തിരുവനന്തപുരം: പ്രളയദുരിതമനുഭവിതക്കുന്ന കേരളത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏറ്രവും കൂടുതൽ സഹായകമാകുന്ന പ്രവർത്തനങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത്. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങളും പെട്ടെന്ന് ആവശ്യമായ സഹായങ്ങളും കണ്ടെത്തുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സോഷ്യൽ മീഡിയ വലിയ രീതിയിലാണ് സഹായിക്കുന്നത്.
അങ്ങനെ സോഷ്യൽ മീഡിയയിലൂടെ പ്രളയദുരിതാശ്വാസത്തിന് ചുക്കാൻ പിടിച്ച വ്യക്തിയാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്ത് നായർ. രാവെന്നോ പകലെന്നാ ഇല്ലാതെയാണ് അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഏകോപിപ്പിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സൽപ്രവൃത്തിയെ അഭിനന്ദിച്ച് ഹരി പത്തനാപുരം എന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് വൈറലാകുന്നത്. പിന്നെയും മണിക്കൂറുകൾ ഇടവിട്ട് ഉപയോഗപ്രദമായ പോസ്റ്റുകൾ ഇട്ട് നെഞ്ചിലേക്ക് ഇടിച്ചു കയറുകയാണ് ഈ മനുഷ്യനെന്ന് ഹരി പത്തനാപുരം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രാത്രി 9 മണി...ആ മനുഷ്യൻ പോസ്റ്റ് ഇട്ടു തിരുവനന്തപുരത്ത് പ്രളയ ദുരിതാശ്വാസ സാധനങ്ങളുമായി അടുത്ത ട്രക്ക് പുറപ്പെടും എന്ന്
രാത്രി അല്പം കൂടി കനത്തപ്പോൾ ആ മനുഷ്യൻ പോസ്റ്റ് ചെയ്തു ഏതൊക്കെ അവശ്യ സാധനങ്ങൾ ആണ് വേണ്ടത് എന്ന്
അർദ്ധരാത്രി ആ മനുഷ്യൻ പോസ്റ്റ് ചെയ്തു പ്രളയ ബാധിതർക്ക് അത്യാവശ്യം വേണ്ട മരുന്നുകൾ ഏതൊക്കെ എന്ന്
കുറച്ചു കൂടി കഴിഞ്ഞു ആ മനുഷ്യൻ പോസ്റ്റിട്ടു എല്ലാവരും സമാധാനം ആയി ഉറങ്ങൂ ഡാം 7 മണിക്ക് തുറക്കില്ല വൈകിട്ട് മാത്രമേ തുറക്കൂ എന്ന്
കുറച്ചു കൂടി കഴിഞ്ഞപ്പോൾ ദാ വരുന്നു മറ്റൊരു പോസ്റ്റ് ക്യാമ്പിലേയ്ക് കമ്പിളി പുതപ്പുകൾ അത്യാവശ്യം ആണെന്ന്
അതും കഴിഞ്ഞു അടുത്ത പോസ്റ്റ് എത്തി ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങുന്നവർ ഗുളിക കഴിക്കണം എന്നു...
വെളുപ്പിന് അടുത്ത പോസ്റ്റ് എത്തി അല്പം ശ്രദ്ധിക്കുക മഴ കനക്കുന്നു എന്ന്
ഇതിനിടയ്ക്ക് എപ്പോൾ ഒക്കെയോ പുതിയ ഹാഷ് ടാഗുകളും മോട്ടിവേഷൻ പോസ്റ്റുമായി എത്തി...
ഉദയം ആയപ്പോളേയ്ക്കും ദുരിതാശ്വാസ ക്യാമ്പിൽ വേണ്ട പുതിയ അവശ്യ സാധനങ്ങളുടെ ലിസ്റ്റും ആയി ആ മനുഷ്യന്റെ പുതിയ പോസ്റ്റ് എത്തി..
പിന്നെയും മണിക്കൂറുകൾ ഇടവിട്ട് ഉപയോഗപ്രദമായ പോസ്റ്റുകൾ ഇട്ട് നെഞ്ചിലേക്ക് ഇടിച്ചു കയറുകയാണ് ഈ മനുഷ്യൻ
നിങ്ങൾക്ക് ഉറക്കം ഇല്ലേ മനുഷ്യാ...
ഐ എ എസ്സ് കാർക്ക് മനുഷ്യത്വം ഇല്ല എന്നു പറയുന്നത് വെറുതെ ആണല്ലേ
ഇനി പോയി കിടന്നു ഒന്നു ഉറങ്ങിക്കൂടെ