കോഴിക്കോട്: സ്വന്തം വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബസമേതം അഭയം തേടിയ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് ലിനു രക്ഷാപ്രവർത്തനത്തിന് പോയത്. അത് ആ യുവാവിന്റെ ആത്മത്യാഗത്തിലേക്കുള്ള യാത്രയായി.
ലിനുവിന്റെ ജീവത്യാഗം സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായി. നടൻ മമ്മൂട്ടി ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ തീരാദുഃഖത്തിൽ പങ്കുചേർന്ന മമ്മൂട്ടി, എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും അമ്മയോട് പറഞ്ഞു.
കോഴിക്കോട് കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപം പൊന്നത്ത് ലിനുവും (34) സംഘവും ശനിയാഴ്ച രാവിലെയാണ് ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിന് പോയത്. യുവാക്കൾ രണ്ടു സംഘമായി രണ്ട് തോണികളിലാണ് പോയത്. ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു ഇരു സംഘവും കരുതി. തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളിൽ അന്വേഷിച്ചു. തുടർന്ന് അഗ്നിശമനസേനയുടെ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
ലിനുവിന്റെ അച്ഛൻ സുബ്രഹ്മണ്യൻ, അമ്മ പുഷ്‌പലത, സഹോദരന്മാരായ ലാലു, ലൈജു എന്നിവരും മറ്റ് ബന്ധുക്കളും ചെറുവണ്ണൂരിലെ ക്യാമ്പിൽ ഉണ്ട്. ചാലിയാർ കവിഞ്ഞൊഴുകി ആളുകൾ കുടുങ്ങിയതറിഞ്ഞ് ലിനുവും സംഘവും രക്ഷാദൗത്യവുമായി ഇറങ്ങുകയായിരുന്നു.
ഒരു ദിവസം നീണ്ട തെരച്ചിലിലാണ് വെള്ളക്കെട്ടിൽ നിന്ന് ലിനുവിന്റെ മൃതദേഹം കിട്ടിയത്. മെഡിക്കൽ കോളേജാശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മാതാപിതാക്കളും സഹോദരങ്ങളും കഴിയുന്ന ക്യാമ്പിലേക്കാണ് മൃതദേഹം എത്തിച്ചത്. ക്യാമ്പിലെ മരബെഞ്ചിൽ വിറങ്ങലിച്ചുകിടന്ന ലിനുവിനെ നോക്കി അമ്മ ഹൃദയം പൊട്ടിക്കരഞ്ഞു. പിന്നെ ബോധരഹിതയായി വീണു. ക്യാമ്പിലെ നാനൂറോളം പേരും കണ്ണീർവാർത്തു നിന്നു.
മന്ത്രിമാരും സിനിമാതാരങ്ങളുമടക്കം ഒട്ടേറെ പേർ ഫോണിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും ലിനുവിന് ആദരം അർപ്പിച്ചു.