ലോഡ്സ് : ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്രിന് ഇന്ന് ലോഡ്സിൽ തുടക്കമാകും. ഇന്ത്യൻ സമയം വൈകിട്ട് 3.30 മുതലാണ് മത്സരം. ആദ്യ ടെസ്റ്രിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി 251 റൺസിന് ഗംഭീര ജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ആസ്ട്രേലിയ ഇറങ്ങുന്നത്. മറുവശത്ത് ആതിഥേയരായ ഇംഗ്ലണ്ട് ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ്. ഏകദിനത്തിൽ ലോകചാമ്പ്യന്മാരായ ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോഡ്സിൽ കളിക്കാനിറങ്ങുന്നത്.
പരിക്ക് മൂലംവിശ്രമത്തിലായിരിക്കുന്ന ജയിംസ് ആൻഡേഴ്സണ് പകരം ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിനായി ടെസ്റ്രിൽ അരങ്ങേറ്രം നടത്തുമെന്നാണ് റിപ്പോർട്ട്. ആസ്ട്രേലിയ ജയിംസ് പാറ്റിൻസണ് വിശ്രമം നൽകി പരിക്കിൽ നിന്ന് മോചിതരായ മിച്ചൽ സ്റ്രാർക്കിനെയും ജോഷ് ഹാസൽവുഡിനെയും ഉൾപ്പെടുത്തി പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു. രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടിയ സ്റ്രീവ് സ്മിത്തിന്റെ ബാറ്റിംഗും മാസ്‌മര സ്പിന്നുമായി തിളങ്ങിയ നാഥാൻ ലിയോണിന്റ ബൗളിംഗുമാണ് ഒന്നാം ടെസ്റ്രിൽ ആസ്ട്രേലിയയ്ക്ക് ജയമൊരുക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെട്ട പരമ്പരയായതിനാൽ ആസ്ട്രേലി ആദ്യ ടെസ്റ്രിലൂടെ 24 പോയിന്റ് സ്വന്തമാക്കി.