കൊച്ചി: പ്രളയത്തിൽ വയറിംഗ് നശിച്ച വീടുകളെ സൗജന്യമായി സഹായിക്കുമെന്ന വാഗ്ദാനവുമായി വൈദ്യുതി വകുപ്പ് രംഗത്ത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കെ.എസ്.ഇ.ബി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഇതിനോടകം നിരവധി പേരുടെ വീടുകൾ വെള്ളം കയറിയും ചളി അടിഞ്ഞും നശിച്ചിട്ടുണ്ട്.
ഇവർ വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യം നിമിഷനേരം കൊണ്ടാണ് കണ്മുന്നിൽ നിന്നും മാഞ്ഞുപോയത്. അതുപോലെ തന്നെ നിരവധി വീടുകളുടെ വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്. കഴിഞ്ഞ വർഷം പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിച്ചവർ തന്നെ ഇക്കൊല്ലവും അതിനായി രംഗത്ത് വന്നിട്ടുണ്ട്. അതിനിടയിലാണ് കെ.എസ്.ഇ.ബിയും ജനങ്ങളെ സഹായിക്കാനായി എത്തുന്നത്.
പ്രളയത്തിൽ വെള്ളം കയറി വൈദ്യുതി കണക്ഷനുകൾ താറുമായ വീടുകളിലെ സിംഗിൾ പോയിന്റ് കണക്ഷനുകൾ പൂർണമായും സൗജന്യമായി ചെയ്തു നൽകുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. ഏതായാലും വെള്ളത്തിൽ സർവ്വതും ഒഴുകി പോയവർക്ക് കെ.എസ്.ഇ.ബിയുടെ ഈ തീരുമാനം ആശ്വാസമാകും എന്ന കാര്യത്തിൽ സംശയമില്ല.