ഇന്ത്യ - വിൻഡീസ് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനം ഇന്ന്
പോർട്ട് ഒഫ് സ്പെയിൻ: ഇന്ത്യയും വെസ്റ്രിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. പോർട്ട് ഒഫ് സ്പെയിനിൽ രാത്രി 7 മുതലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ മഴ നിയമ പ്രകാരം വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ പോലും ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകില്ല. ഏകദിന പരമ്പരയ്ക്ക് മുമ്പ് നടന്ന ട്വന്റി-20 പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു. മറുവശത്ത് ഇന്ത്യയുടെ പര്യടനത്തിൽ ഒരു മത്സരം പോലും ജയിക്കാനാകാത്ത വെസ്റ്രിൻഡീസ് ഇന്നത്തെ മത്സരം ജയിച്ച് മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നത്.
ഗെയ്ലാടുമോ
ഇതിഹാസ താരം ക്രിസ് ഗെയ്ലിന്റെ അവസാന അന്താരാഷ്ട്ര മത്സരമാകും ഇതെന്ന് റിപ്പോർട്ടുകളുണ്ട്. ലോകകപ്പോടെ വിരമിക്കുമെന്ന് ഗെയ്ൽ നേരത്തേ അറിയിച്ചിരുന്നെങ്കിലും ഇന്ത്യയുടെ വെസ്റ്രിൻഡീസ് പര്യടനം വരെ പിന്നീട് വിരമിക്കൽ തീരുമാനം നീട്ടുകയായിരുന്നു. നാട്ടിൽ ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന ഒരു ടെസ്റ്ര് മത്സരത്തിലെങ്കിലും കളിച്ചശേഷം വിരമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗെയ്ൽ നേരത്തേ വെളിപ്പടുത്തിയിരുന്നെങ്കിലും സെലക്ടർമാർഅത് ചെവിക്കൊണ്ടില്ല. ഇന്ത്യയ്ക്കെതിരായ രണ്ട് ടെസ്റ്ര് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ സെലക്ടർമാർ ഗെയ്ലിനെ ഒഴിവാക്കി.
ധവാന്റെ ഫോം
വിൻഡീസിൽ തുടർച്ചയായ അഞ്ചാം ജയവുമായി വിജയ ഗാഥ തുടരുന്ന ഇന്ത്യയ്ക്ക് ഓപ്പണർ ശിഖർ ധവാന്റെ ഫോമാണ് ഏറ്രവും വലിയ തലവേദന. ലോകകപ്പിനിടെ പരിക്ക് മൂലം ടീമിന് പുറത്തായ ധവാൻ വിൻഡീസിനെതിരെ ട്വന്റി-20 മത്സരങ്ങളിൽ 1, 23, 3 എന്നിങ്ങനെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. രണ്ടാം ഏകദിനത്തിലും വെറും രണ്ട് റൺസ് മാത്രമെടുത്ത് ആദ്യ ഓവറിൽ തന്നെ പുറത്തായി.
ടെസ്റ്ര് ടീമിൽ ഇല്ലാത്ത ധവാന് യുവതാരങ്ങൾ അവസരം കാത്ത് പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ടീമിലെ സ്ഥാനം ഭാവിയിൽ നിലനിറുത്താനാകൂ. തലവേദനായ ബാറ്രിംഗ് ഓർഡറിലെ നാലാം നമ്പറിൽ റിഷഭ് പന്തിന് പകരം ശ്രേയസ് അയ്യരെ പരീക്ഷിച്ചേക്കും. മികച്ച ഫോമിലുള്ള അയ്യർ കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. പന്തിനെ ധോണിയെപ്പോലെ ഫിനിഷറുടെ റോളിലേക്ക് മാറ്റി അയ്യർക്ക് ബാറ്രിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകണമെന്ന് ഗാവസ്കർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഭുവനേശ്വർ കുമാറിന്റെ നേതൃത്വത്തിൽ ബൗളിംഗ് നിര മികച്ച രീതിയിൽ പന്തെറിയുന്നത് ഇന്ത്യയ്ക്ക് ആത്മ വിശ്വാസം നൽകുന്നു. പരമ്പര വിജയം നിർണയിക്കുന്ന മത്സരമായതിനാൽ അവസാന ഇലനവനിൽ മാറ്രങ്ങൾ ഉണ്ടായേക്കില്ലെന്നാണ് സൂചന.
സാധ്യതാ ടീം: രോഹിത്, ധവാൻ, കൊഹ്ലി, പന്ത്, ശ്രേയസ്, കേദാർ,ജഡേജ,ഭുവനേശ്വർ,ഷമി, ഖലീൽ, കുൽദീപ്.
ജയിക്കാൻ വിൻഡീസ്
മറുവശത്ത് ബാറ്രിംഗിലും ബൗളിംഗിലും നിറം മങ്ങിയ വിൻഡീസ് ടെസ്റ്ര് പരമ്പരയ്ക്ക് മുമ്പൊരു തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ്സ്കോരറായ എവിൻ ലൂയിസ് പരിക്കിന്റെ പിടിയിൽ അകപ്പെട്ടെങ്കിലും ഫിറ്ര്നസ് നേടിയെടുത്തു കഴിഞ്ഞു. ഓഷേൻ തോമസിന് പകരം ഫാബിയൻ അലൻ വിൻഡീസ് നിരയിൽ കളിച്ചേക്കും. വിരമിക്കലിന്റെ വക്കിൽ നിൽക്കുന്ന ക്രിസ് ഗെയ്ൽ ഇന്ന് ഫോമിലേക്ക് തിരിച്ചെത്തിയാൽ വിൻഡീസിന് കാര്യങ്ങൾ അനുകൂലമാകും.
സാധ്യതാ ടീം: ഗെയ്ൽ, ലൂയിസ്, ഹെറ്റ്മേയർ, പൂരൻ, ഹോപ്പ്, ചേസ്, ഹോൾഡർ,ബ്രാത്ത്വെയ്റ്ര്, അലൻ, റോച്ച്, കോട്ട്റൽ.