heavy-rain

തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് കളക്ടർമാർ നാളെ (ആഗസ്റ്റ് 14)​ അവധി പ്രഖ്യാപിച്ചു. തൃശൂർ‌, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ അടക്കം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണെന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ് . നാളെ റെഡ് അലർട്ട് നിലനിൽക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതും, വിദ്യാർത്ഥികളിൽ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധിയെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു.

എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചത്. അംഗൻവാടികൾക്കും അവധി ബാധകമാണ്‌. അതേസമയം, യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല.

കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്നും (ചൊവ്വാഴ്ച) മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിൽ ബുധനാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ ജില്ലകളിൽ 20 സെന്റിമീറ്ററിലധികം മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ അറിയിച്ചു. 17ന് മഴ കുറയാനാണ് സാദ്ധ്യത. ന്യൂനമർദം ശക്തിപ്രാപിച്ച് പശ്ചിമ ബംഗാൾ-ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കാനും സാദ്ധ്യതയുണ്ട്.