ശ്രീനഗർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാശ്മീരിൽ ഇന്ത്യൻ പതാക ഉയർത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെ, അതിർത്തിയിൽ പാക് പോർവിമാനങ്ങൾ എത്തിയതായി ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. കാശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയെ സമീപിക്കാനുള്ള പാക് നീക്കം പൊളിഞ്ഞതിനു പിന്നാലെയാണ് പുതിയ നീക്കം.
ലഡാക്കിന് സമീപമുള്ള പാകിസ്ഥാന്റെ ഫോർവേഡ് ബേസായ സ്‌കർദുവിൽ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും പാകിസ്ഥാൻ വൻതോതിൽ വിന്യസിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ വിവരം നൽകിയതിന് പിന്നാലെ പാക് സൈനികനീക്കം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ചൈനീസ് സഹായത്തോടെ നിർമിച്ച ജെ.എഫ് 17 യുദ്ധവിമാനങ്ങളും വിന്യസിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്.
പാകിസ്ഥാന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതെങ്കിലും തെറ്റായ നീക്കമുണ്ടായാൽ നേരിടാൻ സൈന്യം സജ്ജമാണെന്നും കരസേനാ മേധാവി ബിപിൻ റാവത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'മുൻകരുതൽ നടപടിയെന്നോണം അതിർത്തിയിൽ ഇന്ത്യയും സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ ആശങ്കപ്പെടാനൊന്നുമില്ല. സാധാരണ നടപടിക്രമങ്ങളിലൊന്നാണിത്.' ബിപിൻ റാവത്ത് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കാശ്മീരിന്റെ പ്രത്യേക പദവി നീക്കിയ ഇന്ത്യൻ സർക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് പാകിസ്ഥാന്റെ സൈനിക നീക്കം.
ഇന്ത്യൻ അതിർത്തിക്ക് സമീപം ലഡാക്കിനോട് ചേർന്നു കിടക്കുന്ന സ്‌കർദു എയർബേയ്സിലേക്ക് പാക് വ്യോമസേനയുടെ സി 130 വിമാനങ്ങൾ ഉപയോഗിച്ചാണ് യുദ്ധോപകരണങ്ങൾ എത്തിക്കുന്നത്. പോർവിമാനങ്ങൾക്ക് ആവശ്യമായ പടക്കോപ്പുകൾ കൊണ്ടുപോകുന്ന തരത്തിലുള്ള വിമാനങ്ങളാണിവ.
എന്നാൽ തങ്ങളുടെ പടക്കോപ്പുകളും വിമാനങ്ങളും വച്ച് പാകിസ്ഥാൻ ഒരു വ്യോമാഭ്യാസത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിന്റെ ഒരുക്കം മാത്രമാണിതെന്നും പറയപ്പെടുന്നുണ്ട്. പാകിസ്ഥാന്റെ പ്രധാന വ്യോമതാവളമാണ് ലഡാക്കിനോട് ചേർന്ന് കിടക്കുന്ന സ്‌കർദു എയർ ബേസ്. മുൻപും യുദ്ധസമാനമായ സാഹചര്യം ഉണ്ടായിരുന്നപ്പോൾ ഇതേ വ്യോമതാവളത്തിൽ പാകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈന്യത്തെ എത്തിക്കും
അഫ്ഗാനിസ്ഥാനിൽ നിന്ന് സേനയെ പിൻവലിച്ച് ഇന്ത്യൻ അതിർത്തിയിൽ കൂടുതൽ സൈനികവിന്യാസം നടത്തുമെന്ന് യു.എസിലെ പാക് അംബാസഡർ അസാദ് മജീദ് ഖാൻ. അഫ്ഗാനിസ്ഥാൻ അതിർത്തിയെക്കാൾ ഇന്ത്യൻ അതിർത്തിയിൽ കൂടുതൽ സൈനികവിന്യാസം ആവശ്യമായി വന്നിരിക്കുകയാണെന്ന് അംബാസഡർ അസാദ് മജീദ് ഖാൻ രാജ്യാന്തര മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഈ നിലപാട് അമേരിക്കയെ കൂടുതൽ സമ്മർദ്ദത്തിലാക്കും. പാക് സൈന്യം കൂടി പിൻവാങ്ങുന്നത് മേഖലയിൽ താലിബാന്റെ ശക്തി വർദ്ധിപ്പിക്കും. കാശ്മീർ വിഷയത്തിൽ അമേരിക്കയെ സമ്മർദ്ദത്തിലാക്കാനും ഇതുവഴി പാകിസ്ഥാന് സാധിക്കും. ഇന്ത്യയുമായുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മജീദ് ഖാൻ പറഞ്ഞു. രണ്ട് വലിയ ആണവശക്തികൾ തമ്മിലുള്ള ബന്ധം വഷളായാൽ സംഭവിക്കാവുന്നത് എന്താണെന്ന് ഊഹിക്കാമല്ലോയെന്നും ഖാൻ ചോദിച്ചു.