തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ ഇന്നലെ നാല് മൃതദേഹങ്ങൾ കൂടി മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തു. ഇതോടെ കവളപ്പാറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളുടെ എണ്ണം 23 ആയി.
ബന്ധുക്കൾ നൽകിയ വിവരമനുസരിച്ച് ഇനി 36 പേരെക്കൂടി കണ്ടെത്താനുണ്ട്. കവളപ്പാറയിൽ കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒന്ന് ഫക്കീന എന്ന സ്ത്രീയുടേതാണ്. മറ്റ് മൂന്നെണ്ണം തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചാം ദിവസവും തെരച്ചിൽ തുടരുന്ന വയനാട്ടിലെ പുത്തുമലയിൽ നിന്ന് ഏഴ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതുവരെ എട്ട് പേരുടെ മൃതദേഹങ്ങൾ പുത്തുമലയിൽ നിന്ന് കണ്ടെടുത്തു. മലപ്പുറം, വയനാട് ജില്ലകളിൽ നിന്ന് 43 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തൃശൂരിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ചാലക്കുടിയിൽ കെട്ടിടത്തിന്റെ ഭാഗം അടർന്ന് വീണ് നിർമാണത്തൊഴിലാളിയും മരിച്ചു. കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെയുള്ള മരണസംഖ്യ 89 ആയി. വയനാട്ടിലെയും മലപ്പുറത്തെയും ദുരിതബാധിത പ്രദേശങ്ങൾ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തൃശൂർ വെങ്കിടങ്ങ് കണ്ണോത്ത് ഭാഗത്ത് കുളിക്കാനിറങ്ങുമ്പോൾ ഒഴുക്കിൽപ്പെട്ട് പുളിക്കൽ സ്വദേശി റസിയയാണ് മരിച്ചത്. തൃശൂർ ചാലക്കുടി കോടാലി നിലംപതിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഒരു ഭാഗം തകർന്നുവീണാണ് നിർമാണ തൊഴിലാളിയായ കുറ്റിച്ചിറ വെളുത്തായി മരത്താൻ മകൻ സത്യാനന്ദൻ (39) മരിച്ചത്. വീട്ടുടമ മങ്ങിണിശേരി ജോർജിന് ഗുരുതരമായി പരിക്കേറ്റു. ക്യാമ്പുകളുടെ എണ്ണം കുറഞ്ഞു. നിലവിൽ 1243 ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. 68,098 കുടുംബങ്ങളിൽ നിന്നുള്ള 2,24,506 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. 1057 വീടുകൾ പൂർണമായും 11,142 വീടുകൾ ഭാഗികമായും തകർന്നു. എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ മഴ അത്ര ശക്തമായിരുന്നില്ല.