കൽപ്പറ്റ: വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾ പൊട്ടലിൽ കാണാതായ ഏഴ് പേർക്കായുളള തെരച്ചിൽ ഇന്നലെയും തുടർന്നു. സന്ധ്യവരെ ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിലായി 10 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കൂടുതൽ പേരെത്തി, സ്ഥലത്തിന്റെ സ്കെച്ച് വരച്ചുകൊണ്ടുളള തെരച്ചിലാണ് ഇന്നലെ ആരംഭിച്ചത്. ശുചിത്വമിഷന്റെ കോഴിക്കോട് ജില്ലാ കോ ഒാർഡിനേറ്റർ പ്രദീപാണ് പുത്തുമലയുടെ സ്കെച്ച് വരച്ചത്. എവിടെയൊക്കെ ആളുകൾ നിൽക്കാൻ സാദ്ധ്യതയുണ്ടെന്ന് പ്രദേശവാസികളുടെയും മറ്റും വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദീപ് പുത്തുമല ദുരന്ത ഭൂമിയുടെ സ്കെച്ച് വരച്ചത്. കഴിഞ്ഞ ഉരുൾ പൊട്ടലിലും പ്രദീപ് വരച്ച സ്കെച്ച് പ്രകാരം തെരച്ചിൽ നടത്തിയിരുന്നു. അതിനു ഫലമുണ്ടായി. ഇന്നലെ ഇവിടെ 13 ഇറ്റാച്ചി, അഞ്ച് ജെ.സി.ബി, എണ്ണൂറോളം സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ തെരച്ചിലിന് മുന്നിട്ടിറങ്ങി. ജില്ലയിൽ നിന്നും പുറത്ത് നിന്നുമായി നിരവധി പേർ എന്തിനും തയ്യാറായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അധികൃതർ അത്തരത്തിലൊരു തെരച്ചിലിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്ക് അല്പം ശമനം ഉള്ളതുകൊണ്ട് മണ്ണുമാന്തികൊണ്ടുള്ള പരിശോധന പുരോഗമിക്കുന്നുണ്ട്.