ഷാർജ: കേരളത്തിൽ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കെെത്താങ്ങായി നിരവധി പേരാണ് മുന്നിട്ടിറങ്ങിയിട്ടുള്ളത്. തന്റെ കടയിലെ വസ്ത്രങ്ങൾ നൽകിയ നൗഷാദും ബെെക്ക് വിറ്ര പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വായ ഫണ്ടിലേക്ക് നൽകിയ യുവാവുമൊക്കെ ഇതിന്റെ മാതൃകകളാണ്. എന്നാൽ ഇപ്പോൾ ഷാർജയിൽ നിന്നുള്ള ഒരു കൊച്ചു മിടുക്കിയുടെ നന്മയാണ് ദുരിതാശ്വാസ പ്രവർത്തനത്തിന് ഉൗർജം നൽകിയിരിക്കുന്നത്.
മലയാളി കൂട്ടായ്മയുടെ സ്നേഹസ്പർശം ക്യാമ്പിലെത്തിയ ദിയ ഖദീജ എന്ന ആറുവയസുകാരി തനിക്ക് മിഠായിയും കളിപ്പാട്ടവും വാങ്ങിക്കാൻ സൂക്ഷിച്ചുവച്ചിരുന്ന നാണയത്തുട്ട് മുഴുവനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെെമാറി. മാതാപിതാക്കളോടൊപ്പം ക്യാമ്പിലെത്തിയ ദിയ തന്റെ സ്നേഹസമ്മാനം കെെമാറുകയായിരുന്നു. ഷാർജ ജെംസ് മില്ലിനിയം സ്കൂളിൽ കെജി 2വിലാണ് ദിയ ഖദീജ പഠിക്കുന്നത്.
ഫുആദ് ജബൽ അലിയിലെ സ്വകാര്യ കമ്പനിയിലാണ് ദിയയുടെ പിതാവ് ജോലി ചെയ്യുന്നത്. കഴിഞ്ഞ പ്രാവശ്യം ദിയ ഇതുപോലെ ക്യാമ്പിലെത്തി കുട്ടികൾക്കുള്ള അവശ്യ വസ്തുക്കൾ സംഭാവന ചെയ്തിരുന്നു. മാതാപിതാക്കളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കണ്ട ദിയ തന്റെ കളിക്കുടുക്കയുമായി മുന്നോട്ടുവരികയായിരുന്നുവെന്ന് മാതാവ് സുമയ്യ പറഞ്ഞു.