ന്യൂഡൽഹി: ജമ്മുകാശ്മീരിലെ വാർത്ത വിനിമയ നിയന്ത്രണങ്ങളിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത കർഫ്യൂ പിൻവലിക്കണമെന്നും വാർത്ത വിനിമയ സംവിധാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മാറ്റണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് തെഹ്‌സീൻ പൂനവാലയാണ് ഹർജി നൽകിയത്. ജസ്റ്റിസ് അരുൺ മിശ്ര, എം.ആർ.ഷ, അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഒറ്റ രാത്രി കൊണ്ട് കാശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. അവിടുത്തെ സ്ഥിതി ഗുരുതരമാണ് ആണ്. ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നില്ലെന്നും സാഹചര്യം അനുകൂലമാക്കാൻ സർക്കാരിന് കൂടുതൽ സമയം നൽകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കാശ്മീരിലെ ഈ സാഹചര്യം എത്രകാലം തുടരുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിനോട് ചോദിച്ചു.
'കേന്ദ്ര സർക്കാർ എല്ലാ വശങ്ങളും നിരീക്ഷിച്ചു വരികയാണ്. 2016 ൽ സമാനമായ സാഹചര്യം ഉണ്ടായപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മൂന്ന് മാസം വേണ്ടി വന്നു. ഇത്തവണ അത്ര സമയം വേണ്ടി വരില്ല എന്നാണ് പ്രതീക്ഷ. ഒരു പക്ഷെ ദിവസങ്ങൾക്കുള്ളിൽ ശാന്തമാകും. സ്ഥിതി മെച്ചമാകുന്നതോടെ നിയന്ത്രണങ്ങൾ നീക്കും. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. 2016 ൽ 47 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ഇത് വരെ ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജമ്മു കാശ്മീരിൽ മനുഷ്യ അവകാശ ലംഘനങ്ങൾ ഉണ്ടാകുന്നില്ല എന്ന് സർക്കാർ ഉറപ്പ് വരുത്തും'-കെ.കെ വേണുഗോപാൽ സുപ്രീം കോടതിയെ അറിയിച്ചു.