ഒരേ കണ്ണാലിനി തേടും പാതയിൽ നിഴൽ പോലെ തണലേകും പാതിയായി... "കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജു ജോസഫ് വീണ്ടും മലയാള സിനിമയിൽ സജീവമായത് ലൂക്കയിലെ പാട്ടും പാടിയാണ്. എവിടെയായിരുന്നു ഇതുവരെയെന്ന് പലരും ചോദിച്ചപ്പോഴും അഞ്ജു ഇവിടെ തന്നെയുണ്ടായിരുന്നു. യൂ ട്യൂബ് തുറന്ന് നോക്കിയാൽ കിട്ടും അതിനുള്ള ഉത്തരം. കവർ സോംഗുകളുടെ രൂപത്തിൽ അഞ്ജു അവിടെ നിറഞ്ഞു നിൽക്കുകയാണ്. അതൊക്കെയും ഹിറ്റോട് ഹിറ്റും. റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ ആ സുന്ദരിക്കുട്ടിക്ക് ഇപ്പോഴും ആരാധകരുടെ എണ്ണത്തിൽ കുറവില്ല. വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു സംഗതിയുണ്ട് ആ സ്വരത്തിൽ.
ആയിരംവട്ടം കേട്ട പാട്ടുകൾ
കുറച്ച് നാളുകൾക്ക് ശേഷമാണ് സിനിമയിൽ വീണ്ടും പാടിയത്. എന്തുകൊണ്ട് ഇടവേള വന്നുവെന്ന് അറിയില്ല. പക്ഷേ ഞാൻ തിരക്കിൽ തന്നെയായിരുന്നു. ഏറെ ഇഷ്ടത്തോടെയാണ് ഓരോ കവർസോംഗും ചെയ്യുന്നത്. പലരും പറയാറുണ്ട് തിരഞ്ഞെടുക്കുന്ന പാട്ടുകളൊക്കെ നല്ലതാണെന്ന്. അങ്ങനെ കേൾക്കുന്നതിൽ സന്തോഷമുണ്ട്. അധികം കവർ വരാത്ത പാട്ടുകളാണ് ഞാൻ സെലക്ട് ചെയ്യുന്നത്. ആദ്യത്തെ കാര്യം എനിക്ക് പ്രിയപ്പെട്ട പാട്ടുകളെടുക്കുക എന്നതാണ്. ആയിരം തവണയെങ്കിലും കേട്ടിട്ടുള്ള പാട്ടായിരിക്കും ചിലപ്പോഴത്.
അത്രമേൽ എന്നെ കീഴ്പ്പെടുത്തിയവ. മലയാളികൾക്ക് എപ്പോഴും നൊസ്റ്റാൾജിയയോട് ഒരു താത്പര്യമുണ്ടായിരിക്കും. സ്റ്റേജിലൊക്കെ പാടുമ്പോൾ പലപ്പോഴും അത് ഫീൽ ചെയ്യും. അതുകൊണ്ടാണ് അത്തരത്തിലുള്ള പാട്ടുകളെടുക്കുന്നത്. കണ്ണാംതുമ്പി പോരാമോ..., ഓലത്തുമ്പത്തിരുന്ന്...., മേലേ മേലേ മാനം...തുടങ്ങിയ പാട്ടുകളൊക്കെ മികച്ച പ്രതികരണം നേടി തന്നവയാണ്. ഡ്രൈവ് ചെയ്യുമ്പോഴും, ഒറ്റയ്ക്കിരിക്കുമ്പോഴുമൊക്കെ കേൾക്കാനിഷ്ടം ഇത്തരം പാട്ടുകളല്ലേ. ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ എപ്പോഴും കേൾക്കാനിഷ്ടപ്പെടുന്നത് ജോബ് കുര്യൻ പാടിയ വെണ്ണിലാവോ ചന്ദനമോ.... ആണ്. അപ്പോഴൊക്കെ ഞാനും വിചാരിക്കാറുണ്ട് എന്റെ പാട്ടുകളും ഇതുപോലെ ആരെങ്കിലുമൊക്കെ ഡ്രൈവ് ചെയ്യുമ്പോൾ കേൾക്കുമായിരിക്കുമെന്ന്.
ഇപ്പോൾ ചിലരൊക്കെ മെസേജ് ചെയ്യും കുഞ്ഞിനെ ഉറക്കുന്നതും ഡ്രൈവ് ചെയ്യുന്നതുമൊക്കെ അഞ്ജുവിന്റെ പാട്ട് കേൾപ്പിച്ചിട്ടാണെന്ന്. ആ സന്തോഷം ഒട്ടും ചെറുതല്ല. പിന്നെ, എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന പാട്ടുകൾ മാത്രമേ എടുക്കാറുള്ളൂ. സംവിധായകനെ നോക്കാറില്ല, പാട്ടാണ് ഞാൻ ഫോക്കസ് ചെയ്യുന്നത്. മെലഡിയാണ് കൂടുതൽ ഇഷ്ടം.
