കൊച്ചി: കനത്ത വില്‌പന സമ്മർദ്ദം മൂലം ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ തകർച്ച നേരിട്ടു. സെൻസെക്‌സ് 623 പോയിന്റിടിഞ്ഞ് 36,958ലും നിഫ്‌റ്റി 183 പോയിന്റ് താഴ്‌ന്ന് 10,925ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. മാരുതി സുസുക്കി, യെസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എച്ച്.ഡി.എഫ്.സി എന്നിവയാണ് നഷ്‌ടം നേരിട്ട പ്രമുഖ ഓഹരികൾ.
വീണ്ടും രൂക്ഷമായ അമേരിക്ക-ചൈന വ്യാപാരയുദ്ധം, ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഹോങ്കോംഗിലെ ചൈനാ വിരുദ്ധ പ്രക്ഷോഭങ്ങൾ, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുമേൽ ചുമത്തിയ 'ആഡംബര നികുതി" പിൻവലിച്ചേക്കുമെന്ന കേന്ദ്ര തീരുമാനം വൈകുന്നത്, രൂപയുടെ വീഴ്‌ച എന്നിവയാണ് ഇന്നലെ നിക്ഷേപകരെ ഓഹരി വിറ്റൊഴിയലിലേക്ക് നയിച്ചത്. അതേസമയം, ജിയോ ഫൈബർ ഉൾപ്പെടെയുള്ള വൻ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ റിലയൻസ് ഇൻഡസ്‌ട്രീസ് ഓഹരികൾ ഇന്നലെ 12 ശതമാനം വരെ ഉയർന്നു.
വീണുടഞ്ഞ് രൂപ
ഇന്ത്യൻ റുപ്പി ഇന്നലെ ഡോളറിനെതിരെ ആറുമാസത്തെ താഴ്‌ചയിലേക്ക് തളർന്നുവീണു. ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് രൂപയെ തളർത്തുന്നത്. ഇന്നലെ വ്യാപാരാന്ത്യം 60 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 71.40ലാണ് രൂപയുള്ളത്.
₹14.11 ലക്ഷം കോടി
കൂടുതൽ നികുതി നിർദേശങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലായ് അഞ്ചിന് ബഡ്‌ജറ്റ് അവതരിപ്പിച്ചത് മുതലാണ് ഇന്ത്യൻ ഓഹരി സൂചികകൾ വലിയ ഇടിവുകൾ നേരിട്ടു തുടങ്ങിയത്. അന്നുമുതൽ ഇതുവരെ സെൻസെക്‌സിന്റെ മൂല്യനഷ്‌ടം 14.11 ലക്ഷം കോടി രൂപ. ഇന്നലെ മത്രം നഷ്‌ടം 2.21 ലക്ഷം കോടി രൂപ.