നിലമ്പൂർ: കവളപ്പാറയിൽ നടുക്കാത്ത ഒരു കാഴ്ചയുമില്ല. കവളപ്പാറയിൽ താമസിച്ചിരുന്ന താന്നിക്കൽ പ്രിയദർശന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത് വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കിലിരിക്കുന്ന നിലയിലായിരുന്നു. ബൈക്കിൽ നിന്നിറങ്ങാനുള്ള സമയം പോലും മണ്ണിടിച്ചിൽ പ്രിയദർശന് നൽകിയില്ല. സമീപത്തെ വീട്ടിലെ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരുന്ന പ്രിയദർശൻ ഉരുൾപൊട്ടലിന് നിമിഷങ്ങൾക്ക് മുമ്പാണ് ബൈക്കിൽ വീട്ടിലെത്തിയത്. കുറച്ച് കഴിഞ്ഞ് പോകാമെന്ന് സുഹൃത്ത് പറഞ്ഞതാണ്. അമ്മയെക്കണ്ട് ഒരു കാര്യം പറഞ്ഞിട്ട് ഇപ്പോൾ തിരികെ വരാമെന്ന് പറഞ്ഞാണ് പ്രിയദർശൻ പോയത്. അത് പരലോകത്തേക്കുള്ള യാത്രയായി.
സിറ്റൗട്ടിന് സമീപം നിറുത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് വയ്‌ക്കുന്നതിനിടെയാണ് ഉരുൾപൊട്ടിയത്. ബൈക്കിൽ നിന്ന് ഇറങ്ങും മുമ്പ് മണ്ണും മരണവും പ്രിയദർശനെ പുതഞ്ഞു. 29കാരനായ പ്രിയദർശൻ അവിവാഹിതനാണ്. നിലമ്പൂർ സ്കെെ ഗ്രാഫിക്സിലെ സിസെെനറായിരുന്നു.
പ്രിയദർശന്റെ അമ്മയും അമ്മയുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. അമ്മൂമ്മയ്‌ക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു.പ്രിയദർശന്റെ മൂത്ത സഹോദരനും ഭാര്യയും അടുത്താണ് താമസം. അവർക്ക് കുഴപ്പമൊന്നുമില്ല.