kannur

കണ്ണൂർ: രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളുമൊക്കെ നടക്കാറുണ്ടെങ്കിലും പ്രളയം വന്നപ്പോൾ കണ്ണൂരുകാരെല്ലാം ഒറ്റക്കെട്ടാണ്. കണ്ണൂരിൽ കൊടിയുടെ നിറം നോക്കാതെ സേവനപ്രവർത്തനത്തിന് ഇറങ്ങിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരുന്നു സോഷ്യൽ മീഡിയയിലെ ഇന്നലത്തെ താരം.

പ്രളയജലം കയറിയ മട്ടന്നൂർ പൊറോറയിലെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ

കമ്മിറ്റിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ഈ മാതൃകയാണ് നമ്മൾ ഉയർത്തിപ്പിടിക്കുന്നത്. പ്രളയജലം കയറിയ മട്ടന്നൂർ പൊറോറയിലെ കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരം ഇന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിച്ചു. മരുതായി മേഖലയിലെ ഏളന്നൂർ യൂണിറ്റിലെ പ്രവർത്തകരാണ് നേതൃത്വം നൽകിയത്. കേരളം ഇടതുപക്ഷം ഭരിക്കുന്നു എന്ന വിരോധത്താൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുത് എന്ന വിദ്വേഷ പ്രചാരണം നടത്തുന്നവർ ഈ ചിത്രം കാണുന്നത് നല്ലതാണ്. ദുരന്തമുഖത്ത് പോലും, രാഷ്ട്രീയ വിരോധം തീർക്കുന്നവർക്ക് ഇതൊരു അടയാളമാകുന്നു, പ്രിയ സഖാക്കളുടെ സ്നേഹപാഠം.