ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം ജൂലായിൽ 3.15 ശതമാനമായി കുറഞ്ഞു. റിസർവ് ബാങ്കിന്റെ അടുത്ത ധനനയ നിർണയ യോഗത്തിലും പലിശനിരക്കുകൾ കുറയ്‌ക്കാൻ അനുകൂലമായ ഘടകമാണിത്. ജൂണിൽ 3.18 ശതമാനമായിരുന്നു നാണയപ്പെരുപ്പം. ഇത്, നാല് ശതമാനത്തിൽ താഴെ തുടരുന്നത് ആശ്വാസകരമാണ് എന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്.
എന്നാൽ, ഭക്ഷ്യവിലപ്പെരുപ്പം കൂടുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ജൂണിലെ 2.25 ശതമാനത്തിൽ നിന്ന് 2.36 ശതമാനമായാണ് ജൂലായിൽ ഭക്ഷ്യവിലപ്പെരുപ്പം ഉയർന്നത്. പച്ചക്കറി വിലനിലവാരം 4.66 ശതമാനത്തിൽ നിന്ന് 2.82 ശതമാനത്തിലേക്ക് താഴ്‌ന്നു. ധാന്യവില 5.68 ശതമാനത്തിൽ നിന്ന് 6.82 ശതമാനമായി വർദ്ധിച്ചു. പഴവർഗങ്ങൾ, ഇന്ധനം, മത്സ്യം, മാംസം എന്നിവയുടെ വിലനിലവാരം കുറഞ്ഞു.