാക്കുമെന്നും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി പ്രയാസങ്ങളാണ് ആളുകൾ നേരിടുന്നത് ഇത്തരം കാര്യങ്ങൾ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകുമെന്നും കുറച്ച് പേരെയെങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാര്യത്തിലും സർക്കാർ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി ദുരിതബാധിതരോട് പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നാടിനോടൊപ്പം നിന്നുതന്നെ സർക്കാർ നേതൃത്വം കൊടുക്കും. എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നമുക്കൊന്നിച്ചു നിന്നുകൊണ്ട് അതിജീവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തബാധിത മേഖലകൾ സന്ദർശിക്കാനായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. മേപ്പാടിയിലെ ക്യാമ്പുകൾ സന്ദർശിച്ച ശേഷം 12ന് കലക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. തുടർന്ന് ഹെലികോപ്റ്ററിൽ മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി കവളപ്പാറ ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. വയനാട്ടിലെ പുത്തുമലയിലും മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലും ഉരുൾപൊട്ടലിൽ സമാനതകളില്ലാത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.