ശ്രീനഗർ: ലഡാക്ക് അതിർത്തിയിൽ പാകിസ്ഥാൻ പോർവിമാനങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് ശേഷം ഇന്ത്യൻ സൈന്യം ജാഗ്രതയിലായിരുന്നു. എന്നാൽ മറ്റൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സ്കർദു താവളത്തിലേക്ക് മൂന്ന് ചരക്കുവിമാനങ്ങളിൽ പാകിസ്ഥാൻ ആയുധങ്ങൾ എത്തിച്ചുവെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്.
പാകിസ്ഥാന്റെ നീക്കങ്ങളും അതിർത്തിയിൽ വിമാനം വിന്യസിച്ചതും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനോട് ചേർന്നുള്ള സ്കർദു എയർ ബേസിലാണ് പാകിസ്ഥാൻ വിമാനങ്ങൾ കാണപ്പെട്ടത്. സി-130 എന്ന് പേരുള്ള മൂന്ന് ട്രാൻസ്‌പോർട്ട് വിമാനങ്ങളാണ് പാകിസ്ഥാൻ ഇവിടെ ഇറക്കിയത്. പോർവിമാനങ്ങൾക്ക് ആവശ്യമായ പടക്കോപ്പുകൾ കൊണ്ടുപോകുന്ന തരത്തിലുള്ള വിമാനങ്ങളാണിവ.
താമസിയാതെ തന്നെ പാകിസ്ഥാൻ വ്യോമസേനയുടെ പോർവിമാനങ്ങളായ ജെ.എഫ്-17 ഫൈറ്റർ വിമാനങ്ങൾ ഇവിടേക്ക് വിന്യസിക്കുമെന്നാണ് സൂചന.
എന്നാൽ തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും വച്ച് പാകിസ്ഥാൻ ഒരു വ്യോമാഭ്യാസത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിന്റെ ഒരുക്കം മാത്രമാണിതെന്നും പറയപ്പെടുന്നുണ്ട്. പാകിസ്ഥാന്റെ പ്രധാന വ്യോമത്താവളമാണ് ലഡാക്കിനോട് ചേർന്ന് കിടക്കുന്ന സ്കർദു എയർ ബേസ്.മുൻപും യുദ്ധസമാനമായ സാഹചര്യം ഉണ്ടായിരുന്നപ്പോൾ ഇതേ വ്യോമത്താവളത്തിൽ പാകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പാകിസ്ഥാന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് അതിർത്തിയിലെ ഇപ്പോഴത്തെ ഈ സേനാ വിന്യാസം എന്നാണ് ഇന്ത്യ കരുതുന്നത്.
അതിർത്തി പൊതുവെ ശാന്തമാണെങ്കിലും ഷെല്ലാക്രമണം ഭയന്ന് ഗ്രാമീണരിൽ ചിലർ സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറിയതായി ഒരു പാക് മാദ്ധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തിരുന്നു. ജമ്മുകാശ്മീരിൽ അനിഷ്ട സംഭവങ്ങൾ നടത്താൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു.