1. സംസ്ഥാനത്ത് 52.275 കോടി രൂപയുടെ അടിയന്തര കേന്ദ്ര സഹായം അനുവദിച്ചതായി കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. 4.42 കോടി രൂപയുടെ മരുന്നുകള്‍ കേരളത്തിന് നല്‍കി. സഹായത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃപ്തി അറിയിച്ചു. പ്രളയത്തെ രാഷ്ട്രീയ വത്കരിക്കുന്നത് സി.പി.എം ആണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
2. അതേസമയം, പ്രളയ ബാധിതര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യ ധാന്യങ്ങള്‍ക്ക് ക്ഷാമം ഇല്ലെന്നും ദുരിതാശ്വാസ ക്യാമ്പുകളിലെ ആവശ്യങ്ങള്‍ക്ക് ധാന്യങ്ങള്‍ സ്റ്റോക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ വേണ്ടി അധിക ധാന്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു എന്നും മന്ത്രി വ്യക്തമാക്കി.
3. പ്രളയത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട 1 മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങള്‍ നല്‍കും എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂളിലെ പ്രഥമ അദ്ധ്യാപകന്‍ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട ഓഫീസര്‍മാര്‍ മുഖേന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം എന്നും മന്ത്രി വ്യക്തമാക്കി.
4. കാലവര്‍ഷം വടക്കന്‍ കേരളത്തെ കശക്കി എറിഞ്ഞതിന് പിന്നാലെ, മധ്യ കേരളത്തിലും ശക്തമായ മഴ എന്ന് കാലാവസ്ഥാ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. നാളെ മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളില്‍ അതീവ ജാഗ്രത
5. 24 മണിക്കൂറില്‍ 15 സെന്റിമീറ്റര്‍ വരെ പ്രതീക്ഷിക്കുന്നതിനാല്‍ മഴ അതി തീവ്രമാകില്ല. തെക്കന്‍ ജില്ലകളില്‍ താരതമ്യേന മഴ കുറവായിരിക്കും, വടക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസം കഴിയുന്നതോടെ മഴ കുറയുമെന്നാണ് പ്രവചനം. ഇന്ന് കേരള തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
6. പുത്തുമലയില്‍ ഉണ്ടായ വന്‍ ദുരന്തത്തിന് കാരണം ഉരുള്‍പ്പൊട്ടല്‍ അല്ല എന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ശക്തമായ മണ്ണിടിച്ചില്‍ ഉരുള്‍പ്പൊട്ടലിന് കാരണമായി. ദുര്‍ബല പ്രദേശമായ മേഖലയില്‍ നടന്ന മരം മുറിക്കലും ഏലം കൃഷിക്കായി നടത്തിയ മണ്ണ് ഇളക്കലും മണ്ണിടിച്ചില്‍ ഉണ്ടാക്കി . ദുരന്തം ഉണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണം എന്ന് ആവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പുത്തുമലയിലെ മേല്‍മണ്ണിന് ഉള്ള ആഴം, 1.5 മീറ്റര്‍ മാത്രം. താഴെ ചെരിഞ്ഞു കിടക്കുന്ന വന്‍ പാറക്കെട്ടുകള്‍ ആണ് ഉള്ളത്. മേല്‍ മണ്ണിന് 2.5 മീറ്റര്‍ എങ്കിലും ആഴം ഇല്ലാത്ത മലകളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.
7. ചെറിയ ഇടവേളകളില്‍ രണ്ട് തവണ പുത്തുമലയ്ക്ക് മേല്‍ മണ്ണിടിച്ച് ഇറങ്ങി. 20 ശതമാനം മുതല്‍ 60 ശതമാനം വരെ ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. വെള്ളം പുറത്തേയ്ക്ക് ഒഴുകുന്ന ഭാഗത്തെ ഉരുള്‍പൊട്ടല്‍ നാഭി എന്നാണ് വിളിക്കുക. എന്നാല്‍ പുത്തുമലയില്‍ സംഭവിച്ചത് വലിയ തോതില്‍ ഉള്ള മണ്ണിടിച്ചില്‍. ഏകദേശം അഞ്ച് ടണ്‍ മണ്ണും ഇത്ര തന്നെ ഘനമീറ്റര്‍ വെള്ളവുമാണ് ഇടിഞ്ഞ് താഴ്ന്ന്, ഒഴുകി പരന്നത് എന്ന് മണ്ണ് സംരക്ഷ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുത്തുമല ദുരന്തത്തെ ഉരുള്‍പൊട്ടല്‍ എന്ന് വിളിക്കുന്നത് തെറ്റ് എന്നും മണ്ണ് സംരക്ഷണ വകുപ്പ്.
8. ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാശ്മീരിലെ ജനങ്ങളെ കണ്ട് അവരോട് സംസാരിക്കാന്‍ അനുവധിക്കണം എന്ന് രാഹുല്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും സൈനികരേയും കാണാനുള്ള സ്വാതന്ത്ര്യം വേണമെന്നും രാഹുല്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
9. ആര്‍ട്ടിക്കില്‍ 370 പിന്‍വലിച്ചതിന് ശേഷം ജമ്മുകാശ്മീരില്‍ സംഘര്‍ഷം നടക്കുന്നു എന്ന രാഹുലിന്റെ പ്രസ്ഥാവനയ്ക്ക് എതിരെ ഗവര്‍ണര്‍ രംഗത്ത് എത്തിയിരുന്നു. ഉത്തരവാദിത്വം ഉള്ള നേതാവ് ഇത്തരത്തില്‍ പ്രതികരിക്കരുത് എന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ആവശ്യമെങ്കില്‍ വിമാനം അയച്ച് താരമെന്നും സ്ഥിതിഗതികള്‍ നേരിട്ട് കണ്ട് വിലയിരുത്താനും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ചത്.
10. അതേസമയം, ജമ്മുകാശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇടപെട്ട് സുപ്രീംകോടതി. എത്രകാലം ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. കേന്ദ്രസര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ദൈനംദിനം വിലയിരുത്തുന്നുണ്ട് എന്ന് കോടതിയില്‍ അറ്റോര്‍ണി ജനറല്‍. ഇതുവരെ ഒരു ജീവനും നഷ്ടമായിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. സര്‍ക്കാരിന് രണ്ടാഴ്ച കൂടി സമയം വേണമെന്ന് ജസ്റ്റിസ് എം.ആര്‍ ഷാ. വിഷയം രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും
11. മാദ്ധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയത് ശരിവച്ച് ഹൈക്കോടതി. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി കോടതി തള്ളി. ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴിയേ ഉള്ളൂ എന്ന് കോടതി. രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയതിന് തെളിവില്ല. അതിനാല്‍ 304 വകുപ്പ് പ്രകാരം നരഹത്യ നിലനില്‍ക്കും എന്ന് പറയാനാകില്ല. ശ്രീറാമിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ട ആവശ്യം നിലവില്‍ ഇല്ല എന്നും കോടതി നിരീക്ഷണം.
|
|
|