തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്നും (ചൊവ്വാഴ്ച) മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിൽ ബുധനാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 20 സെന്റിമീറ്ററിലധികം മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ അറിയിച്ചു. 17ന് മഴ കുറയാനാണ് സാദ്ധ്യത. ന്യൂനമർദം ശക്തിപ്രാപിച്ച് പശ്ചിമ ബംഗാൾ-ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കാനും സാദ്ധ്യതയുണ്ട്.
ആലപ്പുഴ, എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾ ശാന്തമായിരുന്നെങ്കിലും പുതിയ മുന്നറിയിപ്പ് ആശങ്കാജനകമാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട്ടായിരുന്നു. ഇന്ന് തീരപ്രദേശങ്ങളിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കുമെന്നും കടൽത്തിര 3.5 മീറ്റർ വരെ ഉയരാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിലിറങ്ങരുത്.