oman

തിരുവനന്തപുരം: സന്ദർശക വിസയിൽ ജോലി ലഭിക്കുമെന്ന വാഗ്‌ദാനത്തിൽ വഞ്ചിതരാകുന്നവരുടെ എണ്ണം വർധിച്ച് വരികയാണെന്ന് നോർക്ക റൂട്ട്സ് സ്ഥാപനം അറിയിച്ചു. ഗൾഫ് മലയാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമാണ് നോർക്ക റൂട്ട്സ്. കുടുംബ വിസ മുഖേനയോ ടൂറിസ്റ്റ് വിസ ഉപയോഗിച്ചോ ഒമാനിലെത്തുന്ന മലയാളികൾക്ക്, ജോലി ചെയ്ത ശമ്പളം ലഭിക്കാതെ വരുന്ന സംഭവങ്ങൾ ഇപ്പോൾ അടിക്കടി ഉണ്ടാകുന്നുണ്ടെന്നും നോർക്ക അറിയിച്ചു. ഇവരിൽ പലരും നിർമാണ തൊഴിലിലും മറ്റും ഏർപ്പെടുന്നവരാണ്. സന്ദർശക വിസ വഴി ജോലി ലഭിക്കില്ലെന്ന കാര്യം മറച്ചുവച്ചുകൊണ്ടാണ് ട്രാവൽ ഏജൻസികൾ ഈ തട്ടിപ്പ് നടത്തുന്നതെന്ന് നോർക്ക അധികൃതർ പറയുന്നു.

ഇതിനായി ട്രാവൽ ഏജൻസികൾ കൈപ്പറ്റുന്നത് ലക്ഷക്കണക്കിന് രൂപയാണ്.ഏതാനും ആഴ്ചകൾക്കോ, ഒരു മാസത്തേക്കോ ആയി ലഭിക്കുന്ന സന്ദർശക വിസയുടെ കാലാവധി അവസാനിച്ച് കഴിഞ്ഞാൽ 10 ഒമാനി റിയാൽ(1800 രൂപ) ആണ് ഓരോ ദിവസവും പിഴയായി നൽകേണ്ടി വരിക. ഇങ്ങനെ ഇവിടേക്കെത്തുന്ന പലരും പണവും പാസ്പ്പോർട്ടും ഇല്ലാതെ തലചായ്ക്കാൻ സ്ഥലമില്ലാതെ പൊതു പാർക്കിലും ബസ്റ്റോപ്പിലും മറ്റും കിടക്കേണ്ടി വരാറുണ്ട്. ഈ സംഭവങ്ങൾ രൂക്ഷമായതിനാൽ ഇങ്ങനെ ഗൾഫിലേക്കും ഒമാനിലേക്കും സന്ദർശക വിസയിൽ പോകാൻ പാടില്ലെന്നും വഞ്ചിതരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.