ഇസ്ലാമബാദ്: കാശ്മീർ വിഷയത്തിൽ ഇന്തോനേഷ്യയോട് സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ടെലിഫോൺ വഴിയാണ് ഇമ്രാൻ ഖാൻ ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയോട് സഹായം അഭ്യർത്ഥിച്ചത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തിൽ കാശ്മീരികൾ കൊല്ലപ്പെടാൻ സാദ്ധ്യത ഉണ്ടെന്നും, അവർ ഗുരുതരമായ അപകടത്തിലാണെന്നും ഇമ്രാൻ ഖാൻ വിദോദോയോട് പറഞ്ഞു. ഈ അവസരത്തിൽ സഹായിക്കേണ്ടത് ലോകത്തെ വിവിധ രാഷ്ട്രങ്ങളുടെ കടമയാണെന്നും ഇമ്രാൻ ഖാൻ വിദോദോയെ അറിയിച്ചു.
നേരത്തെ യു.കെ, മലേഷ്യ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെയും, തുർക്കി പ്രസിഡന്റിനെയും, സൗദി രാജകുമാരനെയും. ബഹ്‌റൈൻ രാജാവിനെയും ഇതേ ആവശ്യം പറഞ്ഞുകൊണ്ട് ഇമ്രാൻ ഖാൻ സമീപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നൽകി പോന്നിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370യും, 35എയും ഇന്ത്യ എടുത്ത് മാറ്റുന്നത്. തുടർന്ന് ഈ പ്രദേശത്തെ ജമ്മു കാശ്മീർ, ലഡാക്ക് എന്നിങ്ങനെ തിരിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയായിരുന്നു. ഇതിനെ തുടർന്ന് പാകിസ്ഥാൻ തങ്ങളുടെ എതിർപ്പ് അറിയിക്കുകയും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു.