snidjer

ആംസ്റ്രർഡാം: ഡച്ച് ഇതിഹാസ താരം വെസ്ലി സ്നൈഡർ പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ അന്താരാഷ്ട്ര ഫു്ടബാളിൽ നിന്ന് വിരമിച്ച സ്‌നൈഡർ കഴിഞ്ഞ ദിവസമാണ് പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിടപറയുകയാണെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഖത്തർ ക്ലബായ അൽ ഖരാഫയുടെ താരമായിരുന്ന സ്നൈഡറുടെ കരാർ കഴിഞ്ഞ ജൂലായിൽ അവസാനിച്ചിരുന്നു. ഇതോടെ 17 വർഷം നീണ്ട സ്‌നൈഡറുടെ പ്രൊഫഷണൽ ഫുട്ബാൾ കരിയറിനാണ് തിരശീല വീഴുന്നത്. വിഖ്യാത ഡച്ച് ക്ലബ് അയാക്സിന്റെ യൂത്ത് അക്കാഡമിയിലൂടെ പ്രൊഫഷണൽ ഫുട്ബാൾ കരിയർ ആരംഭിച്ച സ്നൈഡർ 2002ൽ അവരുടെ സീനിയർ ടീമിൽ അരങ്ങേറി.തുടർന്ന് റയൽ മാഡ്രിഡ്, ഇന്റർ മിലാൻ, ഗലത്‌സരെ, നൈസ് എന്നീ പ്രമുഖ ക്ലബുകൾക്കായി ബൂട്ട് കെട്ടി. ക്ലബ് കരിയറിലാകെ 405 മത്സരങ്ങളിൽ നിന്നായി 117 ഗോളുകൾ നേടി.

2010ൽ ഹോളണ്ടിനെ ലോകകപ്പിലെത്തുക്കന്നതിൽ നിർണായക പങ്ക് വഹിച്ചതാരമാണ് സ്നൈഡർ. ആ ലോകകപ്പിലെ ഏറ്രവും മികച്ച രണ്ടാമത്തെ താരമായും ഈ അറ്രാക്കിംഗ് മിഡ്ഫീൽഡറെ തിരഞ്ഞെടുത്തിരുന്നു. സ്നൈഡർക്ക് ആ വർഷം ബൗലൺ ഡി ഓർ പുരസ്കാരം ലഭിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഹോളണ്ടിനായി ഏറ്രുവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കാഡും സ്‌നൈഡറുടെ പേരിലാണ്. ഹോളണ്ടിനായി 134 മത്സരങ്ങളിൽ നിന്നായി 31 ഗോളുകൾ നേടി. റയലിനൊപ്പം ലാലിഗ കിരീടം നേടിയ സ്നൈഡർ 2009-2010 സീസണിൽ ഇന്റർ മിലാനൊപ്പം ചാമ്പ്യൻസ് ലീഗ്, സിരിഎ, കോപ്പ ഇറ്രാലിയ കിരീടങ്ങളും സ്വന്തമാക്കി.