കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില ഇന്നലെ പുതിയ ഉയരത്തിലേക്ക് കുതിച്ചുകയറി. അന്താരാഷ്‌ട്ര വില ഔൺസിന് ആറുവർഷത്തെ ഉയരമായ 1,505 ഡോളറിലേക്ക് ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് വർദ്ധിച്ചതുമാണ് സ്വർണവിലയുടെ റെക്കാഡ് കുതിപ്പിന് കാരണം.
പവന് 320 രൂപ വർദ്ധിച്ച് ഇന്നലെ 27,800 രൂപയായി. ഗ്രാമിന് 40 രൂപ ഉയർന്ന് വില 3,475 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. ജി.എസ്.ടിയും പണിക്കൂലിയും പ്രളയ സെസും ചേരുമ്പോൾ ഒരുപവൻ വാങ്ങാൻ കുറഞ്ഞത് 31,000 രൂപ നൽകേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈമാസം മാത്രം ഇതുവരെ ഗ്രാം വിലയിൽ 265 രൂപയും പവന് 2,120 രൂപയുമാണ് കൂടിയത്. 2019ൽ ഇതുവരെ പവന് 4,360 രൂപ വർദ്ധിച്ചു. ഗ്രാമിന് 545 രൂപയും ഉയർന്നു.