മുംബയ്: രാഹുൽ ദ്രാവിഡിന് ഭിന്ന താത്‌പര്യമില്ലെന്ന് ബി.സി.സി.ഐയുടെ ഇടക്കാല ഭരണ സമിതിയായ കമ്മിറ്രി ഒഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ലഫ്. ജനറൽ രവി തൊഗ്ഡെ വ്യക്തമാക്കി. അതിനാൽ അദ്ദേഹത്തെ ദേശീയ ക്രിക്കറ്ര് അക്കാഡമിയുടെ മേധാവിയായി നിയമിച്ച നടപടിക്ക് ബി.സി.സി.ഐയുടെ ഇടക്കാല ഭരണ സമിതി അംഗീകാരം നൽകി. ഇനി പന്ത് ബി.സി.സി.ഐ ഓംബുഡ്‌സ്‌മാനും എത്തിക്സ് ഓഫീസറുമായ റിട്ട. ജസ്റ്റിസ് ഡി.കെ. ജയിനിന്റെ കോർട്ടിലാണെന്നും തോഗ്‌ഡെ പറഞ്ഞു. ജയ്നാണ് ദ്രാവിഡിന് നോട്ടീസ് നൽകിയത്. ദേശീയ ക്രിക്കറ്ര് അക്കാഡമി തലവനായി നിയമിതനായ ദ്രാവിഡ് ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഉടമകളായ ഇന്ത്യ സിമന്റ്സിൽ വൈസ് പ്രസിഡന്റ് പദവി വഹിക്കുന്നതിനാലാണ് അദ്ദേഹത്തിനെതിരെ ഭിന്നതാത്പര്യ വിവാദം ഉണ്ടായത്. മദ്ധ്യപ്രദേശ് ക്രിക്കറ്ര് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്ത ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ഡി.കെ. ജയിൻ ദ്രാവിഡിനോട് വിശദീകരണം തേടിയത്.
ആഗസ്റ്റ് 16നകം വിശദീകരണം നൽകണമെന്നാണ് ജയിൻ ദ്രാവിഡിനോട് ആവശ്യപ്പെട്ടത്. ദ്രാവിഡിനോട് വിശദീകരണം ആവശ്യപ്പെട്ടതിനെതിരെ സൗരവ് ഗാംഗുലി ഉൾപ്പെടയുള്ളവർ രംഗത്തെത്തിയിരുന്നു. ഭിന്ന താത്പര്യങ്ങൾ ഒന്നും ദ്രാവിഡിന്റെ കാര്യത്തിൽ കണ്ടെത്താനായില്ലെന്നും നിയമനത്തിലുള്ള തടസങ്ങൾ തങ്ങൾ നീക്കം ചെയ്തെന്നുമാണ് ഇടക്കാല ഭരണസമിതിയുടെ നിലപാട്.
ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ മേധാവിയായി നിയമിക്കുമ്പോൾ ഇന്ത്യ സിമന്റ്‌സിലെ ജോലി രാജിവയ്ക്കുകയോ അവധിയിൽ പ്രവേശിക്കുകയോ വേണമെന്നായിരുന്നു ഇടക്കാല ഭരണ സമിതി ആവശ്യപ്പെട്ടത്. ജോലി രാജിവയ്ക്കുന്നതിന് പകരം ദ്രാവിഡ് ശബളമില്ലാത്ത അവധിയിൽ പ്രവേശിക്കുകയാണുണ്ടായത്.