പാട്ട്, വ്ലോഗ്, ആങ്കറിംഗ്....
ഇതൊക്കെ എന്നെ കൊണ്ട് കഴിയുമെന്ന് ഞാനും കരുതിയതല്ല. ഓരോ സമയത്തും ഓരോ തോന്നലുകളായിരുന്നു. ഇപ്പോൾ സത്യത്തിൽ ആങ്കറിംഗിൽ അത്ര സജീവമല്ല. വ്ലോഗുണ്ട്. എവിടെയെങ്കിലും യാത്ര പോയാലൊക്കെ അതെല്ലാം കൃത്യമായി അവതരിപ്പിക്കാറുണ്ട്. പിന്നെ പാട്ട് തന്നെയാണ് എന്റെ ലോകം. പാട്ടുകാരി എന്നത് കഴിഞ്ഞിട്ടേയുള്ളൂ വ്ലോഗർ, യൂട്യൂബർ എന്നീ ലേബലുകളൊക്കെ.
കവർസോംഗുകൾ മൂന്ന് നാല് വർഷമായി ചെയ്യുന്നുണ്ട്. പക്ഷേ അടുത്തിടെയായി കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ട് എന്നതാണ് സത്യം. സ്വന്തമായിട്ടുള്ള യൂട്യൂബ് ചാനൽ ലൈവാക്കുന്നതിന്റെ ഭാഗമായിട്ട് മാസത്തിൽ ഒരു റിലീസ് എന്ന രീതിയിൽ കവർ സോംഗുകൾ അപ്ലോഡ് ചെയ്യാനാണ് പദ്ധതി. പാട്ടും യൂട്യൂബും എന്റെ ഇഷ്ട മേഖലകളാണ്. നല്ലൊരു യൂട്യൂബ് അഡിക്ടാണെന്ന് പറഞ്ഞാലും തെറ്റില്ല. പല ഭാഷകളിലുള്ള വെബ് സീരിസുകളും വ്ലോഗുകളുമെല്ലാം ഞാൻ വർഷങ്ങൾക്ക് മുന്നേ ശ്രദ്ധിക്കുമായിരുന്നു. അന്ന് മുതലേയുള്ള ആഗ്രഹമായിരുന്നു സ്വന്തമായിട്ടുള്ള ചാനൽ. പക്ഷേ എങ്ങനെ തുടങ്ങും എന്ന കാര്യത്തിൽ കുറച്ച് ആശങ്കയുണ്ടായിരുന്നു. പിന്നെ പാട്ടു പാടി അപ്ലോഡ് ചെയ്യാൻ തുടങ്ങി, പ്രേക്ഷകരുടെ ഇഷ്ടവും അനിഷ്ടവുമൊക്കെ അറിയാൻ നല്ലൊരു മാദ്ധ്യമമാണത്.
പാട്ടിനെ കൊല്ലാനില്ല
കവർസോംഗുകൾ ചെയ്യുമ്പോൾ ആ പാട്ടിനെ നശിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഓരോ പാട്ടിനും ഓരോ ജീവനുണ്ട്. അത് നഷ്ടപ്പെട്ടാൽ പിന്നെ ആ പാട്ടില്ല. കേൾക്കുന്നവരെ കൊണ്ട് അയ്യേ എന്ന് പറയിപ്പിക്കരുതെന്ന് മനസിലുറപ്പിച്ചിട്ടാണ് ഓരോ പാട്ടും പാടുക. ഞാൻ കവർ സോംഗ് ചെയ്യുമ്പോൾ കഴിവതും ഒറിജിനൽ തന്നെയാണ് ഫോളോ ചെയ്യാറ്. ചെറിയ രീതിയിൽ മാത്രമേ ഇംപ്രൊവൈസേഷൻ ചെയ്യാറുള്ളൂ.
