കല്പറ്റ:'സങ്കടപ്പെടേണ്ട. എല്ലാം നമുക്ക് ഒരുമിച്ച് നിന്നു നേരിടാം', മേപ്പാടി പുത്തുമലയിലെ ദുരിതബാധിതർക്കിടിയിലേക്ക് എത്തിയ മുഖ്യമന്ത്റി പിണറായി വിജയൻ അവരെ സമാശ്വസിപ്പിക്കുക മാത്രമായിരുന്നില്ല ; പ്രളയം എല്ലാം തകർത്തെറിഞ്ഞ അവരിൽ ആത്മവിശ്വാസം പകരുക കൂടിയായിരുന്നു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മുഖ്യമന്ത്രി മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്. മുഖ്യമന്ത്രി അടുത്തേക്ക് വന്നപ്പോൾ വീട്ടമ്മമാരടക്കം പലരും സങ്കടങ്ങൾ നിരത്തി. അതെല്ലാം കേട്ട് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ക്യാമ്പിൽ കഴിയുന്നവരോട് എല്ലാമായി അദ്ദേഹം പിന്നീട് മൈക്കിൽ സംസാരിച്ചു. ദുരന്തത്തിനിരയായവരുടെ അതിജീവനത്തിനായി സർക്കാരിന് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് മുഖ്യമന്ത്റി പറഞ്ഞു. വീട്, സ്ഥലം, കൃഷി എന്നിവ നഷ്ടപ്പെട്ടവരുണ്ട്. എല്ലാറ്റിനും സർക്കാർ പരിഹാരം കാണും. രക്ഷാപ്രവർത്തനങ്ങൾക്കാണ് മുൻഗണന. ഒട്ടേറെപ്പേരെ ദുരന്തമുഖത്തു നിന്ന് രക്ഷിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മണ്ണിനടിയിൽ കുറച്ചു പേരെ കണ്ടെത്താൻ ബാക്കിയാണ്. അതിനുള്ള തെരച്ചിൽ തുടരും.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, എം.എൽ.എ.മാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സർവെ ഡയറക്ടർ വി.ആർ.പ്രേംകുമാർ, സ്‌പെഷൽ ഓഫീസർ യു.വി.ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, സബ് കളക്ടർമാരായ എൻ.എസ്.കെ.ഉമേഷ്, ആസിഫ് കെ.യൂസഫ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വയനാട് കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലും മുഖ്യമന്ത്രി സംബന്ധിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ മനസ്സിന് കരുത്ത് പകരുന്ന സമീപനം ഉണ്ടാവണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ശുചിത്വമുറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ സജീവമായ ഇടപെടൽ വേണം. ക്യാമ്പുകളിൽ നിന്നു തിരിച്ചുപോകുമ്പോഴേക്കും ദുരിതബാധിതരുടെ വീടുകൾ താമസയോഗ്യമാണെന്നു ഉറപ്പാക്കുകയും ചെയ്യണം. കിണറുകൾ ശുചീകരിക്കണം. ആവശ്യമെങ്കിൽ ടാങ്കർ ലോറികളിൽ കുടിവെളളമെത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.