നിലമ്പൂർ: കാലവർഷക്കെടുതിയെ തുടർന്ന് ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തിയും ഭീകരതയും വെളിപ്പെടുന്ന വേദനിപ്പിക്കുന്ന കാഴ്ചകളാണ് മലപ്പുറത്ത് നിന്നും ലഭ്യമാകുന്നത്. ഉരുൾപൊട്ടൽ നടന്ന പ്രദേശത്തെ താമസക്കാരനായ താന്നിക്കൽ പ്രിയദർശന്റെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെടുത്തത്. സ്വന്തം വീട്ടുമുട്ടത്ത് മഴക്കോട്ട് ധരിച്ച് ബെെക്കിൽ ഇരുന്ന നിലയിലാണ് പ്രിയദർശന്റെ മൃതദേഹം കിടന്നിരുന്നത്.
എന്നാൽ പ്രിയദർശൻ ഇരുന്ന ബെെക്ക് മറിഞ്ഞു വീഴുകപോലും ചെയ്തിട്ടില്ല. ബെെക്ക് നിർത്തുമ്പോൾ തന്നെ പ്രിയദർശന്റെ മേൽ മണ്ണ് വീണ് പുതഞ്ഞ് പോയിരുന്നു എന്നാണ് മനസിലാക്കാൻ പറ്റുന്നത്. ഉരുൽപൊട്ടൽ ഉണ്ടായ ദിവസം പ്രിയദർശൻ വൈകുന്നേരം 7.45ഓടെ ബൈക്കിൽ വീട്ടിലെത്തിയതായിരുന്നു. പ്രിയദർശൻ. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിർത്തിയിടുന്നതിനിടയിലാണ് നടുക്കുന്ന ശബ്ദത്തോടെ മണ്ണ് വന്ന് മൂടുകയായിരുന്നു. ബൈക്കിൽനിന്ന് ഇറങ്ങുന്നതിനു മുമ്പെ പ്രിയദർശനും അതിനടിയിൽപെട്ടു.
ഉരുൾപൊട്ടൽ നടക്കുമ്പോൾ പ്രിയദർശന്റെ വീട്ടിൽ അമ്മയും അമ്മൂമ്മയുമാണ് ഉണ്ടായിരുന്നത്. അമ്മയു രാഗിണിയുട മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. അമ്മൂമ്മയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. അടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിക്കുന്നതിനിടയിൽ അമ്മയോട് എന്തോ പറയാനുണ്ടെന്ന് പറഞ്ഞ് പ്രിയദർശൻ വീട്ടിലേക്ക് പോയതാണെന്ന് സുഹൃത്ത് പറയുന്നു. മുറ്റത്തെത്തിയപ്പോഴാണ് ഉരുൾപൊട്ടൽ സംഭവിച്ചത്.