ശ്രീനഗർ: കാശ്മീർ പ്രശ്നവുമായി യു.എൻ രക്ഷാസമിതിക്ക് മുന്നിലെത്തിയ പാകിസ്ഥാന് തിരിച്ചടി. പാകിസ്ഥാനും ഇന്ത്യയും ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് രക്ഷാസമിതി അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ട് നിർദ്ദേശിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രൂക്ഷമായ നയതന്ത്ര സംഘർഷത്തിൽ ഇതാദ്യമായാണ് പോളണ്ട് പ്രതികരിച്ചത്.
കാശ്മീരിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കിയതിൽ, പ്രത്യേകിച്ച് ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയതിൽ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈന വലിയ അമർഷം പ്രകടിപ്പിച്ചിരുന്നു. അതേസമയം ഭരണഘടനാനുസൃതമായ നടപടിയാണ് ഇന്ത്യ കാശ്മീരിൽ സ്വകരിച്ചത് എന്നാണ് രക്ഷാസമിതിയിലെ മറ്റൊരു സ്ഥിരാംഗമായ റഷ്യയുടെ വാദം. എല്ലാ മാസവും രക്ഷാസമിതി അദ്ധ്യക്ഷ പദവി മാറും. ഈ മാസം പോളണ്ട് ആണ് രക്ഷാസമിതി അദ്ധ്യക്ഷ പദവി വഹിക്കുന്നത്.