കൊൽക്കത്ത: ഹിന്ദു പാകിസ്ഥാൻ പരാമർശനം നടത്തിയതിനെ തുടർന്ന് കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. കൽക്കട്ട മെട്രോപ്പൊലീറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വിവാദ പരാമർശത്തെ തുടർന്ന് അഭിഭാഷകനായ സൂമീത് ചൗധരി നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണിത്. മതവികാരം വ്രണപ്പെടുത്തിയെന്നു കേസിൽ പറയുന്നത്.
കഴിഞ്ഞ ജൂലായിൽ ശശി തരൂർ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. 2019–ൽ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചാൽ അവർ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കി മാറ്റുമെന്നുമായിരുന്നു ശശി തരൂർ പറഞ്ഞത്. ഇതിനെതിരെ ബി.ജെ.രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കോടതിയിൽ ഹാജരാകാൻ തരൂരിനോടു നിർദേശിച്ചിരുന്നു. എന്നാൽ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു തരൂർ വ്യക്തമാക്കിയത്.
ബി.ജെ.പി ഇനിയും അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഹിന്ദു പാകിസ്ഥാൻ രൂപീകരിക്കുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയായിരുന്നു തരൂർ. ഇന്ത്യ ഇന്നത്തെപ്പോലെ നിലനിൽക്കുന്നതിനാവശ്യമായ ഘടകങ്ങളിലെല്ലാം മാറ്റം വരുത്തും. അങ്ങനെയെഴുതുന്ന ഭരണഘടന ഹിന്ദുരാഷ്ട്ര തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കും. ന്യൂനപക്ഷങ്ങൾക്കു കൽപ്പിക്കപ്പെടുന്ന സമത്വം എടുത്തുകളയും. മഹാത്മാഗാന്ധിയും ജവാഹർലാൽ നെഹ്റുവും സർദാർ വല്ലഭായി പട്ടേലും മൗലാന ആസാദും വിഭാവനം ചെയ്ത ഇന്ത്യയാകില്ല അതെന്നും ശശി തരൂർ പറഞ്ഞു.