കൊല്ലം: സുനാമി ഉണ്ടാകുമെന്ന് വ്യാജപ്രചരണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ. കൊല്ലം ജില്ലാ കളക്ടർ ബി. അബ്‌ദുൾ നാസർ ഐ.എ.എസ് ആണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ഈ വിവരം അറിയിച്ചത്. സർക്കാർ അറിയിപ്പെന്ന രീതിയിലാണ് കൊല്ലത്ത് സുനാമി ഉണ്ടാകുമെന്ന പ്രചാരണം ഏതാനും ചിലർ സോഷ്യൽ മീഡിയ വഴി നടത്തിയത്.
ഫേസ്ബുക്ക് വാട്സാപ്പ് എന്നീ മാദ്ധ്യമങ്ങൾ വഴിയാണ് ഇത്തരത്തിലുള്ള വ്യാജപ്രചരണം നടക്കുന്നത്. പബ്ലിക് റിലേഷൻസ് വകുപ്പും ഫിഷറീസ് വകുപ്പുമാണ് സുനാമി മുന്നറിയിപ്പ് നൽകിയതെന്നും ഈ വ്യാജസന്ദേശങ്ങളിൽ പറയുന്നു. പ്രളയകാലത്ത് നടക്കുന്ന ദുരിതാശ്വാസ പ്രചാരണങ്ങൾക്ക് തുരങ്കം വയ്ക്കാൻ ഏതാനും ചിലർ ശ്രമിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും എന്നും കളക്ടർ തന്റെ പോസ്റ്റിൽ പറയുന്നു.
കൊല്ലം പി .ആർ.ഡിയുടെ പോസ്റ്റും കളക്ടർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കൃത്യമായ നടപടിയെടുക്കാൻ പൊലീസിന് താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.