സകല റെക്കോർഡും ഭേദിച്ച് സ്വർണവില കുതിക്കുന്നു. പവന് 320 രൂപ വർദ്ധിച്ച് 27800 രൂപയായി. എക്കാലത്തെയും ഉയർന്ന നിലവാരമാണിത്. 3475 രൂപയാണ് ഗ്രാമിന്റെ വില. ഏതാണ്ട് ഒന്നരമാസത്തിനിടെ 3000 രൂപയുടെ വിലവർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലായ് രണ്ടിന് 24,920 രൂപയായിരുന്നു പവന്റെ വില. നാലുവർഷംകൊണ്ട് പവന് 9000 രൂപയുടെ വർദ്ധധനവാണ് ഉണ്ടായത്.
ആഗോള ഓഹരി വിപണിയിൽ സ്ഥിരതയില്ലാത്തതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് ആകൃഷ്ടരാകുന്ന പ്രവണത തുടരുന്നുണ്ട്. നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടൻ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നു. അതിന് പുറമെ ഇന്ത്യൻ രൂപയുടെ വില ഇടിഞ്ഞതും തിരിച്ചടിയായി. അമേരിക്ക ചൈനയുമായും തുർക്കിയുമായും തുടരുന്ന നികുതി തർക്കങ്ങളും സ്വർണവില ഉയരാൻ മറ്റൊരു കാരണമാണ്. കൂടാതെ പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നവും വിപണിയിൽ ആശങ്ക നിലനിറുത്തുന്നു.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോളതലത്തിൽ സ്വർണത്തെ നിക്ഷേപകർ വരവേറ്റതും വിലവർദ്ധിക്കുന്നതിനിടയാക്കി. ആഗോളവിപണിയിലെ വില വർദ്ധനവാണ് കേരളത്തിലും പ്രതിഫലിച്ചത്. രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇടിയുന്നത് തുടരുകയാണ്. ഈ സാഹചര്യത്തിൽ സ്വർണ വില ഇനിയും ഉയർന്നേക്കും. മാത്രമല്ല, ഓണവും വിവാഹ സീസണും വരുന്നതിനാൽ കേരളത്തിലും വില ഉയരാനാണ് സാദ്ധ്യത.