'ഒരു രാജമല്ലി..."യാണ് അതിൽ നിന്നും വ്യത്യസ്തമായി ചെയ്തത്. വെസ്റ്റേൺ ടച്ച് കൊടുത്താണ് അന്ന് പാടിയത്. പക്ഷേ അത് പലർക്കും ഇഷ്ടപ്പെട്ടില്ല. പിന്നീട് ആ രീതി ഫോളോ ചെയ്തിട്ടില്ല. പലർക്കും ഞാൻ കുട്ടിത്തമുള്ള പാട്ടുകൾ പാടുന്നതാണ് കേൾക്കാനിഷ്ടമെന്ന് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അത്തരത്തിലുള്ള പാട്ടുകൾ തെരഞ്ഞെടുക്കുന്നതെന്ന് ചോദിച്ചാൽ എന്റെ ശബ്ദം കൂടുതൽ ചേരുക അത്തരം പാട്ടുകൾക്കാണെന്ന് തോന്നുന്നു. പിന്നെ, കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണ്.
സുഹൃത്തുക്കൾക്കെല്ലാം കുഞ്ഞു മക്കളുണ്ട്. അവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ വീട്ടിലൊക്കെ ചെല്ലുമ്പോൾ അവർക്ക് വേണ്ടി പാടാറുണ്ട്. അത് തന്നെയാണ് ഇത്തരം പാട്ടുകളിലേക്ക് എന്നെ എത്തിക്കുന്നതും. അതിൽ നിന്നും ഒരു മാറ്റം ആഗ്രഹിച്ചാണ് ഒരു രാജമല്ലി ചെയ്തത്. മേലേ മേലേ വാനം.... ചെയ്യുന്ന സമയത്ത് എന്റെ കൂടെയുള്ള കുഞ്ഞ് എന്റെ മകളാണെന്ന് പലരും കരുതിയിരുന്നു. സത്യത്തിൽ അതെന്റെ മോളല്ല, സുഹൃത്തിന്റെ വാവയാണ്.
പത്ത് വർഷത്തെ മാറ്റം
റിയാലിറ്റി ഷോ പുതിയ കുട്ടികൾക്ക് വളരെ നല്ല അവസരമാണൊരുക്കുന്നത്. പക്ഷേ പെട്ടെന്നുണ്ടാകുന്ന ഫെയിം കൊണ്ട് ചിലരെങ്കിലും അതിൽ മതിമറന്ന് ആ വഴിക്കങ്ങ് പോകും. കൂടുതൽ പഠിക്കാൻ താത്പര്യം കാട്ടില്ല. അത് ശരിയായ രീതിയല്ല. ഫെയിം കിട്ടുന്നതോടൊപ്പം വീണ്ടും പഠിച്ചുകൊണ്ടേയിരിക്കണം. റിയാലിറ്റി ഷോയിൽ എത്തുന്ന സമയത്ത് ഞാനൊരു ആവറേജ് സിംഗറായിരുന്നു. പക്ഷേ അതു കഴിഞ്ഞുള്ള പത്ത് വർഷം ഗായിക എന്ന നിലയിൽ വലിയ മാറ്റമുണ്ടാക്കി.
ആദ്യമൊക്കെ ഷോയിൽ വച്ച് വഴക്ക് കിട്ടിയപ്പോൾ അവരോടൊക്കെ നല്ല ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോഴെനിക്ക് മനസിലാകുന്നുണ്ട്, അതെല്ലാം നല്ലതിനായിരുന്നുവെന്ന്. അന്നങ്ങനെ കേട്ടതു കൊണ്ടാണ് തെറ്റുകളെല്ലാം തിരുത്തി മുന്നേറാൻ കഴിഞ്ഞത്. റിയാലിറ്റി ഷോയിലൂടെ വന്നതുകൊണ്ടാണ് എനിക്കിന്ന് കുറച്ചൂടെ ഓഡിയൻസിനെ കിട്ടുന്നുണ്ട്. സ്റ്റേജ് ഷോകളൊക്കെ ചെയ്യുമ്പോൾ ഇത് നമ്മുടെ പഴയ അഞ്ജുവല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പുതിയ കുട്ടികൾക്ക് ഇത് നല്ലൊരു അവസരമാണ്. അവരോടൊക്കെ കീപ്പ് ഓൺ സ്റ്റഡി എന്നാണ് പറയാനുള്ളത്.
അവസരങ്ങൾ ചോദിക്കാറില്ല
ഇത്രയും വർഷമായിട്ടും സിനിമയിൽ അധികം അവസരങ്ങൾ കിട്ടിയിട്ടില്ല. ഒരുപക്ഷേ ഗോഡ് ഫാദർ ഇല്ലാത്തത് ഒരു കാരണമാകാം. ഞാനൊരു സ്റ്റേജിൽ ആദ്യമായിട്ട് പാടുന്നത് പോലും റിയാലിറ്റി ഷോയിലാണ്. ഗന്ധർവ സംഗീതത്തിലൂടെയാണ് തുടക്കം. അതു കഴിഞ്ഞാണ് സ്റ്റാർ സിംഗർ. പിന്നെ വാ തോരാതെ വർത്തമാനം പറയുമെങ്കിലും ഞാൻ അല്പം ഉൾവലിച്ചിൽ ഉള്ള കൂട്ടത്തിലാണ്. സീനിയേഴ്സിനോട് പോയി അവസരം ചോദിക്കാൻ പേടിയാണ്.
