കണ്ണൂർ: പത്താം ക്ലാസ് പൊതുപരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയതിന് വിവിധയിടങ്ങളിൽ നിന്ന് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി പതിനാറുകാരൻ. കൂത്തുപറമ്പിലെ അദ്ധ്യാപക ദമ്പതിമാരായ രാജന്റെയും പ്രഷീനയുടെയും മകനായ ഹൃദ്യുത് ഹേംരാഗാണ് തനിക്ക് ലഭിച്ച സമ്മാനത്തുക മന്ത്രി ഇ.പി ജയരാജനിലൂടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
'ക്ലബ്ബുകളും സാസ്കാരിക സംഘങ്ങളും സമ്മാനമായി നൽകിയ പണം സ്വന്തമായി എന്തെങ്കിലും വാങ്ങാൻ മാറ്റി വെച്ചതായിരുന്നു. "എല്ലാവരും ദുരിതമനുഭവിക്കുന്ന സമയമാണ്, കിടപ്പാടവും ഭക്ഷണവുമില്ലാതെ ആയിരക്കണക്കിനാളുകൾ പ്രയാസപ്പെടുകയാണ്. അവരെ സഹായിക്കാൻ ഒട്ടേറെ പേർ മുന്നോട്ടുവന്നു. എനിക്കും സഹായിക്കണമെന്ന് തോന്നി''- തുക കൈമാറിയതിന് പിന്നാലെ ഹൃദ്യുത് പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കും എതിരെ വ്യാജപ്രചരണങ്ങൾ അഴിച്ചിവിടുന്നവർക്കുള്ള മറുപടിയാണിതെന്ന് മന്ത്രി ഇ.പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നാടിനെ കെടുതിയിൽ നിന്നു കരകയറ്റാൻ കേരളമൊന്നാകെ മുന്നോട്ടു വരികയാണ്. അനസും നൗഷാദും ഹൃദ്യുതും ജീവിച്ചിരിക്കുന്ന നമ്മുടെ കേരളം ഒരു നീചജന്മങ്ങൾക്ക് മുന്നിലും തോൽക്കുകയില്ല. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.