ഒരു സീറ്റും കിട്ടാത്ത ബി. ജെ. പിക്ക് 10 എം. എൽ. എമാർ
ന്യൂഡൽഹി: സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ 13 എം. എൽ. എമാരിൽ 10 പേരും ബി. ജെ. പിയിലേക്ക് കാലുമാറി. ഇതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒറ്റ സീറ്റും നേടാതിരുന്ന ബി. ജെ. പി പ്രധാന പ്രതിപക്ഷ കക്ഷിയായി.
എസ്. ഡി. എഫ് എം. എൽ. എമാർ ഇന്നലെ ഡൽഹിയിൽ എത്തി ബി. ജെ. പി വർക്കിംഗ് പ്രസിഡന്റ് ജെ. പി. നദ്ദ, ജനറൽ സെക്രട്ടറി റാം മാധവ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്. സിക്കിമിലെ ബി. ജെ. പി നിയമസഭാ കക്ഷി അപ്പാടെ ബി. ജെ. പിയിൽ ചേരാൻ തീരുമാനിച്ചതായി റാം മാധവ് പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിക്കിം ഒഴികെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബി. ജെ. പി മുഖ്യ കക്ഷിയായോ പ്രാദേശിക കക്ഷികളുമായി സഖ്യത്തിലോ ഭരണം കൈയാളുകയാണ്. സിക്കിമിലെ പ്രാദേശിക കക്ഷിയെ ഏതാണ്ട് പൂർണമായി ബി. ജെ. പിയിൽ എത്തിക്കാൻ കഴിഞ്ഞത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള റാം മാധവിന്റെ നേട്ടമാണ്.
എസ്. ഡി. എഫ് നിയമസഭാകക്ഷിയുടെ മൂന്നിൽ രണ്ടിലേറെ അംഗങ്ങൾ പാർട്ടി വിട്ടതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. സിക്കിമിലെ ഒരു പ്രാദേശിക പാർട്ടി കൂട്ടത്തോടെ ഒരു ദേശീയ പാർട്ടിയിൽ ചേരുന്നത് ആദ്യമാണ്.
മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ്ങ് അദ്ധ്യക്ഷനായ എസ്. ഡി. എഫ് കാൽ നൂറ്റാണ്ടിലേറെ സിക്കിം ഭരിച്ച കക്ഷിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റെക്കോർഡും ചാംലിങ്ങിനായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 32 അംഗ സഭയിൽ 15 സീറ്റേ അദ്ദേഹത്തിന്റെ പാർട്ടിക്ക് കിട്ടിയുള്ളൂ. അവരിൽ രണ്ട് സീറ്റുകളിൽ വീതം ജയിച്ച രണ്ട് പേർ ഓരോ സീറ്റ് രാജിവച്ചതോടെ അംഗബലം ഫലത്തിൽ 13 ആണ്.17 സീറ്റ് നേടിയ സിക്കിം ക്രാന്തി മോർച്ച ഭരണം പിടിക്കുകയായിരുന്നു. രണ്ട് സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ ജയിക്കുകയാണ് ബി. ജെ. പിയുടെ അടിയന്തര ലക്ഷ്യം.