ഇത്രയധികം പാട്ടുകാരുള്ളതുകൊണ്ട് നമ്മുടെ കൈയിൽ ഇതുണ്ട് എന്ന് തെളിയിക്കേണ്ടി വരും ചിലപ്പോഴെല്ലാം. പക്ഷേ ഞാൻ അതിനൊന്നും പോയിട്ടില്ല. എന്തുകൊണ്ടോ അതൊക്കെ എനിക്ക് മടിയാണ്. ഓരോരുത്തർക്കും ഓരോ കഴിവായിരിക്കും. എന്റെ ഭാഗത്ത് നിന്നുള്ള ശ്രമം വളരെ കുറവാണ്, എനിക്കെങ്ങനെ ചോദിക്കണമെന്ന് അറിയില്ല. അങ്ങനെയൊരാളെ കിട്ടിയാൽ ഹായ്.. ഹലോ പറഞ്ഞാൽ പിന്നെ എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല. എന്റെ വോയ്സ് വേണ്ടതാണെന്ന് അവർക്ക് തോന്നിയാൽ എന്നെ വിളിക്കുമെന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത്. ലൂക്കയിലേക്ക് സൂരജ് എന്നെ വിളിക്കുന്നത് അങ്ങനെയാണ്. പിന്നെ, ഗോഡ്ഫാദർ ഉണ്ടെങ്കിൽ നല്ലതായിരുന്നുവെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.
വിമർശനങ്ങൾ പോരട്ടെ
വിമർശനങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് സ്വീകരിക്കാനാണിഷ്ടം. ആരോഗ്യകരമായ വിമർശനങ്ങളായിരിക്കണമെന്ന് മാത്രം. ചിലപ്പോഴെല്ലാം മോശം വാക്കുകളും അശ്ലീല പദങ്ങളുമൊക്കെ ഉപയോഗിക്കുന്നവരുണ്ടാകും. അവരോടൊന്നും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. പിന്നെ നല്ല വിമർശനങ്ങളെ ഹൃദയത്തോട് ചേർക്കും. വേദനിപ്പിച്ചവയെ ചിലപ്പോഴെല്ലാം ഒന്നിരുത്തി ചിന്തിക്കും. ചിലതെല്ലാം വിട്ടു കളയും. ചിലതൊക്കെ മനസിൽ കിടക്കും. എങ്കിലും അധികവും ഒഴിവാക്കി വിടും. പാട്ടിന്റെ കാര്യത്തിലാണെങ്കിൽ എന്താണ് പ്രശ്നമെന്ന് ചിന്തിച്ച് പരിഹരിക്കും. അത്തരം വിമർനങ്ങളെല്ലാം കൂടുതലും എന്നെ വളരാൻ സഹായിച്ചിട്ടേയുള്ളൂ. ഒന്നു കൂടി പുറകിലോട്ട് പോയിട്ട് മുന്നോട്ട് വരാൻ നോക്കും.
ഇപ്പോൾ ഒരുപാട് പാട്ടുകാർ പുതുതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ മത്സരവും തീർച്ചയായിട്ടുമുണ്ട്. പക്ഷേ അത് ആരോഗ്യകരമാണ്. ഇത്രയും പാട്ടുകാരുള്ളപ്പോൾ നമ്മൾ കുറച്ചു കൂടി വർക്ക് ചെയ്യാനേ നോക്കൂ. നമ്മളെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താം എന്ന് ചിന്തിക്കും. ഒരുപക്ഷേ അത്ര ആൾക്കാരില്ലെങ്കിൽ സ്വാഭാവികമായും നമ്മളും മടി പിടിച്ചിരിക്കത്തേയുള്ളൂ. ചിലപ്പോൾ ഞാൻ പാട്ടിനെ ഇത്ര സീരിയസായി കാണുമായിരുന്നില്ല. മത്സരങ്ങൾ ആരോഗ്യകരമാകുന്നതിൽ തെറ്റില്ല. മറ്റുള്ളവരോട് മത്സരിക്കുന്നതിനേക്കാൾ നല്ലത് നമ്മളോട് തന്നെ മത്സരിക്കുന്നതാണ്. അങ്ങനെ ചെയ്യാനാണ് എനിക്കിഷ്ടവും.